അമൽജ്യോതി കോളജിലെ സമരം; മന്ത്രിതല ചർച്ച ഇന്ന്

അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി.എൻ വാസവനുമാണ് കോളേജ് മാനേജ്മെൻ്റുമായും വിദ്യാർത്ഥി പ്രതിനിധികളുമായും ചർച്ച നടത്തുക. എന്നാൽ കാഞ്ഞിരപ്പള്ളി രൂപതയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിലെ പ്രശ്ന പരിഹാരത്തിന് മന്ത്രിമാരുടെ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് നേരിട്ടെത്തുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തെ തുടർന്ന് ചർച്ചക്ക് തയ്യാറായ മാനേജ്മെൻ്റ്, വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചിരിക്കുകയാണ്. മാനേജ്മെൻറിനെതിരെ വിദ്യാർത്ഥികൾ സമരം കടുപ്പിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് സർക്കാർ നേരിട്ടിടപെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കോളജിൽ നേരിട്ടെത്താനായിരുന്നു ആദ്യ തീരുമാനം. രാത്രിയോടെയാണ് ചർച്ച കാഞ്ഞിരപ്പള്ളി സർക്കാർ അതിഥിമന്ദിരത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ ആവശ്യം മാനേജ്മെൻ്റ് തളളിയതിന് പുറമേ സമരത്തെ കാഞ്ഞിരപ്പള്ളി രൂപത തന്നെ എതിർത്ത് രംഗത്ത് വന്നിരുന്നു.

സർക്കാർ ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ എൻ ജയരാജിൻ്റെ നേതൃത്വത്തിൽ നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘം നേരിട്ടെത്തുന്നത്. ഇതിന് പുറമേ സാങ്കേതിക സർവകലാശാല പ്രതിനിധികളും ഇന്ന് കോളജിലെത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group