ആഗോള കത്തോലിക്ക സഭ സെപ്റ്റംബര്‍ 8 പരിശുദ്ധ മറിയത്തിന് ജനനത്തിരുനാൾ ആയി ആഘോഷിക്കുന്നു.ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു.ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും രാജ്ഞിയായ അവളിലൂടെ സകലമനുഷ്യര്‍ക്കും എല്ലാ കൃപാവരങ്ങളും ലഭിക്കപ്പെടുന്നു.തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്ന മൂന്ന്‍ ജന്മദിനങ്ങളില്‍ ഒന്നാണ് പരിശുദ്ധ മാതാവിന്റെ ജന്മദിനം. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. ഇവര്‍ മൂന്ന്‍ പേരും ജന്മപാപമില്ലാതെ ജനിച്ചവരാണ്. മറിയവും, യേശുവും ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താല്‍ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു.ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ പരിശുദ്ധ മാതാവിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. മാത്രമല്ല ദൈവം തന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ഏറ്റവും ഉന്നതമായ ദൗത്യമാണ് പരിശുദ്ധ അമ്മക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ പരിശുദ്ധ ദൈവമാതാവ് നമ്മുടേയും അമ്മയായതില്‍ നമുക്കും ആഹ്ലാദിക്കാം.ആ പരിശുദ്ധ ജനനിയുടെ ജന്മദിനം നമുക്കും വിശുദ്ധിയോടെ കൊണ്ടാടാം..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group