യുക്രെയ്നിൽ സോവിയറ്റ് ഭരണകൂടത്തിന്റെ ഭീകരതയിൽ രക്തസാക്ഷികളായ വിശുദ്ധർ

ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരെ പരിചയപ്പെടാം..

* വാഴ്ത്തപ്പെട്ട ലോറന്റിയ ഹരാസിമിവ്

യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു സന്യാസിനിയായിരുന്നുലോറന്റിയ (1911- 1952). 1931-ൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് എന്ന സന്യാസ സഭയിൽ പ്രവേശിച്ച അവൾ 1933-ൽ പ്രഥമ വ്രതവാഗ്ദാനം നടത്തി. കത്തോലിക്കാ വിശ്വാസം തള്ളിപ്പറയാത്തതിനാൽ സോവിയറ്റു ഭരണകൂടം ലോറന്റിയെ 1951-ൽ അറസ്റ്റു ചെയ്ത് ബോറിസ്ലാവിലേക്ക് അയച്ചു, പിന്നീട് സൈബീരിയയിലെ ടോംസ്‌കിലേക്ക് നാടുകടത്തി. അവൾക്ക് ക്ഷയരോഗം പിടിപെടുകയും,1952 ജൂൺ 30-ന് മരണമടയുകയും ചെയ്തു. കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ കൊല്ലപ്പെട്ട രക്തസാക്ഷികളിൽ ഒരാളായി സി. ലോറന്റിയെ ആദരിക്കുന്നു .2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺ പോൾ രണ്ടാമർ പാപ്പ ലോറന്റിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

*വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കി

യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും മെത്രാനുമായിരുന്നു വാസിൽ വെലിച്കോവ്സ്കി. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിലെ സ്റ്റാനിസ്ലാവിൽ 1903 ലാണ് വെലിച്കോവ്സ്കി ജനിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മാസിൽ 1920-ൽ ലിവിവിലുള്ള സെമിനാരിയിൽ ചേർന്നു. 1925-ൽ ദിവ്യരക്ഷക സഭയിൽ (റിഡംപ്‌റ്ററിസ്റ്റു സഭ ) വ്രതവാഗ്ദാനം നടത്തുകയും പിന്നീടു വൈദികനായി. ഒരു സന്യാസി വൈദികൻ എന്ന നിലയിൽ വാസിൽ വെലിച്കോവ്സ്കി വോളിനിൽ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തു. 1942-ൽ അദ്ദേഹം ടെർനോപിൽ ആശ്രമത്തിന്റെ മഠാധിപതിയായി. കമ്മ്യൂണിസ്റ്റ് സോവിയറ്റ് ഭരണകൂടം 1945-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കീവിൽ തടവിലാക്കുകയും ചെയ്തു. വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് 10 വർഷത്തെ കഠിന തടവായി അതു കുറച്ചു.1955-ൽ ജയിൽ മോചിതനായ വാസിൽ ലിവിവിലേക്ക് മടങ്ങുകയും, 1963-ൽ മെത്രാനായി നിയമിതനാവുകയും ചെയ്തു. 1969-ൽ മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ വീണ്ടും മൂന്ന് വർഷം തടവിലാക്കപ്പെട്ടു. 1972-ൽ മോചിതനായ അദ്ദേഹം സോവിയറ്റ് യൂണിയൻ്റെ പുറത്ത് നാടുകടത്തപ്പെട്ടു. 1973 ജൂൺ 30-ന് എഴുപതാം വയസ്സിൽ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിൽ അദ്ദേഹം മരണമടഞ്ഞു. ജയിൽവാസത്തിനിടയിൽ നേരിടേണ്ടി വന്ന ക്രൂര മർദ്ദനങ്ങളായിരുന്നു മരണകാരണം . മരണത്തിനു മുപ്പതു വർഷങ്ങൾക്കു ശേഷം, വാസിൽ വെലിച്കോവ്സ്കിയുടെ മൃതശരീരം കേടുകൂടാതെ കണ്ടെത്തി 2001-ൽ വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കിയുടെ ഭൗതീകാവശിഷ്ടങ്ങൾ കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിലുള്ള സെന്റ് ജോസഫ്സ് ഉക്രേനിയൻ കത്തോലിക്കാ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

* വാഴ്ത്തപ്പെട്ട മൈക്കോള കോൺറാഡ്

പ്രൊഫസറും പുരോഹിതനും ആറു മക്കളുടെ പിതാവുമായിരുന്നു യുക്രെയ്ൻ ഗ്രീക്കു കത്തോലിക്കാ സഭാംഗമായിരുന്ന ഫാ . മൈക്കോള കോൺറാഡ് . റോമിലായിരുന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠനം. 1899-ൽ വൈദീകനായി. 1930-ൽ തിയോളജിക്കൽ അക്കാദമിയിൽ അധ്യാപകനായി . സോവിയേറ്റു യൂണിയൻ്റെ സൈന്യം ലീവിലെത്തിയപ്പോൾ ആ നഗരം വിട്ടൊഴിയാൻ മൈക്കോളയും കുടുംബവും നിർബദ്ധിതരായി. വൈദീകരൊന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോകല്ലേ എന്ന രോദനത്തിൽ ആ ഗ്രാമത്തിൽ തങ്ങുവാൻ മൈക്കോള തീരുമാനിച്ചു. അങ്ങനെയാണ് മൈക്കോളയും ആരാധനാക്രമ സംഗീതജ്ഞൻ വോളോഡിമയറും പരിചയപ്പെടുന്നത്.1941 ജൂൺ ഇരുപത്തിയാറാം തീയതിയാണ് തൻ്റെ സുഹൃത്തിനൊപ്പം മൈക്കോളച്ചൻ രക്തസാക്ഷിയാകുന്നത്.

