ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ, ഒരേയൊരു മ്യൂസിയത്തെകുറിച്ചറിയാം…

വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അതിശയപ്പെടുത്തുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദേവാലയത്തെ കുറിച്ച് അറിയാമോ?

വത്തിക്കാനില്‍നിന്നും പത്ത് മിനിട്ട് ദൂരെ ടൈബര്‍ നദിയുടെ തീരത്താണ് സേക്രട്ട് ഹാര്‍ട്ട് ദൈവാലയം സ്ഥിതിചെയ്യുന്നത്. ദൈവലായം ലോകപ്രശസ്തമാണ്. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അതിശയപ്പെടുത്തുന്ന, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ, ലോകത്തിലെ ഒരേയൊരു മ്യൂസിയം ഈ ദൈവാലയത്തിലാണ്,അധികം വലിപ്പമൊന്നുമില്ലെങ്കിലും തികച്ചും അമൂല്യമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുക്കള്‍.

ശുദ്ധീകരണസ്ഥലത്തില്‍ നിന്നും ഭൂമിയിലുള്ളവര്‍ക്ക് പ്രത്യക്ഷപ്പെട്ട ആത്മാക്കളുടെ കഥപറയുന്നവയാണ്. അതിനുള്ള തെളിവുകളും അവിടെയുണ്ട്.

ഇത് ഒരു സാധാരണ മ്യൂസിയമല്ല. ഈ മ്യൂസിയത്തിലുള്ളത് വളരെ വിലപിടിപ്പുള്ള ചിത്രങ്ങളല്ല. മറിച്ച് ശുദ്ധീകരണസ്ഥലമുണ്ട് എന്ന് തെളിയിക്കാനുതകുന്ന വ്യക്തമായ തെളിവുകളാണ്. അതായത് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ കൈയടയാളങ്ങള്‍.എങ്ങനെയാണ് അവിടെ ഒരു ദൈവാലയവും മ്യൂസിയവും ഉണ്ടായതെന്ന കഥ തുടങ്ങുന്നത് 1897 ലാണ്. അവിടെ നേരത്തെ ഉണ്ടായിരുന്നത് ചെറിയ ഒരു ചാപ്പലായിരുന്നു. ഒരിക്കല്‍ ആ ചാപ്പലിലുണ്ടായിരുന്ന മാതാവിന്റെ പെയിന്റിംഗിന് മെഴുകുതിരികളില്‍ നിന്നും തീപടര്‍ന്നു. ഒരു വിധത്തില്‍ തീയണച്ചു. പുകമറയെല്ലാം മാറിയപ്പോള്‍ അവിടെ അവശേഷിച്ച ചാപ്പലിന്റെ ഭിത്തിയില്‍ ദുഖിതനായ, സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു മുഖം പ്രത്യക്ഷപ്പെട്ടു. അത് അടുത്തകാലത്ത് മരിച്ച് പോയതും ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു വ്യക്തിയുടേതുമാണെന്നും ചാപ്പലിന്റെ മേല്‍നോട്ടമുണ്ടായിരുന്ന ഫാ. വിക്ടര്‍ ജൂയറ്റിന് മനസിലായി. അദ്ദേഹമാകട്ടെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് പ്രത്യേക സ്‌നേഹമുള്ള ഫ്രഞ്ച് മിഷണറി വൈദികനായിരുന്നു. അവിടെ പുതിയ ദൈവാലയവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി മ്യൂസിയവും പണിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. യൂറോപ്പിലുടനീളം സഞ്ചരിച്ച് അതിനുള്ള ഫണ്ട് ശേഖരിച്ചു. അതോടൊപ്പം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യക്ഷപ്പെട്ട് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചതിന്റെ തെളിവുകളടങ്ങുന്ന വസ്തുക്കളും അദ്ദേഹം ശേഖരിച്ചു.

