ആഴക്കടലില്‍ മീന്‍പിടിത്തം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു ; അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്

ആഴക്കടലില്‍ മീന്‍പിടിത്തം കഴിഞ്ഞു മടങ്ങിയ വള്ളത്തില്‍ കപ്പലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വള്ളം രണ്ടായി പിളര്‍ന്ന് കടലിലേക്കു മറിഞ്ഞു.

വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കപ്പലിടിച്ച്‌ വള്ളത്തില്‍നിന്നു കടലിലേക്കു വീണ തൊഴിലാളികള്‍ രക്ഷാകരങ്ങള്‍ക്കായി കാത്തുകിടന്നത് ഒരു മണിക്കൂറോളം. ഈ സമയം അതുവഴി വള്ളത്തിലെത്തിയ വിഴിഞ്ഞം സ്വദേശികളാണ് ഇവര്‍ക്കു രക്ഷയായത്. പരിക്കേറ്റവരെ പിന്നീട് വിഴിഞ്ഞം തീരത്തെത്തിച്ചു.

വിഴിഞ്ഞം തീരത്തുനിന്ന് 19 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ വള്ളം ഉടമ ക്ലീറ്റസ്(45), സെല്‍വന്‍(42), മരിയാദസന്‍(42), ജോണ്‍(43), ആന്‍ഡ്രൂസ്(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുഖത്തും വയറ്റിലും ആഴത്തില്‍ പരിക്കേറ്റ ആന്‍ഡ്രൂസിന്റെ നില ഗുരുതരമാണ്. ആന്‍ഡ്രൂസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റു തൊഴിലാളികള്‍ക്ക് കാലുകള്‍ക്കും കൈകള്‍ക്കും ഒടിവും ചതവുമുണ്ട്. ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം തീരത്തുനിന്നാണ് ഇവര്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിനു പോയത്. ശനിയാഴ്ച രാവിലെ കരയിലേക്കു മടങ്ങുമ്പോഴാണ് കപ്പല്‍ച്ചാല്‍ കഴിഞ്ഞുള്ള ഭാഗത്തുവച്ച്‌ കപ്പലിടിച്ചത്. രാവിലെ 11.30-ഓടെയായിരുന്നു അപകടമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ചത് കണ്ടെയ്നര്‍ കപ്പലാണെന്നാണ് തൊഴിലാളികള്‍ നല്‍കുന്ന വിവരം.

വിഴിഞ്ഞം സ്വദേശി ഫ്രാന്‍സിസിന്റെ വള്ളത്തിലെത്തിയ തൊഴിലാളികളായ ജെയിംസ്, ഡേവിഡ്, ജോണ്‍സണ്‍, ആന്റണി എന്നിവര്‍ ചേര്‍ന്നാണ് അഞ്ചുപേരെയും രക്ഷപ്പെടുത്തി വിഴിഞ്ഞം തീരത്തെത്തിച്ചത്. തുടര്‍ന്ന് വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്റിലും കോസ്റ്റല്‍ പോലീസിലും വിവരമറിയിച്ചു. വൈകീട്ട് അഞ്ചോടെ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുമെത്തി ഇവരെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group