തൃശ്ശൂർ മാളയ്ക്കടുത്ത് പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ വീട്ടിൽ കുഞ്ഞിത്തൊമ്മന്റെയും താണ്ടമ്മയുടെയും മൂന്നാമത്തെ സന്താനമായിരുന്നു മറിയം ത്രേസ്യ. 1876 ഏപ്രിൽ 26നായിരുന്നു ജനനം. കുഞ്ഞുനാളിൽത്തന്നെ അമ്മ, ത്രേസ്യയെ പ്രാർഥിക്കാൻ പഠിപ്പിച്ചു. ബൈബിളിലെ കഥകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം വിടർന്നകണ്ണുകളോടെ അവൾ കേട്ടിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ അവൾ വിങ്ങിപ്പൊട്ടുമായിരുന്നു. ദിവസവും പള്ളിയിൽപ്പോയിരുന്ന അവൾ രാത്രി ദീർഘനേരം മുട്ടിൽനിന്ന് പ്രാർഥിച്ചു. ഒമ്പതുവയസ്സുള്ളപ്പോൾതന്നെ അവൾ നിത്യകന്യകയായി ജീവിക്കാനാണ് ഇഷ്ടമെന്ന് അമ്മയോട് തറപ്പിച്ചുപറഞ്ഞു.
പ്രായത്തിനിണങ്ങാത്ത ആത്മീയചര്യകളായിരുന്നു കുഞ്ഞുത്രേസ്യയുടേത്. ആഴ്ചയിൽ നാലുദിവസം ഉപവസിക്കും. ക്രിസ്തു സഹിച്ച വേദനകളിൽ പങ്കുപറ്റാൻ ചരൽനിറച്ച തലയിണയാണ് ഉപയോഗിച്ചിരുന്നത്, കിടക്കുമ്പോൾ പായയ്ക്കടിയിൽ കല്ലുകൾ നിരത്തി…രുചിയുള്ള ഭക്ഷണത്തിൽ കയ്പുനീര് കലർത്തിയാണ് കഴിച്ചിരുന്നത്. ശരീരത്തിൽ സദാ മുൾമുടിയും മുൾച്ചട്ടയും ധരിക്കുമായിരുന്നു. ഇവ ശരീരത്തിൽ തുളച്ചുകയറി രക്തം പൊടിയുമ്പോഴും അവൾ ചിരിച്ചു. ലൗകികസുഖങ്ങൾക്ക് താൻ അടിമയാകരുതെന്ന വാശിയിലായിരുന്നു അവൾ. ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ പിൽക്കാലത്ത് ത്രേസ്യയുടെ ശരീരത്തിലും പ്രത്യക്ഷപ്പെട്ടു. അവർ ധരിച്ചിരുന്ന ചട്ട പലപ്പോഴും രക്തത്തിൽ കുതിരും. കുഴിക്കാട്ടുശ്ശേരിയിലെ മ്യൂസിയത്തിൽ രക്തം കട്ടപിടിച്ച ചട്ട സൂക്ഷിച്ചിട്ടുണ്ട്.ഇത്തരം ഭക്തിപാരവശ്യങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായില്ല. മങ്കിടിയാൻ ത്രേസ്യയ്ക്ക് ഭ്രാന്താണെന്നുവരെ സംസാരമായി. അപ്പനും സഹോദരങ്ങളുംവരെ അവളുടെ ചെയ്തികളെ വിമർശിച്ചു, കൂട്ടുകാർ പരിഹസിച്ചു… പക്ഷേ, അമ്മ താണ്ടയ്ക്കുമാത്രം മകളെ മനസ്സിലായി. അവളാകട്ടെ മറ്റുള്ളവരുടെ പറച്ചിലുകൾക്ക് ചെവികൊടുത്തതുമില്ല. അടുത്ത വീടുകളിൽ രോഗികളായവരെ സന്ദർശിക്കാനും സഹായിക്കാനും അവൾ ഉത്സാഹിച്ചു. ജീവിതത്തിൽ തകർച്ചകൾ നേരിട്ടവരെ ദൈവവചനം പങ്കുവെച്ച് സമാശ്വസിപ്പിച്ചു.ഇക്കാലത്ത് അപ്പന്റെ അമിതമദ്യപാനം മങ്കിടിയൻ കുടുംബത്തിലെ സ്വത്തും സ്വസ്ഥതയും നശിപ്പിച്ചു. ആങ്ങള പൊറിഞ്ചുവിന്റെ വിവാഹംകൂടി കഴിഞ്ഞതോടെ കുടുംബത്തിൽ അസ്വസ്ഥത വർധിച്ചു. വൈകാതെ താണ്ട രോഗബാധിതയായി. ത്രേസ്യയ്ക്ക് 12 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അതവൾക്ക് താങ്ങാനാവാത്ത ആഘാതമായി. കുടുംബത്തിൽ തന്നെ ഉൾക്കൊണ്ടിരുന്ന വ്യക്തിയുടെ വിടവാങ്ങൽ വലിയ ശൂന്യതയിലേക്ക് അവളെ തള്ളിയിട്ടു. അവളുടെ മാർഗദർശിയും പ്രചോദകയും ആത്മീയ ഉപദേഷ്ടാവും