വിശുദ്ധമായ മൂറോൻ കൂദാശ നടത്തി

കോട്ടയം അതിരൂപതയിലെ വൈദികരുടെ വാർഷിക ധ്യാനവേളയിൽ
അതിരൂപതാ മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് തൂവാനിസാ ധ്യാനകേന്ദ്രം
ചാപ്പലിൽവച്ച് വിശുദ്ധ മൂറോൻ കൂദാശ നടത്തി.

അതിരൂപതാ മെത്രാപ്പോലീത്തയോടൊത്തുള്ള വൈദികരുടെ കൂട്ടായ്മയുടെയും
ഐക്യത്തിന്റെയും പ്രതീകം കൂടിയായാണ് വൈദികരുടെ സാന്നിധ്യത്തിലുള്ള മൂറോൻ കൂദാശ.

മൂറോൻ എന്ന പദം ബൈസെന്റൈൻ പാരമ്പര്യത്തിൽ നിന്ന്  ഉടലെടുത്തതാണെങ്കിലും പൗരസ്ത്യ സുറിയാനി സഭകളിലെല്ലാം ഉപയോഗിക്കുന്ന പദമാണ്. വിശുദ്ധതൈലം എന്നാണ് ഇത് അർഥമാക്കുന്നത്. ഓരോ പാരമ്പര്യത്തിലും ഈ കർമ്മത്തിന് പ്രത്യേക ഒരുക്കവും തൈലം തയ്യാറാക്കുന്നതിനുതന്നെ പ്രത്യേക രീതിയുമുണ്ട്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഒലിവെണ്ണയാണ് മൂറോൻ കൂദാശയ്ക്ക് ഉപയോഗിക്കുന്നത്.

മൂറോനും മൂറോൻ കൂദാശയും വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള ഒരു അനുഷ്ഠാനമാണ്. പഴയനിയമത്തിൽ പുരോഹിതശ്രേഷ്ഠരെയും രാജാക്കന്മാരെയും അഭിഷേകം ചെയ്യുന്നത് മൂറോൻ പൂശിയാണ്. ദൈവസാന്നിധ്യമാണ് ഇതുകൊണ്ട് വ്യക്തമാക്കിയിരുന്നത്.

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ മൂറോൻ, ‘അഭിഷേകതൈലം’ എന്നാണ് മലയാളത്തിൽ പറയുന്നത്. പരിശുദ്ധ റൂഹായുടെ പ്രതീകവും വാഹനവുമാണ് വിശുദ്ധതൈലം. മെത്രാന് മാത്രമാണ് തൈലം കൂദാശ ചെയ്യാൻ അവകാശമുള്ളത്. മെത്രാൻ ഒരു തൈലം മാത്രമാണ് കൂദാശ ചെയ്യുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം പ്രദാനം ചെയ്യുന്ന ഈ തൈലം മറ്റു തൈലത്തോടു ചേർത്താണ് വൈദികർ കൂദാശകൾ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group