പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടന പരമ്പര വേദനയും നടുക്കവുമുളവാക്കുന്നത് :സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടന പരമ്പര വേദനയും നടുക്കവുമുളവാക്കുന്നുവെന്ന് സീറോ മലബാർ സഭ പി.ആർ.പി.ആർ.ഒ. യും മീഡിയ കമ്മീഷൻ സെക്രട്ടറിയുമായ ഫാ. ഡോ. ആന്റണി വടക്കേകര വി.സി. ഒരു സ്ത്രീ മരിക്കുകയും 52-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്. കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചു കൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസി സമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഭയം കൂടാതെ ജീവിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് ഫാ. ഡോ. ആന്റണി വടക്കേകര വി.സി. അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group