കാക്കനാട്: സീറോമലബാർ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിൽ എൽ.ആർ.സി.യുടെ 59-മത് സെമിനാർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വെബിനാറുകളായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ”മാർത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറുകൾ മാർച്ച് 20, 27, ഏപ്രിൽ 10, 30, മെയ് 7, 14 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
പഠന പരമ്പരയുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 20-ാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു.
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ.ഫാ. പയസ് മലേകണ്ടത്തിൽ, ഇന്ത്യയിലെ വിവിധ മേജർ സെമിനാരികളിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ.
ഫാ. ജെയിംസ് കുരുക്കിലംകാട്ട് എം.എസ്.റ്റി., എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.
വിദേശികൾ ഉൾപ്പെടെ അമ്പതോളം പേർ ഇതിൽ പങ്കെടുത്തു. എൽ.ആർ.സി. ചെയർമാൻ മാർ ടോണി നീലങ്കാവിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ജോജി കല്ലിങ്ങൽ, സെക്രട്ടറി സി. ജോയിന എം.എസ്.ജെ. എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group