അധ്യാപികയും അഭയസ്ഥാനവുമൊക്കെ അമ്മയായിരുന്നല്ലോ. പിന്നീടവൾ മുറുകെപ്പിടിച്ചത് ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തെയാണ്. അവൾ തന്റെ സങ്കടങ്ങൾ മാതാവിനോട് എണ്ണിപ്പറയും, പുലരുംവരെ ജപമാലചൊല്ലും. അങ്ങനെ താണ്ടയുടെ വേർപാടോടെ മനസ്സിനെ പൊതിഞ്ഞ അനാഥത്വം അവൾ മറികടന്നു. പ്രാർഥനയിലും പരസ്നേഹപ്രവൃത്തികളിലും അവൾക്കൊപ്പം മൂന്നുകൂട്ടുകാരികളും ഉണ്ടായിരുന്നു.തൃശ്ശൂർ രൂപത മെത്രാൻ ജോൺ മേനാച്ചേരിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള ഒല്ലൂർ കർമ്മലീത്താ മഠത്തിൽ വിശുദ്ധആയ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്കുതന്നെ തിരിച്ചുപോന്നു.ആത്മപിതാവ് ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത് താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോൾ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.
1902 മാർച്ചിൽ പുത്തൻചിറ പള്ളിയിൽനടന്ന ധ്യാനം അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. അവിടെ കുമ്പസാരം കേൾക്കാൻവന്ന മാള പള്ളിവികാരിയായിരുന്ന ഫാ. ജോസഫ് വിതയത്തിലിനോട് അവൾ തന്റെ ആത്മീയാനുഭവങ്ങളും അഭിവാഞ്ഛകളും തുറന്നുപറഞ്ഞു. ഭൗതികപ്രലോഭനങ്ങൾ വലിഞ്ഞുമുറുക്കുന്നതിനെക്കുറിച്ച് വിലപിച്ചു. അച്ചന് അവളെ മനസ്സിലാക്കാൻ കഴിഞ്ഞു. അന്നുമതൽ അച്ചൻ ത്രേസ്യയുടെ ആത്മീയ പിതാവായിമാറി. പിന്നീട് അച്ചൻ പുത്തൻചിറ പള്ളിയിൽ വികാരിയായി ചുമതലയേറ്റു. ത്രേസ്യയുടെ സവിശേഷമായ ആത്മീയജീവിതവും നിഷ്ഠകളും അച്ചൻ അക്കാലത്തുതന്നെ രൂപതാ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മെത്രാനച്ചന് വിതയത്തിലച്ചൻ എഴുതിയ കത്തുകളും അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും ഇതിന് സാക്ഷ്യം പറയുന്നുണ്ട്. ത്രേസ്യ ജീവിച്ചിരുന്നപ്പോൾത്തന്നെ ഒരു വിശുദ്ധയാണെന്ന് തിരിച്ചറിഞ്ഞ ആ വൈദികനാണ് പിന്നീടുള്ള അവളുടെ ജീവിതത്തെ ക്രമപ്പെടുത്തിയത്. സഹനവഴിയിൽ ത്രേസ്യയെ കൈപിടിച്ചുനടത്തിയ ആ വൈദികനും വിശുദ്ധപദവിയിലേക്കുള്ള പ്രയാണത്തിലാണ്.
1926 ജൂൺ 8ന് തന്റെ 50-മത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽ വെച്ച് മറിയം ത്രേസ്യ വിച്ച് നിത്യസൗഭാഗ്യത്തിലേക്ക് യാത്രയായി.
1973 ഒക്ടോബർ 5 ന് ദൈവദാസി എന്ന് നാമകരണം ചെയ്തു.
തുടർന്ന് 1999 ജൂൺ 28 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്ന് നാമകരണം ചെയ്തു.
വാഴ്‌ത്തപ്പെട്ട – 2000 ഏപ്രിൽ 9 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്‌ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു.
എല്ലാ വർഷവും ജൂൺ 8 ന് മറിയം ത്രേസ്യയുടെ തിരുനാൾ ആചരിക്കുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group