വാഷിംഗ്ടൺ: പൊതുവിദ്യാലയങ്ങളിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം വേണമെന്ന ആശയത്തോട് അനുകൂല നിലപാടുമായി വാഷിംഗ്ടണിലെ വോട്ടർമാർ. വോട്ടർമാരിൽ 60% പേരും ഈ നടപടിയെ അനുകൂലിച്ചെങ്കിലും വാഷിംഗ്ടണിലെ കത്തോലിക്കാ മെത്രാന്മാർ ഈ നടപടിയെ എതിർക്കുകയാണുണ്ടായത്. ലൈംഗിക വിദ്യാഭ്യാസം ചെറുപ്പക്കാർക്കിടയിൽ ഹാനികരമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണെന്നും മനുഷ്യന്റെ അന്തസ്സ്, മനുഷ്യ ലൈംഗികത, എന്നീ മൂല്യങ്ങൾക്ക് മങ്ങലേല്പിക്കുന്നതാണെന്നും കത്തോലിക്കാ മെത്രാന്മാർ അഭിപ്രായപ്പെട്ടു. ഈ വിദ്യാഭ്യാസ സമ്പ്രദായം മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ധാർമ്മിക പ്രശ്നങ്ങളെ വേണ്ടവിധം പരിഗണിക്കുകയോ വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ലൈംഗികതയെക്കുറിച്ച് ശരിയായി ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലായെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് കാത്തലിക് കോൺഫറൻസ് ചൂണ്ടികാട്ടി. വിവാഹിതരായ ഇണകൾക്കിടയിൽ മാത്രമേ ലൈംഗികതയ്ക്ക് ധാർമികമായി സാധ്യതയുള്ളൂ എന്നും പൊതുവിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അതിൽതന്നെ കുറവാണെന്നും കാത്തലിക് കോൺഫറൻസ് ഓർമിപ്പിച്ചു.
സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നും പൊതുവിദ്യാലയങ്ങളിൽ അനുബന്ധ പാഠ്യപദ്ധതികൾക്കൊപ്പം സമഗ്ര ലൈംഗിക വിദ്യാഭ്യാസവും ഉൾപെടുത്തേണ്ടതുണ്ട് എന്നും നേരത്തെ ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം എന്നീ വിഷയങ്ങൾ എങ്ങനെ നിർവചിക്കും എന്ന് കാത്തലിക് കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യകരമായ ബന്ധങ്ങൾ, സമ്മതം, അനാവശ്യ ഗർഭധാരണത്തെ എങ്ങനെ തടയാം മുതലായ വിഷയങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുന്നതിനെയും മെത്രാന്മാർ ചോദ്യം ചെയ്തു. അത്തരം ലൈംഗിക വിദ്യാഭ്യാസം സ്കൂളിന്റെ പൊതു അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുമെന്ന് കത്തോലിക്കാ സമ്മേളനം മുന്നറിയിപ്പ് നൽകി. പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ബോർഡുകൾക്ക് ഈ വിഷയത്തിൽ
സ്വന്തം നയം പൂർണ്ണമായി നിർണ്ണയിക്കാൻ അവസരം നൽകണമെന്നും വാഷിംഗ്ടൺ കാത്തലിക് കോൺഫറൻസ് ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പിൽ വോട്ടർമാരിൽ 60% പേരും കാത്തലിക് കോൺഫറൻസിന്റെ നടപടിയെ അനുകൂലിച്ചില്ല എന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group