സ്‌കോട്ടിഷ് സഭയുടെ ഡിപ്ലോമ ഇൻ കാറ്റകെറ്റിക്‌സി’ന്റെ പ്രഥമ ബാച്ചിൽ മികച്ച വിജയം നേടി മലയാളികളായ അമ്മയും മകളും

സ്‌കോട്ടിഷ് സഭയുടെ സുവിശേഷ വൽക്കരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സ്‌കോട്‌ലൻഡിലെ സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് അതിരൂപത ക്രമീകരിച്ച ‘ഡിപ്ലോമ ഇൻ കാറ്റകെറ്റിക്‌സി’ന്റെ പ്രഥമ ബാച്ചിൽ മികച്ച വിജയം കരസ്ഥമാക്കി മലയാളികളായ അമ്മയും മകളും. എഡിൻബർഗിന് സമീപം ഫാൽകീർക്കിൽ താമസിക്കുന്ന ലിസി ജിജോ, ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ മകൾ ജിസ് മരിയ ജിജോ എന്നീവരാണ് അഭിമാനകരമായ നേട്ടത്തിന് ഉടമകൾ.

വർഷങ്ങളായി ഫാൽകീർക്ക് സെന്റ് ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിലെ സജീവ സാന്നിധ്യമാണ് ജിജോ- ലിസി ദമ്പതികളുടെ കുടുംബം. സഭാ ശുശ്രൂഷകളിൽ ഇവർ കാഴ്ചവെക്കുന്ന സമർപ്പണവും തീക്ഷണതയും അടുത്തറിഞ്ഞ വികാരി ഫാ. ജെയ്മി ബെയ്ൽ, കഴിഞ്ഞ വർഷം രൂപതയിൽ ‘ഡിപ്ലോമ ഇൻ കാറ്റഗറ്റിക്‌സ് കോഴ്‌സ്’ നടത്തുന്ന പ്രഖ്യാപനം ഉണ്ടായപ്പോൾതന്നെ ഇടവക പ്രതിനിധിയായി ലിസിയെ തിരഞ്ഞെടുക്കുകയായിരുന്നു. ബൈബിൾ, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം എന്നിവയുടെ അടിസ്ഥാനത്തിൽ സഭാപഠനങ്ങൾ അടുത്തറിയാൻ സഹായിക്കുന്ന പാഠ്യക്രമമാണ് കോഴ്‌സിന്റെ സവിശേഷത.

പൊതുവെ മുതിർന്നവർ പോലും അത്ര താൽപ്പര്യം കാട്ടാത്ത ഈ കോഴ്‌സിനെ കുറിച്ച് ലിസിയിൽനിന്ന് മനസിലാക്കിയ മകൾ ജിസ് മരിയയും ഇടവകയുടെ ശുപാർശയിൽ കോഴ്‌സിന്റെ ഭാഗമാകുകയായിരുന്നു. ആറ് മോഡ്യൂളുകളിലായി ഒരു വർഷമായിരുന്നു കോഴ്‌സിന്റെ ദൈർഘ്യം. ഓരോ മോഡ്യൂളുകൾ പൂർത്തിയാക്കുമ്പോഴും വിദ്യാർത്ഥികളുമായി മുഖാഭിമുഖം നടത്തുന്ന വിലയിരുത്തലുകളിലൂടെയാണ് വിജയം നിർണയിക്കുന്നത്. അതിരൂപത മതബോധന വിഭാഗം അഡൈ്വസർ സിസ്റ്റർ ആൻ മരിയ മാക്ഗ്യാന്റെ നേതൃത്വത്തിൽ പ്രഗത്ഭരുടെ മേൽനോട്ടത്തിലായിരുന്നു ക്ലാസുകൾ.

കോഴ്‌സിൽ പങ്കെടുത്ത 100ൽപ്പരം പേരിലെ ഹൈസ്‌ക്കൂൾ വിദ്യാർത്ഥി എന്ന നിലയിൽ ജിസ് മരിയ, സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ്പ് ലിയോ കുഷ്‌ലിയുടെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകളും ഇവർക്ക് ആർച്ച്ബിഷപ്പ് സമ്മാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group