സഹനങ്ങളിൽ ദൈവത്തെ കണ്ടെത്തിയവൾ..

    ചില മനുഷ്യര്‍ ദേവാലയത്തില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലര്‍ പ്രകൃതിയില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലരാകട്ടെ സ്‌നേഹത്തില്‍ അവിടുത്തെ കണ്ടെത്തുന്നു, ഞാന്‍ സഹനത്തിലാണ് ദൈവത്തെ കണ്ടെത്തുന്നത്!’ ഐഎസുകാര്‍ വധിച്ച കായ്‌ല മുള്ളറുടെ അമ്മ തന്റെ മകളുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടു പറഞ്ഞു.

    മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്ന കായ്‌ല അഗാധമായ വിശ്വാസവും സഹിക്കുന്നവരോട് ഹൃദയം നിറയെ കാരുണ്യവും ഉള്ളവളായിരുന്നു.

    2016 ഏപ്രില്‍ 17 മുതല്‍ 20 വരെ മാഡ്രി ഡില്‍ നടന്ന കോണ്‍ഫറന്‍സിന് മുള്ളര്‍ ദമ്പതികള്‍ നല്‍കിയ പേര് ”ഞങ്ങള്‍ നസ്രാണികളാണ്’ എന്നാണ്. നസ്രായര്‍ എന്ന നാമം അവര്‍ സ്വീകരിച്ചത്. ഐഎസുകാര്‍ ഇറാക്കിലെ മോസുളിലെ ക്രിസ്ത്യന്‍ ഭവനങ്ങളുടെ മേല്‍ പതിച്ച അടയാളവാക്യത്തില്‍ നിന്നാണ്. അറബിക്ക് അക്ഷരമാലയിലെ ‘നുന്‍’ ആണ് അവര്‍ ഉപയോഗിച്ചത്. ഐഎസ് ഭീകരര്‍ കൊണ്ടുപോയി കൊല്ലുമ്പോള്‍ കായ്‌ലമുള്ളര്‍ക്ക് 26 വയസ്സായിരുന്നു. 2013 ആഗസ്റ്റ് മാസം സിറിയയിലെ ആലെപ്പോയില്‍ വച്ചു ബന്ധിയാക്കപ്പെടുമ്പോള്‍ അവള്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്നു. ഒരു ആശുപത്രിയില്‍ സഹായിക്കാന്‍ പോയ ദിവസമാണ് അവള്‍ പിടിക്കപ്പെട്ടത്. 2015 ഫെബ്രുവരി 6 ന് ഐഎസുകാര്‍ കായ്‌ല കൊല്ലപ്പെട്ടു എന്നറിയിച്ചുകൊണ്ട് തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ പുറത്തു വിട്ടു. ഫെബ്രുവരി 10ന് മുള്ളര്‍ കുടുംബത്തിന് കായ്‌ലയുടെ മരണം സ്ഥിരീകരിച്ചു കൊണ്ട് ഒരു ഇമെയില്‍ ലഭിച്ചു. ഇമെയിലില്‍ അവളുടെ ചേതനയറ്റ ശരീരത്തിന്റെ മൂന്നു ചിത്രങ്ങളു ണ്ടായിരുന്നു. മുഖത്ത് മുറിവുകള്‍. കറുത്ത ഹിജാബ് ധരിച്ചു കിടന്ന അവളുടെ ശിരസ്സും മാറും മൂടിയിട്ടിരുന്നു.

    , അവള്‍ മറ്റുള്ളവരുടെ സഹനങ്ങളോര്‍ത്ത് ഏറെ ദുഖിച്ചിരുന്നുവെന്ന്. അതവളുടെ ഹൃദയം തകര്‍ത്തിരുന്നു. അവരെയോര്‍ത്ത് അവള്‍ കണ്ണീര്‍ വാര്‍ക്കുമായിരുന്നു. മറ്റുള്ളവരുടെ സഹനങ്ങള്‍ സ്വന്തം ഹൃദയത്തിലും ശരീരത്തിലും വഹിച്ച ക്രിസ്തുവിനെ പോലെ!കായ്‌ലയുടെ മാതാപിതാക്കള്‍ ഓര്‍ക്കുന്നു..

