ജാർഖണ്ഡിൽ മതന്യൂനപക്ഷങ്ങളിലെ വിദ്യാർഥികൾക്ക് വീണ്ടും അവഗണന

Students of religious minorities again neglected in Jharkhand

റാഞ്ചി: മതന്യൂനപക്ഷങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായത്തിനായി ഏർപ്പെടുത്തിയ ഫണ്ടിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ജാർഖണ്ഡിലെ ക്രിസ്ത്യാനികൾ. പോലീസിന്റെ പ്രത്യേക അഴിമതി വിരുദ്ധ വിഭാഗം സ്കൂൾ സ്കോളർഷിപ്പ് പദ്ധതികളിൽ സംഭവിച്ചിട്ടുള്ള ക്രമക്കേടുകൾ അന്വഷിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറൻ നിർദ്ദേശിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്കായും അവരുടെ വിദ്യാഭ്യാസ സഹായങ്ങൾക്കായും ഏർപ്പെടുത്തിയ ഫണ്ടിൽ സംഭവിച്ചിട്ടുള്ള അഴിമതി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ ഫെഡറേഷനായ രാഷ്ട്രീയ ഇസായ് മഹാസിങിന്റെ ദേശീയ പ്രസിഡന്റ് പ്രഭാത് ടിർക്കി പറഞ്ഞു.

ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മത ന്യൂനപക്ഷങ്ങൾക്കിടയിൽ പാവപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകളിൽ സർക്കാർ ഉദ്യോഗസ്ഥർ ബാങ്ക് ജീവനക്കാർ സ്കൂൾ അധികൃതർ ഇടനിലക്കാർ എന്നിവരുടെ ഒരു വൻ സംഘത്തിന്റെ അറിവോടെ ക്രമക്കേടുകൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിലയിടങ്ങളിൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കുമായി സർക്കാർ ഗ്രാന്റ് അനുവദിച്ചുവെങ്കിലും അവർക്ക് ലഭിച്ചത് പണത്തിന്റെ ചെറിയ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്.

2019-20 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടുകളനുസരിച്ച് ഫെഡറൽ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി 610 ദശലക്ഷം രൂപ (8.7 ദശലക്ഷം യു.എസ് ഡോളർ) ജാർഖണ്ഡ് സർക്കാരിന് അനുവദിച്ചിരുന്നു. 2008-ൽ രൂപം നൽകിയ പദ്ധതി പ്രകാരം, വാർഷിക കുടുംബ വാരുമാനം ഒരു ലക്ഷത്തിൽ (1400 ഡോളർ) താഴെയുള്ള മത ന്യൂനപക്ഷ വിദ്യാർഥികൾക്ക് വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയാൽ ഗ്രാന്റിന് അർഹത ലഭിക്കുന്നതാണ്.

എത്രകാലമായി ഈ തട്ടിപ്പ് നടക്കുന്നുണെന്ന് വ്യക്തതയില്ലെന്നും അനോഷണം പൂർത്തിയാക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണെന്നും പ്രഭാത് ടിർക്കി പറഞ്ഞു. പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസം അപകടത്തിലാക്കിയ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ സർക്കാർ നൽകണമെന്ന് ക്രിസ്ത്യൻ നേതാവ് ആവശ്യപ്പെട്ടു. നമ്മുടെ കുട്ടികളുടെ ഭാവി കവർന്നെടുക്കുന്നതിനെക്കുറിച്ച് ആരും ഒരിക്കലും ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും പുറമെ സിഖ്, ബുദ്ധ, ജൈന, പാഴ്സി തദ്ദേശവാസികളായ സാർന്ന ജനങ്ങളും ജാർഖണ്ഡിലെ മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളാണ്. അയൽ സംസ്ഥാനമായ ബീഹാറിലും സമാനമായ അഴിമതികൾ നടന്നതായി ഇംഗ്ലീഷ് ഭാഷ ദിനപത്രമായ ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group