*നൈറ്റ് ഷര്‍ട്ടില്‍ പതിഞ്ഞ കൈ

1789 ല്‍ ബെല്‍ജിയത്തിലെ വോഡോക്കിലാണ് സംഭവം. ജോസഫ് ലെലെക്‌സ് എന്നയാള്‍ 11 ദിവസത്തോളം രാത്രിയില്‍ അസാധാരണമായ ശബ്ദം കേട്ടു. 12-ാമത്തെ ദിവസം അദ്ദേഹത്തിന്റെ അമ്മ പ്രത്യക്ഷപ്പെട്ടു. താന്‍ ശുദ്ധീകരണസ്ഥലത്താണെന്നും തനിക്കും അവന്റെ മരിച്ചുപോയ പിതാവ് ജോസഫിനും വേണ്ടി കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. മകനോട് ജീവിതത്തില്‍ മാറ്റംവരുത്തുവാനും സഭയ്ക്ക് ഗുണകരമായി ജീവിക്കുവാനും അപേക്ഷിച്ചു. അതിനുശേഷം ആ ആത്മാവ് അവന്റെ നിശാവസ്ത്രത്തില്‍ സ്പര്‍ശിച്ചു, അതില്‍ അവളുടെ കൈയുടെ അടയാളം പതിഞ്ഞു. ലെലക്‌സ് പിന്നീട് മാനസാന്തരപ്പെട്ടു.

*തൊപ്പിയിലെ വിരലടയാളം

1815 ല്‍ ഫ്രാന്‍സിലെ ഡുസെയില്‍ ലൂയിസലെ സ്‌നേച്ചാല്‍ എന്ന സ്ത്രീ മരിച്ച് രണ്ടുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് ലൂയിജിക്ക് പ്രത്യക്ഷപ്പെട്ട് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതൊരു സ്വപ്‌നമല്ലെന്ന് ഭര്‍ത്താവിന് വെളിപ്പെടുത്തിക്കൊടുക്കുവാന്‍ അവള്‍ ഭര്‍ത്താവിന്റെ തൊപ്പിയില്‍ തന്റെ അഞ്ച് കൈവിരലുകളും തീകൊണ്ടു പൊള്ളിച്ചതുപോലെ പതിപ്പിച്ചു. ഏതായാലും തൊപ്പിയിലെ വിരലടയാളം ആ ദമ്പതികളുടെ മകള്‍ക്ക് പ്രചോദനമായി. അവള്‍ ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന അമ്മയ്ക്കുവേണ്ടി കുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിച്ചു.

* ആത്മാവ് സ്പര്‍ശിച്ച പുസ്തകം

ഇറ്റലിയിലെ മരിയ സഗാന്റി എന്ന സ്ത്രീയുടെ പ്രാര്‍ത്ഥനാ പുസ്തകമാണ് ഇവിടുത്തെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മരിയയുടെ സുഹൃത്തായിരുന്ന പാല്‍മിറ റസ്റ്റേലിയുടെ ആത്മാവിന്റെ സ്പര്‍ശനം പതിഞ്ഞതാണ് പുസ്തകം. അവിടുത്തെ ഇടവക വികാരിയുടെ സഹോദരിയായിരുന്നു പാല്‍മിറ. 1870 ഡിസംബര്‍ 28 നായിരുന്നു അവള്‍ മരിച്ചത്. 1871 മാര്‍ച്ച് 5 നാണ് അവള്‍ മരിയയ്ക്ക് പ്രത്യക്ഷപ്പെട്ടത്. അതിന്റെ തെളിവെന്നോണം അവളുടെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ തീകൊണ്ട് കോറിയിട്ടതുപോലെ മൂന്ന് വിരലുകള്‍ പതിപ്പിച്ചിരുന്നു
മേശയില്‍ കോറിയിട്ട സന്യാസിയുടെ കൈ അടയാളം1731 ലെ സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ ടോഡിയിലെ ദൈവദാസി മദര്‍ ഇസബെല്ല ഫൊര്‍നാരിക്ക് മാന്റൊവ ആശ്രമത്തിലെ മുന്‍ സുപ്പീരിയറായിരുന്ന ഫാ. പാന്‍സാനി പ്രത്യക്ഷപ്പെട്ടു. താന്‍ ശുദ്ധീകരണസ്ഥലത്താണെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മദറിനോട് ആവശ്യപ്പെട്ടു. ശുദ്ധീകരണസ്ഥലത്തുനിന്നും വരുന്നുവെന്ന് അറിയിച്ച ഫാ. പാന്‍സാനി, മദര്‍ ഉപയോഗിച്ചിരുന്ന മേശയിലും മദറിന്റെ സന്യാസവസ്ത്രത്തിന്റെ കൈകളിലും സ്പര്‍ശിച്ചു. തീ കൊണ്ട് കോറിയിട്ടതുപോലെ ആ മേശയിലും വസ്ത്രത്തിലും ഫാ. പാന്‍സാനിയുടെ കൈയുടെ അടയാളം പതിഞ്ഞു. മദറിന്റെ സന്യാസവസ്ത്രവും മേശയും അവിടെ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

