വിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന് ഒരുങ്ങി വത്തിക്കാൻ. തിരുകർമ്മങ്ങൾക്ക് മാർപാപ്പാ കാർമ്മികത്വം വഹിക്കും

വിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലെ വിശേഷാൽ തിരുക്കർമ്മങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ. ഇന്ന് (ജൂൺ 29) രാവിലെ 9.25ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കും. ‘പാലിയം’ ആശീർവദിക്കുന്ന തിരുക്കർമ്മങ്ങളും പാപ്പാ നിർവഹിക്കും. കഴിഞ്ഞ വർഷം പുതുതായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാരെ (ആർച്ച്ബിഷപ്പ്) സ്ഥാനിക ചിഹ്നമായി അണിയിക്കാൻ ആട്ടിൻ രോമം കൊണ്ട് തയാറാക്കുന്ന വെളുത്ത ഉത്തരീയമാണ് പാലിയം.

പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽവെച്ച് ആർച്ച്ബിഷപ്പുമാർക്ക് പാപ്പതന്നെ പാലിയം അണിയിക്കുന്നതായിരുന്നു 2014വരെ പതിവ്. എന്നാൽ, പാപ്പാ ആശീർവദിച്ച് അതത് സ്ഥലങ്ങളിലേക്ക് അയക്കുന്ന പാലിയം, പേപ്പൽ ന്യുൺഷ്യോ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ രൂപതാ കേന്ദ്രത്തിൽവെച്ച് അണിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ പരമാധികാരത്തിൽ പുതിയ ആർച്ച്ബിഷപ്പുമാരുടെ പങ്കുചേരലും പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെയും അടയാളമാണ് പാലിയം അണിയിക്കൽ.

‘പീറ്റേഴ്സ് പെൻസ്’ എന്ന പേരിൽ ലോകമെമ്പാടുമുള്ള രൂപതകളിൽ നടത്തുന്ന ധനസമാഹരണവും ഇന്നേ ദിനത്തിന്റെ സവിശേഷതയാണ്. ആഗോളതലത്തിൽ സഭയെ സഹായിക്കുന്നതിനായുള്ള പേപ്പൽ ചാരിറ്റിക്കു വേണ്ടിയാണ് ഈ തുക സമാഹരിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം വളരെ കുറച്ചു പേർക്കു മാത്രമായിരുന്നു തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനായത്. എന്നാൽ ഇത്തവണ നിരവധി പേർക്ക് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനാവും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group