ഇരുന്നൂറോളം ഭവനരഹിതർക്ക് സ്നേഹവീട് ഒരുക്കി എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതo ശ്രദ്ധേയമാകുന്നു.
വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍ ഭാഗ്യവാന്മാര്‍; എന്തുകൊണ്ടെന്നാല്‍ അവര്‍ അനുഗൃഹീതരാകും.ഇരിങ്ങാലക്കുട രൂപതയിലെ മേലഡൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ പറയുന്നു.
പാഠപുസ്തകങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത്, വേദനിക്കുന്ന നിരവധി യേശുരൂപങ്ങളാണ്. തലചായ്ക്കാന്‍ ഇടമില്ലാത്ത പാവപ്പെട്ട മനുഷ്യര്‍. നഗരവീഥികളുടെയും പാര്‍പ്പിട സമുച്ചയങ്ങളുടെയും ഓരങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്‌ളെക്‌സ് കഷണങ്ങളും വലിച്ചുകെട്ടി തലയ്ക്കു മീതെ വീടെന്ന കൊച്ചുകൂരയില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടവര്‍. കോരിച്ചൊരിയുന്ന മഴയില്‍ വീടിനകത്ത് ഇറ്റിറ്റു വീഴുന്ന വെള്ളം ശേഖരിച്ചുകളഞ്ഞു, മഴ മാറുമ്പോള്‍ ഉറങ്ങാന്‍ കാത്തിരിക്കുന്നവര്‍. കോളനികളിലെ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന അമ്മമാരും പെണ്‍മക്കളും.ഫ്രാന്‍സിസ്‌ക്കന്‍ മിഷനറീസ് ഓഫ് മേരി (എഫ്എംഎം) സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ ലിസി എറണാകുളം തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കെ ഏതാണ്ട് 10 വര്‍ഷം മുമ്പാണ് വീടില്ലാത്തവരുടെ വേദന നേരിട്ടു കണ്ടത്. വീടില്ലാതിരുന്ന തന്റെ വിദ്യാര്‍ഥികളിലൊരാള്‍ക്ക് ഒരു കൊച്ചുവീട് നിര്‍മിച്ചു നല്‍കുകയെന്ന സിസ്റ്ററുടെ സ്വപ്‌നം സഹഅധ്യാപികമാരും വിദ്യാര്‍ഥികളും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഏറ്റെടുത്തപ്പോള്‍, അതൊരു കാരുണ്യപ്രവാഹമായി.
സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു അവരെല്ലാവരും ചേര്‍ന്ന് അഞ്ചുലക്ഷം രൂപ ചെലവില്‍ പിതാവ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുടുംബത്തിനു ഒരു കൊച്ചുവീടു നിര്‍മിച്ചു നല്‍കി. 25,000 രൂപ സിസ്റ്റര്‍ ലിസി കടം വാങ്ങി; പിന്നീട് പല തുള്ളികളായി വീടിനുള്ള പണം ഒഴുകിയെത്തുകയായിരുന്നു. വീടുപണി കഴിഞ്ഞപ്പോള്‍ 25,000 രൂപ മിച്ചം വന്നു. അതുപയോഗിച്ചു മറ്റൊരു വിദ്യാര്‍ഥിക്ക് വീടുപണിയാന്‍ തുടങ്ങി. അതോടൊപ്പം ‘ഹൗസ് ചാലഞ്ച്’ എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു.ഭവനരഹിതര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു കിടപ്പാടം എന്ന സ്വപ്‌നപദ്ധതി വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും നെഞ്ചേറ്റിയതിന്റെ കഥയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊച്ചി നഗരം പങ്കുവയ്ക്കുന്നത്.ഇപ്പോള്‍ ഇതുവരെ 175 ലേറെ വീടുകള്‍ പണിതു നല്‍കിക്കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ കൊച്ചിനഗരത്തിലും സമീപ പ്രദേശങ്ങളായ ചെല്ലാനം, കണ്ണമാലി, വൈപ്പിന്‍ തുടങ്ങിയ പ്രദേശങ്ങളിലും കേന്ദ്രീകരിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മറ്റു ജില്ലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജില്ലയിലും ഓരോ വീടെങ്കിലും പണിതുനല്‍കുകയെന്നതാണ് 2014 ല്‍ ആരംഭിച്ച ‘ഹൗസ് ചാലഞ്ച്’ പദ്ധതിയുടെ സ്വപ്‌നം.പദ്ധതി വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും നാട്ടുകാരും ഏറ്റെടുത്തതോടെ ഇതിനകം 80-ഓളം വിദ്യാര്‍ഥികള്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞു. ചിലര്‍ പണമായി, സാധനസാമഗ്രികളായി, ഭൂമിയായി പദ്ധതിയില്‍ പങ്കാളികളായി. സന്യാസ പരിശീലനകാലത്ത് ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിലും തമിഴ്‌നാട്ടിലും സിസ്റ്റര്‍ ലിസി വീടില്ലാത്ത പാവപ്പെട്ടവരുടെ ദയനീയാവസ്ഥ കണ്ടിരുന്നു. പിന്നീട് തിരുവനന്തപുരം കടലോരഗ്രാമത്തില്‍ ഒരു സ്‌കൂളില്‍ അധ്യാപികയായി വന്നപ്പോള്‍, ഭവനരഹിതരുടെ വേദന കൂടുതല്‍ അടുത്തറിഞ്ഞു. തുടര്‍ന്ന് കൊച്ചിയില്‍ വന്നപ്പോഴാണ് ആ വേദന അല്‍പ്പമെങ്കിലും അകറ്റാനുള്ള ശ്രമം തുടങ്ങിയത്.
സമര്‍പ്പിത ജീവിതത്തെ സജീവവും ചലനാത്മകവുമാക്കുന്ന രസതന്ത്രമാണ് സിസ്റ്റര്‍ ലിസി ചുറ്റിലുമുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. നിയമങ്ങളുടെയും ക്രമാനുഷ്ഠാനങ്ങളുടെയും സുരക്ഷയും ചൈതന്യവും പാലിച്ചുകൊണ്ടുതന്നെ, സമൂഹത്തിന്റെ വേലിയിറമ്പുകളില്‍ അവഗണിക്കപ്പെട്ടു കഴിയുന്നവരിലേക്ക് കടന്നുചെല്ലാന്‍ കഴിയുമെന്നു കാണിച്ചുതരുകയാണ് ഈ സിസ്റ്ററമ്മ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group