സംസ്ഥാന ചലച്ചിത്ര അവാർഡ് – ധാർമ്മികതയെ അവഗണിക്കുന്നു: സീറോമലബാർ സഭാ അത്മായഫോറം

സംസ്ഥാന ചലച്ചിത്ര അവാർഡ് – ധാർമ്മികതയെ അവഗണിക്കുന്നുവെന്ന് സീറോമലബാർ സഭാ അത്മായഫോറം

കാതൽ ദി കോറിന് നല്ല ചലച്ചിത്രത്തിനുള്ള അവാർഡ് നൽകിയതിലൂടെ സാമൂഹികജീവിതത്തെ അരാജകമാക്കുകയും സാംസ്കാരിക സദാചാരമേഖലയിൽ ഗുരുതരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലിബറൽ ചിന്തകളുടെ പ്രചാരകരും പ്രയോക്താക്കളുമായി സംസ്ഥാന സർക്കാരും മാറുകയാണോ? ജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡുകൾ കൊടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സർക്കാർസംവിധാനങ്ങൾ ഓർക്കണം. നാളിതുവരെ കാത്തുസൂക്ഷിച്ച സനാതനമൂല്യങ്ങളെയൊക്കെയും തിരസ്കരിച്ച് അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെപേരിൽ അധാർമ്മികതകളെ സ്ഥാപിക്കാനാണ് പലപ്പോഴും ഇടതുപക്ഷസർക്കാരുകൾ ശ്രമിക്കുന്നത്. കാതൽ ദി കോർ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ പരിഗണനയിൽ ഒരിക്കൽപ്പോലും വന്നില്ല എന്നത് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വ്യക്തമായ ഇടതുപക്ഷ അജണ്ട വെളിവാക്കുന്നുവെന്നും അത്മായഫോറം ചൂണ്ടിക്കാട്ടി.

ഒരു കലാകാരനെന്ന നിലയിൽ പുലർത്തേണ്ട ധാർമ്മികത ഇല്ലാതെപോകുന്നു വെന്നതാണ് കാതൽ ദി കോറിൻ്റെ ഏറ്റവും വലിയ ന്യൂനത. സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല. സനാതനമൂല്യങ്ങൾക്കു വിരുദ്ധമായ ആശയമാണ് ഈ ചിത്രത്തിലുള്ളത്. മനുഷ്യത്വത്തെയും ധാർമ്മികതയെയും കാർന്നുതിന്നുന്ന ഏറ്റവും വലിയ വൈറസായി സിനിമ മാറിയിട്ടു കാര്യമുണ്ടോ? മനുഷ്യനെ സംസ്കാരസമ്പന്നനാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ തന്നെ മനസിലാക്കണം. സിനിമ എന്ന മാധ്യമത്തോട് ധാർമ്മികപ്രതിബദ്ധത പുലർത്തുന്നതിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയിച്ച ജൂറിക്കും തെറ്റുപറ്റിയിരിക്കുന്നുവെന്നും അത്മായഫോറം പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m