*തലയിണയിലെ അടയാളം

ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ഓഫ് സെന്റ് ലൂയിജി ഗൊണ്‍സാഗ ക്ഷയരോഗം ബാധിച്ചപ്പോള്‍ വിഷാദരോഗത്തിന് അടിമയായി തന്റെ ജീവിതം അവസാനിച്ചിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചു. 1894 ജൂണ്‍ 5 ന് അവള്‍ മരിച്ചു. അതേ ദിവസം വൈകുന്നേരം തന്നെ അവള്‍ സഹസന്യാസിനിയായിരുന്ന മാര്‍ഗരീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു. തിടുക്കത്തിലായിരുന്ന അവള്‍, താന്‍ ദൈവത്തിന്റെ പദ്ധതിയില്‍നിന്ന് അകന്നുപോയതുകൊണ്ടുള്ള ശിക്ഷയായി ശുദ്ധീകരണസ്ഥലത്താണെന്ന് അറിയിച്ചു. തന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും അവിടെയുണ്ടായിരുന്ന സിസ്റ്റര്‍ മര്‍ഗരീത്തയുടെ തലയിണയില്‍ തന്റെ കൈ അടയാളം പതിപ്പിക്കുകയും ചെയ്തു.

ഇതുപോലെയുള്ള കൈ അടയാളങ്ങള്‍ പതിഞ്ഞ വസ്തുക്കളാണ് ശുദ്ധീകരണസ്ഥല മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കള്‍. നമ്മുടെ പ്രാര്‍ത്ഥനകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് മോചനം ലഭിക്കും എന്നതിന്റെ തെളിവാണ് ഇതെല്ലാം. ശുദ്ധീകരണസ്ഥലത്തുനിന്ന് ആരും നരകത്തിലേക്ക് പോകുന്നില്ല. എങ്കിലും ശുദ്ധീകരണസ്ഥലത്തെ അവരുടെ ശിക്ഷയുടെ കാലാവധി കുറയ്ക്കുവാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിയും.ഇവിടെയുള്ള എല്ലാ പ്രദര്‍ശനവസ്തുക്കളിലും പതിഞ്ഞിരിക്കുന്ന കൈ അടയാളങ്ങള്‍ തീകൊണ്ട് കോറിയിട്ടതുപോലെയാണ് ഉള്ളത്. അതിനുകാരണമായി പറയുന്നത് അവയെല്ലാം തന്നെ ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയെ സൂചിപ്പിക്കുന്നു എന്നാണ്.

നവംബര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാനുള്ള മാസമാണ്. നമ്മില്‍നിന്നും വേര്‍പിരിഞ്ഞുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണിത്. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ ദൈവത്തിന്റെ കാരുണ്യം ലഭിച്ചവരാണ്. ലോകത്തില്‍ ജീവിച്ച കാലത്ത് പരിപൂര്‍ണമായ വിശുദ്ധിയില്‍ ജീവിക്കാതെ കടന്നുപോയ അവര്‍ക്ക് നിത്യതയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് മാലിന്യമെല്ലാം കഴുകി പരിശുദ്ധമാക്കപ്പെടണം.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി ഈ ലോകത്തിലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ഭാഗ്യം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group