കേരളത്തിൽ മുദ്രപത്രങ്ങൾ ഇനി പ്രിന്റ് ചെയ്യില്ല; ഓഗസ്റ്റ് മുതൽ ഇ-സ്റ്റാമ്ബിംഗ്

കടലാസ് മുദ്രപത്രങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെംപ്ലേറ്റ് സംവിധാനത്തിലേക്ക് മാറ്റാനാണ് നീക്കം.

സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടലാസ് മുദ്രപത്രങ്ങള്‍ ഒഴിവാക്കുന്നതോടെ ഇത് അച്ചടിക്കാനുള്ള ചെലവ് പൂര്‍ണമായി കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കും. പലപ്പോഴും ആവശ്യത്തിന് മുദ്രപത്രങ്ങള്‍ ലഭ്യമല്ലാതിരുന്നത് ഉപയോക്താക്കളെ വലച്ചിരുന്നു.

സര്‍ക്കാരിന് ലാഭം

ട്രഷറികളില്‍ വില്‍പ്പന ഇല്ലാതെ കെട്ടിക്കിടക്കുന്ന ചെറിയ വിലയുടെ മുദ്രപത്രങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തി സീല്‍ചെയ്ത് ഒപ്പുവെച്ച്‌ വിറ്റ് തീര്‍ക്കുന്ന നടപടി നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്റ്റോക്ക് തീരുന്നതോടെ മുദ്രപ്പത്രത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിര്‍ത്തും. നാസിക്കിലെ പ്രസില്‍ വലിയ തുക നല്‍കിയായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്.

ടെംപ്ലേറ്റ് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആധാരമെഴുത്തുകാരുടെ സംഘടനയുമായി ചര്‍ച്ച നടത്തും. 50 മുതല്‍ 1,000 രൂപ വരെ മുഖവിലയുള്ള മുദ്രപ്പത്രത്തിന് 4.5 ശതമാനമായിരുന്നു ആധാരമെഴുത്തുകാരുടെ കമ്മീഷന്‍. 5000, 10,000 രൂപയുടെ പത്രത്തിന് 2.5 ശതമാനവും 15,000, 20,000, 25,000 രൂപയുടെ പത്രത്തിന് 2 ശതമാനവുമായിരുന്നു.

ഓഗസ്റ്റ് മുതല്‍ ഇ-സ്റ്റാമ്ബിംഗ്

കേരളത്തിലെ രജിസ്ട്രേഷന്‍ ഇടപാടുകള്‍ ഓഗസ്ത് ഒന്നുമുതല്‍ സമ്ബൂര്‍ണ ഇ-സ്റ്റാമ്ബിംഗിലേക്ക് മാറും. ഇതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ട്രഷറി, രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. 25 മുതല്‍ തെരഞ്ഞെടുത്ത സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കും.

മുദ്രപത്രങ്ങള്‍ വിറ്റിരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയിലാണ് സര്‍ക്കാര്‍ പുതിയ രീതിയിലേക്ക് മാറുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ ‘പേള്‍’ (PEARL) ആപ്ലിക്കേഷനിലൂടെ ‘രജിസ്ട്രേഷന്‍ കേരള’ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യണം. എവിടെയാണോ രജിസ്ട്രേഷന്‍ നടത്തേണ്ടത് ആ സബ് രജിസ്ട്രാര്‍ ഓഫീസ് കണ്ടെത്തി ടോക്കണ്‍ എടുക്കുക.

വെബ്‌സൈറ്റില്‍ ലഭ്യമായ മാതൃകാ ആധാരമുപയോഗിച്ച്‌ ആധാരം സ്വയം തയാറാക്കാം. ആധാരവിലയുടെ അടിസ്ഥാനത്തില്‍ മുദ്രവിലയ്ക്ക് അനുസരിച്ച്‌ യുണീക് ട്രാന്‍സാക്ഷന്‍ ഐഡി, ഇ-സ്റ്റാമ്ബ് റഫറന്‍സ് നമ്ബര്‍ എന്നിവയുള്ള പേ-സ്ലിപ്പ് ലഭിക്കും. ഇതുമായി ഇ-സ്റ്റാമ്ബ് വിതരണ ലൈസന്‍സുള്ള വെണ്ടറെ സമീപിക്കണം. വെണ്ടര്‍ക്ക് ട്രഷറിയില്‍നിന്ന് നല്‍കിയ അക്കൗണ്ട് ലോഗിന്‍ചെയ്ത് സ്റ്റാമ്ബ് ലഭ്യമാക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m