ഒക്ടോബർ 14 – വിശുദ്ധ കാലിസ്റ്റസ് ഒന്നാമൻ.

ക്രിസ്ത്യാനിയായ ഒരു അടിമയുടെ മകനായി AD രണ്ടാം നൂറ്റാണ്ടിലാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. കാർപോഫോറസ് എന്ന ക്രിസ്തുമത വിശ്വാസിയുടെ അടിമയായിരുന്ന കാലിസ്റ്റസ്, അദ്ദേഹത്തിന്റെ ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടകാരനായി നിയമിതനായി. സ്ഥാപനത്തിലെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഒരു പങ്ക്, പാവപ്പെട്ട വിധവകൾക്കും അനാഥാർക്കും കാലിസ്റ്റസ് ദാനം നൽകി. ധനകാര്യ സ്ഥാപനം പരാജയപ്പെട്ടത്തിനെത്തുടർന്ന്‌ അദ്ദേഹം നാടുവിട്ട് ഒളിച്ചോടി. പക്ഷേ പോർട്‌സ് എന്ന സ്ഥലത്ത് ഒരു കപ്പലിൽ നിന്ന് പിടിക്കപ്പെട്ടു. അതിനുള്ള ശിക്ഷയായി യജമാനൻ അദ്ദേഹത്തെ ‘സാർഡിനിയ’യിലെ ഒരു ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് അടിമപ്പണിക്കായി അയച്ചു. പിന്നീട് അവിടുന്ന് മോചിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെവന്നു.

199-ൽ കാലിസ്റ്റസിനെ ‘സെഫിനസ് മാർപ്പാപ്പ’ ഒരു ഡീക്കനായി നിയമിക്കുകയും അതോടൊപ്പം റോമിലെ പുരാതനവും പ്രശസ്തവുമായ ‘അപ്പിയൻ വേ’യിലെ സെമിത്തേരിയുടെ സൂപ്രണ്ടായി നിയമിക്കുകയും ചെയ്തു. ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നറിയപ്പെടുന്ന ഈ കല്ലറകളിലാണ് പല മെത്രാൻമാരെയും മാർപ്പാപ്പമാരെയും അടക്കം ചെയ്തിരിക്കുന്നത്. സഭയുടെ ഉടമസ്‌ഥതയിലുള്ള ആദ്യ ഭൂസ്വത്തിലായിരുന്നു ഈ കല്ലറകൾ പണിതത്. മൂന്നാം നൂറ്റാണ്ടിൽ റോമിലെ ഒൻപത് മെത്രാൻമ്മാരെ കാലിസ്റ്റസിന്റെ സെമിത്തേരിയിൽ സംസ്‌കരിച്ചു. ആ ഭാഗം ഇപ്പോൾ ‘കാപ്പെല്ല ഡീ പാപ്പീ’ എന്നാണറിയപ്പെടുന്നത്. 1849-ൽ പുരാവസ്തു ഗവേഷകർ ഈ കല്ലറകൾ വീണ്ടും കണ്ടെത്തി.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ വിശുദ്ധൻ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി വിശുദ്ധന്‍ സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പാ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ‘ത്രിയേക ദൈവം’ എന്ന സഭയുടെ വിശ്വാസത്തിനെതിരായ ‘അഡോപ്ഷനിസം’, ‘മോഡലിസം’ തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു.

മരണം

വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു.
AD 222 അല്ലെങ്കിൽ AD 223 കാലഘട്ടത്തിലാണ് വിശുദ്ധ കാലിസ്റ്റസ് രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ ‘അസ്റ്റീരിയസ്’ എന്ന വൈദികനെ, അലക്‌സാണ്ടർ സെവേറൂസ് പിടികൂടുകയും ഒരു പാലത്തിൽനിന്ന് ‘ടൈബെർ’ നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. ആഗോള കത്തോലിക്കാ സഭ ഒക്ടോബർ 14-ലാണ് വിശുദ്ധ കാലിസ്റ്റസിന്റെ ഓർമ്മതിരുന്നാൾ ആഘോഷിക്കുന്നത്.