പാപം ചെയ്യുന്നവൻ നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ് (1 യോഹ 3,4)
കർശനമായ ആത്മശോധനയിലൂടെ സ്വന്തം പാപങ്ങൾ തിരിച്ചറിഞ്ഞ് അനുതപിക്കാനും ഏറ്റുപറഞ്ഞ് മോചനം പ്രാപിക്കാനും പരിഹാരം അനുഷ്ഠിക്കാനുമായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ദിവസങ്ങളാണ് നോന്പുകാലം. ഇവിടെ എന്താണ് പാപം? ചോദ്യം ഏറെ പ്രസക്തമാകുന്നു. ഇതിനുള്ള ഉത്തരം ഒറ്റവാക്യത്തിൽ യോഹന്നാൻ നൽകുന്നുണ്ട്. പാപം നിയമലംഘനമാണ്.
നിയമലംഘനം രണ്ടുവിധത്തിലാകാം. അരുത് എന്നു നിയമം വിലക്കുന്ന കാര്യങ്ങൾ ചെയ്യുന്നതാണു പാപത്തിന്റെ ഒരു മാനം. ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത സീനായ് ഉടന്പടിയുടെ നിബന്ധനകളായ പത്തു പ്രമാണങ്ങൾ ഒന്നൊഴിയെ ഒന്പതും വിലക്കുകളാണ്.
വിഗ്രഹാരാധനയരുത്, ദൈവദൂഷണമരുത്, സാബത്തിൽ ജോലിയരുത്, കൊല്ലരുത്, വ്യഭിചാരമരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, മോഹിക്കരുത് എന്നിങ്ങനെ എല്ലാം വിലക്കുകൾ. മാതാപിതാക്കന്മാരെ ആദരിക്കണം എന്ന പ്രമാണം മാത്രമാണു വിലക്കില്ലാതെ കല്പനയുടെ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അരുത് എന്നു വിലക്കുന്ന കാര്യം ചെയ്യുന്നതിനെയാണ് പാപം എന്നു പൊതുവേ വിശേഷിപ്പിക്കുക.
ചെയ്യണം എന്നു കല്പിക്കുന്നതു ചെയ്യാതിരിക്കുന്നത് പാപത്തിന്റെ മറ്റൊരു മാനം. ഇതിനെ കടം എന്നാണു പൊതുവേ വിശേഷിപ്പിക്കുക. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുക, ഏല്പിക്കപ്പെട്ടിരിക്കുന്ന കടമകൾ നിർവഹിക്കാതിരിക്കുക – ഇതാണു കടം. ഈ അർഥത്തിലാണ് സീറോ മലബാർ ആരാധനാക്രമത്തിൽ പാപകടങ്ങൾ എന്ന പദപ്രയോഗം.
പാപം നിയമലംഘനമാണ് എന്നു പറയുന്പോൾ പാപത്തിന്റെ ഈ രണ്ടു മാനങ്ങളും ഒരുപോലെ ശ്രദ്ധേയമാകുന്നു. അരുത് എന്നു വിലക്കുകല്പിച്ചിരിക്കുന്നത് എളുപ്പത്തിൽ ശ്രദ്ധേയമാകും. എന്നാൽ, ഉപേക്ഷമൂലം, ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെപോകുന്നത് അത്രതന്നെ എളുപ്പത്തിൽ ശ്രദ്ധിച്ചെന്നു വരില്ല. അതിൽ ദൈവത്തോടും സഹോദരങ്ങളോടും സൃഷ്ടപ്രപഞ്ചത്തോടും എന്നോടുതന്നെയുമുള്ള കടമകൾ എന്തെന്ന് വ്യക്തമായ അവബോധമുണ്ടാകണം.
അന്തിമവിധിയുടെ മാനദണ്ഡമായി യേശുനാഥൻ എടുത്തുകാട്ടിയ ആറു കാര്യങ്ങളും ഉപേക്ഷയുടെ പട്ടികയിൽപ്പെടുന്നു (മത്താ 25,41-43). വിശക്കുന്നവന് ആഹാരം നൽകാതിരിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ അനുഭവിക്കുന്നവരെ കഴിവിനൊത്ത് സഹായിക്കാതിരിക്കുന്നതെല്ലാം കടങ്ങളായി അവശേഷിക്കുന്നു. അവ ഏതൊക്കെയെന്നു തിരിച്ചറിയാനും തിരുത്താനും നോന്പുകാലം സഹായകമാകണം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group