പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തക രൂപത്തിൽ പുറത്തിറക്കി. “ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്” എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1985-ല്‍ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷനായിരിക്കെയാണ് ദക്ഷിണ ഓസ്ട്രിയയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് സന്യാസ ആശ്രമത്തിൽ ബെനഡിക്ട് പാപ്പ ഈ പ്രഭാഷണങ്ങൾ നടത്തിയത്.
ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതാകുകയായിരുന്നു. 30 വർഷത്തിനു ശേഷമാണ് കാസറ്റ് തിരികെ ലഭിക്കുന്നത്. നഷ്ടപ്പെട്ടുപോയ ഒരു നിധിയാണ് തിരികെ ലഭിച്ചതെന്ന് ഇഗ്നേഷ്യസ് പ്രസ്സ് അധ്യക്ഷൻ ഫാ. ജോസഫ് ഫെസിയോ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ബെനഡിക്ട് പതിനാറാമൻ പാപ്പ ദൈവശാസ്ത്രജ്ഞനും, സർവകലാശാല അധ്യാപകനുമായി സേവനം ചെയ്യുന്ന സമയത്ത് ഫാ. ജോസഫ് ഫെസിയോ, പാപ്പയുടെ കീഴിൽ പഠനം നടത്തിയിട്ടുണ്ട്. 2005ലാണ് ബെനഡിക്ട് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് ഉയർത്തപ്പെടുന്നത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓസ്ട്രിയയിൽ നടത്തിയ പ്രഭാഷണ പരമ്പര 2008ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയിൽ ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത് ഇഗ്നേഷ്യസ് പ്രസ്സാണ്. 177 പേജുകളാണ് പുസ്തകത്തിൽ ഉള്ളത്. മനുഷ്യരെ സൃഷ്ടിക്കുകയും, രക്ഷിക്കുകയും ചെയ്ത ദൈവിക പദ്ധതി വളരെ മനോഹരമായി പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങളിൽ സംഗ്രഹിച്ചിട്ടുണ്ടെന്നു ഫാ. ജോസഫ് ഫെസിയോ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group