ആറ് ജില്ലകൾക്ക് നേട്ടം; സംസ്ഥാനത്ത് പുതിയ അതിവേഗ റോഡ് ഇടനാഴി വരുന്നു

കേരളത്തിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ അതിവേഗ റോഡ് ഇടനാഴി വരുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാതയാണ് പുതിയ അതിവേഗ ഇടനാഴിയാക്കുക.

ഇതിന്റെ ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്താലയത്തിന് സമര്‍പ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാരതമാല പദ്ധതിക്ക് പകരമായി റോഡ്, ഗതാഗത മന്ത്രാലയം മുന്നോട്ട് വച്ച വിഷന്‍ 2047ന്റെ ഭാഗമായാകും ഇടനാഴി നിര്‍മിക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മധ്യകേരളത്തിലെ ജില്ലകളിലേക്കും തെക്കന്‍ ജില്ലകളിലേക്കും അതിവേഗം എത്തിച്ചേരാനാകും.

2047ഓടെ 50,000 കിലോമീറ്ററില്‍ കണ്‍ട്രോള്‍ഡ് ആക്‌സസ് ഹൈവേ നിര്‍മിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും അതിവേഗ ഇടനാഴി വരുന്നത്. പുതിയ ഇടനാഴിയില്‍ എക്‌സിറ്റ് പോയിന്റുകള്‍ വളരെ കുറവായിരിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചായിരക്കും ടോള്‍ പിരിക്കുക. ഇതിനായി ജി.പി.എസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തും.

950 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം

മുന്‍പ് നിര്‍ദേശിച്ചിരുന്ന അലൈന്‍മെന്റില്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ തിരുവനന്തപുരം-അങ്കമാലി അതിവേഗ റോഡ് ഇടനാഴിയിലുണ്ടാകും. നാലുവരിപാതയയാണ് ഇത് വിഭാവനം ചെയ്യുന്നത്. 205 കിലോമീറ്റര്‍ റോഡ് പണിയാനായി തിരുവനന്തപുരം റിംഗ് റോഡ് മുതല്‍ അങ്കമാലി ബൈപ്പാസ് വരെ 950 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങി പല താലൂക്കുകളിലായാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഒഴിവാക്കാനായി സാധ്യമാകുന്നത്രയും ജനവാസമേഖലകള്‍ ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഒരുക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്ത് സമീപത്തുകൂടി മലയോര മേഖലകളെ ബന്ധിപ്പിച്ചാകും ഇടനാഴി കടന്നു പോകുക. ആറ് ജില്ലകള്‍ക്ക് തിരുവനന്തപുരം-അങ്കമാലി അതിവേഗ റോഡ് ഇടനാഴിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m