November 08 – വിശുദ്ധ ഗോഡ്‌ഫ്രെ

ഫ്രാൻസിലെ സോയിസൺസ് എന്ന സ്ഥലത്ത് 1066 ൽ ആണ് ഗോഡ് ഫ്രെ ജനിച്ചത്. ഒരു കുലീന കുടുംബത്തിലെ 3-ാമത്തെ കുഞ്ഞായിട്ടാണ് ഇദ്ദേഹം ജനിച്ചത്. വളരെ ചെറുപ്പത്തിലെ തന്നെ വിശുദ്ധന്റെ അമ്മ മരിച്ചു. ശേഷം ഇദ്ദേഹത്തിന്റെ പിതാവ് സന്യാസ ജീവിതം നയിക്കുവാൻ ഇഷ്ടപ്പെടുകയും ചെയ്തു.


തന്റെ 5-ാമത്തെ വയസിൽ തന്നെ മുത്തഛൻ അധിപതിയായ ബെനടിക്റ്റൻ   ആശ്രമമായ മോണ്ട് സെന്റ് കിന്റിനിൽ ചേർന്നു. മറ്റുളളവരെ സ്നേഹിക്കുവാനുളള താല്പര്യവും ഓരോ വ്യക്തിയിലും യേശുവിന്റെ മുഖം ദർശിക്കുവാനുള്ള പരിശ്രമവും എല്ലാം വിശുദ്ധനെ ഏവരുടേയും പ്രിയങ്കരൻ ആക്കി മാറ്റി. വളരെ പെട്ടെന്നു തന്നെ സഭാവസ്ത്ര സ്വീകരണത്തിന് അദ്ദേഹം അർഹനാവുകയും ആശ്രമത്തിലെ കുഞ്ഞു സന്യാസി ആയി മാറുകയും ചെയ്തു. അവിടെ വിശുദ്ധന് രോഗികളുടെ കാര്യങ്ങൾ നോക്കുവാനുള്ള ചുമതലയും പാവപ്പെട്ട രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനുള്ള ചുമതലയും നൽകപ്പെട്ടു. തന്നെ ഏൽപ്പിച്ച കാര്യങ്ങളെല്ലാം വളരെ മനോഹരമായി ഗോഡ് ഫ്രെ പൂർത്തിയാക്കി.

ആശ്രമത്തിൽ വച്ച് വളരെ നല്ല വിദ്യാഭ്യാസം ലഭിച്ച ഇദ്ദേഹം തന്റെ 25-ാം വയസിൽ            നോയോണിലെ മെത്രാനാൽ ദൈവത്തിന്റെ ദാസനായി അഭിഷിക്തനായി. ശേഷം ഷാംപെയ്നിലെ നോജന്റ് –  സൂസ് –              കൊസിയുടെ മഠാധിപതിയായി നിയമിതനായി. ആദ്യ കാലങ്ങളിൽ ആത്മീയവും ഭൗതീകവുമായ മേഖലകളിൽ ശേഷിച്ചു കൊണ്ടിരുന്ന ആശ്രമത്തെ പച്ചപ്പിന്റെ സമൃദ്ധിയിലേക്ക് വിശുദ്ധൻ കൈ പിടിച്ച് നടത്തി. അവിടുത്തെ ആശ്രമവാസികൾക്കെല്ലാം വളരെ ഇഷ്ടമായിരുന്ന ഗോഡ് ഫ്രെയുടെ ജീവിത മാതൃക ഉൾകൊണ്ട് ഒട്ടേറെ പേർ ആശ്രമത്തിൽ എത്തുകയും ആശ്രമം ആധ്യാത്മികതയുടെ സുപ്രധാനമായ കേന്ദ്രമാവുകയും ചെയ്തു


 ഫ്രാൻസിലെ അറിയപ്പെടുന്ന രൂപതയായ റെയിംസ് രൂപതയുടെ സഹായക മെത്രാനായി വിശുദ്ധൻ നിയമിതനായി. താൻ വളർത്തിയെടുത്ത തന്റെ ആശ്രമം വിട്ടുപോകുവാൻ അദ്ദേഹത്തിന്റെ മനസ് അനുവദിച്ചില്ലെങ്കിൽ കൂടിയും ദൈവേഷ്ടം നിറവേറ്റുവാൻ വിശുദ്ധൻ റെയിംസിലെ   ജനങ്ങളുടെ ആത്മീയ ഗുരുവായി . വളരെ ലളിതമായ ജീവിതം നയിച്ച അദേഹം പാവങ്ങളുടേയും അനാഥരുടേയും കൈ പിടിച്ചു വഴി നടത്തുന്ന നല്ല അപ്പനായി.

തന്റെ ജനങ്ങളുടെ മദ്യപാന ശീലത്തേയും മറ്റും കഠിനമായ എതിർത്ത ഗോഡ് ഫ്രെ അവയിൽ നിന്ന് പിൻതിരിയുവാൻ ജനങ്ങളെ ഉത്ബോധിപ്പിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇതിൽ കൂപിതരായ ഒരു പറ്റം ആളുകൾ ഇദ്ദേഹത്തെ വധിക്കുവാനും അക്രമിക്കുവാനും ശ്രമം നടത്തി. മെത്രാൻ സ്ഥാനത്ത് നിന്ന് രാജി വച്ച് സന്യാസിയായി വിരമിക്കുവാൻ ആഗ്രഹിച്ച ഗോഡ് ഫ്രെ രാജി വയ്ക്കുന്നതിന് മുൻമ്പായി തന്റെ 50ാം വയസിൽ നിത്യ സമാനത്തിനായി വിളിക്കപ്പെട്ടു.