ഫാത്തിമയിലെ മരിയൻ തീർത്ഥാടന കേന്ദ്രം വീണ്ടും തുറന്നു…….

ലിസ്ബണ്‍: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട പോര്‍ച്ചുഗല്ലിലെ ഫാത്തിമാമാതാ തീർത്ഥാടന ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ബസിലിക്കയിലും, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട കപ്പേളയിലും തുടങ്ങി തീർത്ഥാടന കേന്ദ്രത്തിലെ എല്ലാ കപ്പേളകളിലും ദിവ്യബലിയും, ജപമാല പ്രാർത്ഥനയും ആരംഭിച്ചിട്ടുണ്ട്. കോവിഡ്- 19 വകഭേദത്തിന്റെ പുതിയ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ജനുവരി 23 മുതൽ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുകർമ്മങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മാർച്ച് പതിനഞ്ചാം തിയതി തീർത്ഥാടന കേന്ദ്രം വീണ്ടും തുറന്നപ്പോള്‍ തന്നെ ധാരാളം പേര്‍ ദേവാലയത്തിലെത്തിയിരു ന്നു.മഹാമാരിയുടെ ഇരകൾക്കായി യൂറോപ്പിലെ മെത്രാൻ സമിതികളുടെ അദ്ധ്യക്ഷന്മാർ മുൻകൈയെടുത്ത് ബലിയര്‍പ്പണവും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ചു. കൊറോണാ വൈറസ് പിടിപെട്ട് മരിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ, രോഗികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരോടു സഭയുടെ സാമീപ്യം ആവർത്തിച്ചുറപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ പ്രാർത്ഥനയെന്ന് ദിവ്യബലി മധ്യേ തീർത്ഥാടന കേന്ദ്രത്തിന്റെ ചാപ്ലിൻ ഫാ. മിഗ്വേൽ സോത്തോമയോർ പറഞ്ഞു. ഫാത്തിമ തീർത്ഥാടന ദേവാലയത്തിൽ രാവിലെ 11, വൈകീട്ട് 6, 9.30 എന്നീ സമയങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികൾ www.fatima.pt എന്ന വെബ്സൈറ്റിലും യുട്യൂബ് ചാനലിലും, ഫേസ് ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ഫാത്തിമയില്‍ ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group