ക്യാൻസര്‍ രോഗം നമുക്കറിയാം ഏറ്റവുമധികം പേര്‍ ഭയപ്പെടുന്ന രോഗമാണ്. ബാധിക്കുന്ന അവയവം ഏതാണ്, എത്രത്തോളം ബാധിച്ചു എന്നതിനെല്ലാം അനുസരിച്ച് ഓരോ ക്യാൻസറിന്‍റെയും പ്രയാസങ്ങളും ചികിത്സയും അതുപോലെ തന്നെ രോഗമുക്തിയും ബന്ധപ്പെട്ടു കിടക്കുന്നു.
അസാധാരണമാം വിധം കോശങ്ങളില്‍ വളര്‍ച്ച വരുന്നൊരു അവസ്ഥയാണ് ക്യാൻസര്‍ രോഗമെന്ന് ലളിതമായി പറയാം. ഇത് ശരീരത്തിന്‍റെ സാധാരണനിലയെ അട്ടിമറിക്കുകയും അതുവഴി മരണം വരെയുള്ള ഭീഷണിയെ ഉയര്‍ത്തുകയും ചെയ്യുകയാണ്.
നേരത്തേ സൂചിപ്പിച്ചത് പോലെ ക്യാൻസര്‍ ഏത് അവയവത്തെയാണ് ബാധിക്കുക, അത് എത്രമാത്രം ബാധിച്ചു എന്നതിന് അനുസരിച്ചാണ് രോഗലക്ഷണങ്ങളും കാണുക. എങ്കില്‍പ്പോലും ഏത് ക്യാൻസറിലും പൊതുവായി ചില ലക്ഷണങ്ങള്‍ കാണാറുണ്ട്. അങ്ങനെ കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
അസാധാരണമായ തളര്‍ച്ച – എന്നുവച്ചാല്‍ നിത്യജീവിതത്തില്‍ നാം ചെയ്തുവന്നിരുന്നതായ വിവിധ ജോലികളെ ബാധിക്കും വിധത്തിലുള്ള തളര്‍ച്ച, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് ചര്‍മ്മത്തിന് താഴെയായി മുഴയോ വളര്‍ച്ചയോ കാണപ്പെടുന്നത്, ശരീരഭാരം ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുകയോ കുറയുകയോ ചെയ്യുക, ചര്‍മ്മത്തില്‍ നിറവ്യത്യാസം- എന്നുവച്ചാല്‍ വല്ലാതെ മഞ്ഞനിറം കയറുക അതല്ലെങ്കില്‍ ഇരുണ്ടതോ ചുവന്നതോ ആയ നിറം കയറുക, ചര്‍മ്മത്തില്‍ അതുവരെ ഇല്ലാത്തവിധം കാക്കപ്പുള്ളികളോ പാടുകളോ പ്രത്യക്ഷപ്പെടുക, ഉണങ്ങാത്ത മുറിവുകളുണ്ടാവുക, തുടര്‍ച്ചയായ ചുമ, പതിവില്ലാത്ത ദഹനപ്രശ്നങ്ങള്‍, ശ്വാസതടസം, ഭക്ഷണം വിഴുങ്ങാൻ പ്രയാസം, ശബ്ദത്തില്‍ വ്യത്യാസം വരിക, എപ്പോഴും ശരീരവേദന, ശരീരത്തില്‍ എവിടെ നിന്നെങ്കിലും രക്തസ്രാവം, മലമൂത്ര വിസര്‍ജ്ജ്യത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം, ഇടവിട്ട് പനി വരിക, രാത്രിയില്‍ അധികമായ വിയര്‍പ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം ക്യാൻസര്‍ ലക്ഷണങ്ങളായി പരിഗണിക്കാം.
എന്നുവച്ചാല്‍ എല്ലാ ക്യാൻസര്‍ രോഗബാധിതരിലും ഈ ലക്ഷണങ്ങള്‍ കാണാം എന്നല്ല. മറിച്ച് ഇവ പലതായി രോഗികളില്‍ കാണാം എന്ന്. മറ്റ് രോഗങ്ങളുടെയും ലക്ഷണമായി ഇത്തരം പ്രശ്നങ്ങളെല്ലാം ഭാഗികമായും അല്ലാതെയും വരാം എന്നതിനാല്‍ ഇവയെല്ലാം കാണുന്നപക്ഷം ആശുപത്രിയില്‍ പോയി പരിശോധന നടത്തി ഉറപ്പിക്കുക തന്നെ വേണം.
എന്തായാലും അമിതമായ ക്ഷീണം, ശരീരഭാരത്തില്‍ പെട്ടെന്ന് വ്യത്യാസം, മുഴയോ വളര്‍ച്ചയോ കാണുക പോലുള്ള ലക്ഷണങ്ങള്‍ തീര്‍ച്ചയായും അവഗണിക്കരുത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group