മാഡ്രിഡ് സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ

ഒരു കത്തോലിക്കാ പുരോഹിതൻ ഉൾപ്പടെ നാല് പേരുടെ മരണത്തിലേക്ക് നയിച്ച സ്ഫോടനത്തിൽ ഫ്രാൻസിസ് പാപ്പ അനുശോചനം അറിയിച്ചു. സ്പാനിഷ് സിറ്റിയായ മാഡ്രിഡിൽ കഴിഞ്ഞ ബുധനാഴ്ചയോടെയാണ് സ്ഫോടനം നടന്നത്. പ്രാദേശിക കത്തോലിക്കൻ ഇടവകയായ ഔർ ലേഡി ഓഫ് ദി ഡവ് ദേവാലയത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ ഉണ്ടായ വാതകച്ചോർച്ചയാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ജീവനുകളാണ് സംഭവസ്ഥലത്തുവച്ചുതന്നെ നഷ്ടമായത്. അപകടത്തിൽ ഗുരുതര പരിക്കുകളുമായി ചികിത്സയിലായിരുന്ന ഔർ ലേഡി ഓഫ് ദി ഡവിലെ പുരോഹിതനായിരുന്ന ഫാദർ റുബെൻ പെറെസ് ആയല ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്.      മരണപ്പെട്ടവരിൽ ഒരു പ്രാദേശിക ഇലക്ട്രീഷ്യൻ, 85കാരിയായ സ്പാനിഷ് വയോധിക, ഒരു ബൾഗേറിയൻ പൗരൻ എന്നിവരും ഉൾപ്പെടുന്നു. സ്ഫോടനത്തിൽ പതിനൊന്നോളം പേർക്ക് പരിക്കേറ്റു.        ഈ അവസരത്തിൽ മാഡ്രിഡിലെ ആർച്ച് ബിഷപ്പ് കർദിനാൾ കാർലോസ് ഒസോറോ സിയെറക്ക് അയച്ച കത്തിലാണ് പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയത്. കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ ഒപ്പിട്ട സന്ദേശത്തിൽ അതിരൂപതയുടെ വിലാപത്തിൽ പങ്കുചേർന്ന് പരിശുദ്ധ പിതാവ് തന്റെ സ്നേഹവും അടുപ്പവും അറിയിച്ചു. സ്ഫോടനത്തിന് ഇരയായവർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് ഫ്രാൻസിസ് പാപ്പാ കത്തെഴുതിയിരിക്കുന്നത്. ഒപ്പം കർദിനാൾ ഒസോറോയും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച ഫാ. റുബെന്റെ മരണത്തിലുള്ള ദുഃഖം തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group