    ചെറുപ്പകാലം തൊട്ടേ കായ്‌ല ഒട്ടേറെ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മികച്ച വാഗ്മിയായിരുന്നു, അവള്‍. നല്ല നേതൃ ത്വപാടവം ഉണ്ടായിരുന്ന കായ്‌ല അന്താരാഷ്ട്ര ഗ്രൂപ്പുകളുടെ ഭാഗമായി വാഷിംഗ്ടണ്‍ ഡിസിയിലേക്കു യാത്ര ചെയ്ത് നിരവധി ആളുകളു മായി മുഖാമുഖം കണ്ടുമുട്ടി. അവരുടെ പ്രശ്‌നങ്ങള്‍ ഹൃദയപൂര്‍വം കേട്ടിരുന്നു. പരിസ്ഥിതിപഠനം ആരംഭിച്ച ശേഷം താന്‍ സ്‌കൂളില്‍ സമയം പാഴാക്കേണ്ടവളല്ലെന്ന് കായ്‌ലയ്ക്കു തോന്നി. എന്നാല്‍ ഒരു ഡിഗ്രി കൂടിയേ കഴിയൂമായിരുന്നതിനാല്‍ പകരം രാഷ്ട്രതന്ത്രം എടു ത്തു.

    ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം അനാഥാലയങ്ങളില്‍ സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2009 ഡിസംബറില്‍ അവള്‍ ഇന്ത്യയിലേക്ക് തിരിച്ചു. എന്നാല്‍ ചൂടു കാലാവസ്ഥയോട് അനുരൂപപ്പെടാന്‍ കഴിയാതിരു ന്നതിനാല്‍ കായ്‌ല വടക്കോട്ട് യാത്ര ചെയ്ത് തിബറ്റന്‍ അഭയാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിച്ചു. പിന്നീട് അവള്‍ ഇസ്രായേല്‍, പാലസ്തീന്‍, ഫ്രാന്‍സ് എന്നവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ആഫ്രിക്കയില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അവള്‍ ഫ്രഞ്ചുഭാഷ അഭ്യസിച്ചു.

    തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ സഹനങ്ങള്‍ അവള്‍ പങ്കിട്ടെടുത്തു എന്ന് കായ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ പറയുന്നു. ബര്‍ട്രാന്റ് റസ്സല്‍ പറയുന്നതു പോലെ, ‘സഹിക്കുന്ന മനുഷ്യവംശത്തിനു വേണ്ടി സഹിക്കാനാകാത്ത സഹാനുഭൂതി’ അവള്‍ അനുഭവിച്ചു. ഇന്ത്യയില്‍ വച്ചുണ്ടായ ഒരനുഭവം അവളെ ഉലച്ചു കളഞ്ഞു. ‘എന്നില്‍ പ്രതിബിംബിക്കുന്ന കഷ്ടതയനുഭവിക്കുന്ന മിഴികളില്‍ ഞാന്‍ ദൈവത്തെ കാണുന്നു. ഇപ്രകാരമാണ് ദൈവമേ, നീ നിന്നെത്തന്നെ എനിക്ക് വെളിപ്പെടുത്തുന്നതെങ്കില്‍ ഞാന്‍ എപ്പോഴും നിന്നെ തേടും!’ അവള്‍ പിതാവിനെഴുതി.