* വാഴ്ത്തപ്പെട്ട വൊളോഡിമയർ പ്രിയാമാ

പടിഞ്ഞാറൻ ഉക്രേനിയലെ സ്ട്രാദ്ക്ക് എന്ന ഗ്രാമത്തിൽ 1906 ജൂലൈയിലായിരുന്നു വോളോഡിമയറിൻ്റെ ജനനം. ഒരു ആരാധനാക്രമ സംഗീതജ്ഞനായി പരിശീലനം നേടിയ വോളോഡിമയർ സ്വന്തം ഗ്രാമത്തിലെ ഇടവകയിൽ ഗായകസംഘ നേതാവായിരുന്നു.വിവാഹിതനും രണ്ട് കൊച്ചുകുട്ടികളുടെ പിതാവുമായ വോളോഡിമയറിനെയും മൈക്കോള കോൺറാഡ് എന്ന വൈദീകനെയും 1941 ജൂൺ 26 നു തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ള ഒരു വനപാതയിലൂടെ നടക്കുമ്പോൾ സോവിയറ്റ് ഏജന്റുമാർ പിടികൂടി. രോഗിയായ ഒരു സ്ത്രീക്കു രോഗി ലേപനവും വിശുദ്ധ കുർബാനയും നൽകി തിരികെ വരുമ്പോഴായിരുന്നു സോവിയേറ്റു ചാരന്മാർ അവരെ പിടികൂടിയത്. തിരികെ എത്താത്തതിനാൽ ഗ്രാമവാസികൾ വോളോഡിമറിനെയും ഫാ. മൈക്കോളെയും തിരിക്കിയിറങ്ങി ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മൃതദേഹം കാട്ടിൽ നിന്നു കണ്ടെത്തി. വോളോഡിമറിൻ്റെ നെഞ്ചിൽ ഒരു ബയണറ്റ് ( കുത്തുവാൾ) കുത്തിയിറക്കിയിരുന്നു. 2001 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വോളോഡിമറിനെയും ഫാ. മൈക്കോള കോൺറാഡിനെയും രക്തസാക്ഷികളും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിച്ചു.

* വാഴ്ത്തപ്പെട്ട എമിലിയൻ കോവാഹ്

ആറു മക്കളുടെ പിതാവായിരുന്ന ഒരു യുക്രെയ്നൻ പുരോഹിതനായിരുന്ന എമിലിയൻ കോവാഹ്ലിവ് ,റോം എന്നിവിടങ്ങളിലെ സെമിനാരിയിൽ വൈദീക പഠനം പൂർത്തിയാക്കി. 1911-ൽ പുരോഹിതനായി അഭിഷിക്തനായി നിയമിതനായി. യുഗോസ്ലാവിയിലുള്ള യുക്രേനിയൻ കുടിയേറ്റക്കാർക്കൊപ്പം ശുശ്രൂഷ ചെയ്തു. 1919-ൽ ബോൾഷെവിക്കുകളോട് യുദ്ധം ചെയ്യുന്ന യുക്രേനിയൻ പട്ടാളക്കാർക്കുള്ള ചാപ്ലിയനായി . 1922-ൽ യുക്രെയ്നിലെ പെരെമിഷ്ലിയാനി എന്ന സ്ഥലത്ത് ഇടവക വൈദികനായി ജോലി ചെയ്യവേ എല്ലാ മതങ്ങളിൽപ്പെട്ട പാവപ്പെട്ടവരും അനാഥരുമായ കുട്ടികളെ തന്റെ വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചിരുന്നു.

നാസികൾ ഉക്രെയ്ൻ ആക്രമിച്ചപ്പോൾ ധാരാളം യഹൂദരെ എമിലിയാൻ അച്ചൻ രക്ഷിച്ചു. യഹൂദരെ രക്ഷിക്കാൻ അവർക്കു ജ്ഞാനസ്നാനം നൽകുന്നു എന്ന വാർത്തയറിഞ്ഞ നാസി പട്ടാളം അദ്ദേഹത്തിനു വിലക്കേർപ്പെടുത്തിയെങ്കിലും എമിലിയൻ അതു തുടർന്നു. 1942 ഡിസംബറിൽ നാസി രഹസ്യ പോലീസ് അദേഹത്തെ അറസ്റ്റ് ചെയ്തു. 1943 ഓഗസ്റ്റിൽ പോളണ്ടിലെ മജ്‌ദാനെക് തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തി. അവിടെ അദ്ദേഹം തടവുകാരെ ശുശ്രൂഷിക്കുകയും കുമ്പസാരം കേൾക്കുകയും സാധ്യമാകുമ്പോഴെല്ലാം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1944 മാർച്ചുമാസം ഇരുപത്തിയഞ്ചാം തീയതി മജ്‌ദാനെകിലെഗ്യസ്ചേമ്പറിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

1999 സെപ്റ്റംബർ 9-ന് യുക്രെയ്നിലെ യഹൂദ കൗൺസിൽ എമിലിയാൻ അച്ചനെ ഒരു നീതിമാനായ യുക്രേനിയനായി അംഗീകരിച്ചു.2001 ജൂൺ ഇരുപത്തിയേഴാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ എമിലിയൻ കോവാഹിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.

ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group