ഇറ്റലിയിലെ നേപ്പിയൻസിലാണ് വിശുദ്ധ ഗേത്താനോ എറീക്കോ ജനിച്ചത്. നിർധന കുടുംബത്തിലെ അംഗമായാണ് അദ്ദേഹം ജനിച്ചത്. പരമകാരുണ്യവാനായ ദൈവത്തിൽ ഉത്തമ വിശ്വാസം പുലർത്തിയിരുന്ന ഒരു കുടുംബമായിരുന്നു വിശുദ്ധന്റേത്. ആത്മീയമായ ദൈവത്തിന്റെ പാത പിന്തുടരുവാൻ നന്നേ ചെറുപ്പത്തിൽ തന്നെ വിശുദ്ധന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഉത്തമമായ ദൈവഭക്തിയും മറ്റും മാതാപിതാക്കളിൽ നിന്നും അദ്ദേഹത്തിന് പകർന്നു കിട്ടിയിരുന്നു. പൗരോഹത്യ ജീവിതം അദ്ദേഹത്തിന് വളരെ ചെറുപ്പത്തിൽ തന്നെ ഇഷ്ട്ടമായിരുന്നു. സന്യാസത്തിന്റെ പാതയിൽ ജീവിക്കുന്നതിന് അദ്ദേഹം പ്രാധാന്യം നൽകി. തന്റെ പതിനാലാം വയസ്സിൽ വിശുദ്ധൻ ആ മാർഗ്ഗം തിരഞ്ഞെടുക്കുകയും ചെയ്തു. പതിനാറാം വയസ്സിൽ നേപ്പിയൻസിലെ അതിരൂപതാ സെമിനാരിയിൽ ചേർന്നു. അവിടുത്തെ പഠനത്തിന് ശേഷം, 1815- സെപ്റ്റംബർ 23-ന് കർദിനാൾ റെഫോസിയ പുരോഹിതനായി ഗേത്താനോ എറീക്കോയെ അഭിക്ഷേകം ചെയ്തു. അധ്യാപകനായും വിശുദ്ധൻ മികവ് തെളിയിച്ചിട്ടുണ്ട്. 1818-ൽ അവിസ്മരണീയമായ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. വിശുദ്ധ അൽഫോൻസ് ഗ്രിഗറി അദ്ദേഹത്തിന് ദർശനം നൽകുകയും 1846ൽ ഓഗസ്റ്റ് 7-ന് പുതിയ സന്യാസ സഭയ്ക്കും നിയമാവലിക്കും അംഗീകാരം ലഭിച്ചു. പ്രഥമ സുപ്പീരിയർ ജനറലായി ഗേത്താനോ എറീക്കോയെ നിയോഗിച്ചു. ദൈവകാരുണ്യം മറ്റുള്ളവരിലേക്ക് ചൊരിയുകയും പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായും തണലായും സ്നേഹമായും വിശുദ്ധൻ നിലകൊണ്ടു. 1860 ഒക്ടോബർ 29-ന് തന്റെ അറുപത്തിയൊമ്പതാം വയസ്സിൽ ദൈവത്തിൽ നിദ്ര പ്രാപിക്കുകയും 2002-ൽ ജോൺ പോൾ രണ്ടാമൻ പാപ്പാ വിശുദ്ധ പദവിലേക്ക് ഗേത്താനോ എറീക്കോയെ ഉയർത്തുകയും ചെയ്തു. കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉധാഹരണമായ അദ്ദേഹത്തിന്റെ തിരുനാളായി ഒക്ടോബർ 29 വിശ്വാസികൾ സ്മരിക്കുന്നു.