    യാതൊരു വിവേചനവുമില്ലാത്ത മിഴികളോടെ അവള്‍ എല്ലാ മനുഷ്യരുടെയും നേരെ നോക്കിയിരുന്നു. സങ്കുചിതത്വം അവള്‍ക്കന്യ മായിരുന്നു. എല്ലാവരില്‍ നിന്നും പഠിക്കാനുള്ള കഴിവ് അവള്‍ക്കുണ്ടായിരുന്നു.’ മാര്‍ഷ മുള്ളര്‍ ഓര്‍ക്കുന്നു..

    സിറിയയിലേക്ക് യാത്ര ചെയ്യാനുള്ള കായ്‌ലയുടെ തീരുമാനത്തിനു കാരണം അവള്‍ പാലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകും വഴി കണ്ടുമുട്ടിയ ഒരു സിറിയക്കാരനാ യിരുന്നു. പക്ഷേ, അയാള്‍ സിറിയയില്‍ സ്ഥിര താമസക്കാരനല്ലായിരുന്നു. ഒഴിവു ദിവസങ്ങളില്‍ വന്നു പോകുന്നവനായിരുന്നു. ജനങ്ങളോടുള്ള കായ്‌ലയുടെ സ്‌നേഹവും സഹാനുഭൂതിയും ആ മനുഷ്യനെ സ്പര്‍ശിച്ചു. പിന്നീട് സിറിയന്‍ പ്രതിസന്ധി ഉയര്‍ന്ന ഘട്ടത്തില്‍ കായ്‌ലയുടെ പ്രേരണ മൂലം അയാള്‍ തന്റെ ജനത്തിന്റെ പക്കലേക്കു തിരികെ പോയി, അവരുടെ ഭാഗമായി മാറി. അയാള്‍ സ്ഥിതി ഗതികള്‍ അപ്പപ്പോള്‍ കായ്‌ലയെ അറിയിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് കായ്‌ല തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനിടവന്നത്. അതിര്‍ത്തിയില്‍ അവള്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ധികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്കിടയില്‍ സേവനം ചെയ്തു. അവര്‍ക്ക് ധൈര്യവും ജീവിതത്തെ കുറിച്ചുള്ള പ്രത്യാശയും പകര്‍ന്നു.

    അന്തസ്സ് എന്ന പേരില്‍ സിറിയന്‍ സ്ത്രീകള്‍ക്കിടയില്‍ കായ്‌ല ഒരു സംഘടന സ്ഥാപിച്ചു. അവിടെ വീടുകളില്‍ നെയ്‌തെടുത്ത കുട്ടി യുടുപ്പുകള്‍ വിറ്റ് അവര്‍ കുടുംബം പുലര്‍ത്തി. ബന്ധിയാക്കപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, 2013 ജൂണില്‍ അവളുടെ അവസാനത്തെ സന്ദര്‍ശന വേളയില്‍, മടങ്ങു ന്നതിന്റെ തലേന്ന് മാര്‍ഷ അവളോട് പറഞ്ഞു: ‘നീ ഇത്തവണ പോകണ്ടെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ കൂടെ നില്‍ക്കണം.’ സംഭാഷണവിഷയം എങ്ങനെയോ മാറിപ്പോയി. പിറ്റേ ദിവസം കായ്‌ല സ്വന്തം കൈ കൊണ്ടുണ്ടാക്കിയ ഒരു കളിമണ്‍രൂപം അമ്മയ്ക്കു കൈമാറിയിട്ടു പറഞ്ഞു: ‘അമ്മേ, അങ്ങയുടെ കൂടെ എപ്പോഴും എന്റെ കൈകള്‍ ഉണ്ടാകും!’

    കായ്‌ലയുടെ കരങ്ങള്‍’ എന്ന പേരില്‍ മുള്ളര്‍ കുടുംബം ഒരു പ്രസ്ഥാനത്തിനു തുടക്കമിട്ടു. ജനങ്ങളുടെ സേവനത്തിനായി. അതായിരുന്നു, കായ്‌ലയുടെ സ്വപ്നം. അതായിരുന്നു, അവളുടെ ചൈതന്യം.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group