* വിവാഹനിശ്ചയം മുതൽ പരസ്പരം മനസിലാക്കാൻ ശ്രമിക്കുക…
വിവാഹനിശ്ചയം കഴിഞ്ഞവരോട്, അവരുടെ ജീവിതയാത്ര പടിപടിയായി പരുവപ്പെടുന്ന ഒന്നാണ് വിവാഹമെന്നാണ് പാപ്പാ പറയുന്നത്. ആ യാത്ര പക്വതയുടെ ഒരു യാത്രയാണ്. ഇടയ്ക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും ആ യാത്ര നിർത്താൻ പാടില്ല. കാരണം ആ സമയം യഥാർത്ഥത്തിൽ ആത്മീയസമ്മാനങ്ങളുടെ ഒരു തുടക്കമാണ്.
* നിലനിൽക്കില്ല എന്നു തോന്നലുണ്ടെങ്കിൽ വിവാഹം എന്ന കൂദാശ സ്വീകരിക്കരുത്.
പങ്കാളിയെ ജീവനു തുല്യം സ്നേഹിക്കാൻ കഴിയില്ല എന്നു തോന്നലുണ്ടെങ്കിൽ വിവാഹമെന്ന കൂദാശ സ്വീകരണത്തിലേക്ക് പ്രവേശിക്കരുത്. യഥാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് ‘എന്നേക്കും’ എന്ന് പറയാനുള്ള ധൈര്യമുണ്ട്. കാരണം സ്നേഹിച്ചാൽ ആ ബന്ധം നിലനിൽക്കും. ദാമ്പത്യജീവിതം എന്നേക്കും ജീവിക്കാൻ ഒരു വ്യക്തിക്ക് ക്രിസ്തുവിന്റെ കൃപയും വിശുദ്ധരുടെ സഹായവും ആവശ്യമാണ്.
*കുടുംബജീവിതം ഒരു ദൈവവിളിയാണ്.
വിവാഹം ഒന്നിന്റെയും അവസാനമല്ല. വിവാഹം എല്ലാ പരീക്ഷണങ്ങളിലൂടെയും പ്രയാസകരമായ സമയങ്ങളിലൂടെയും ദമ്പതികൾ ഒരുമിച്ച് കടന്നുപോകാനുള്ള ഉറച്ചതും യാഥാർത്ഥ്യബോധമുള്ളതുമായ തീരുമാനത്തോടെ നമ്മെ മുന്നോട്ട് നയിക്കുന്ന ഒരു വിളിയാണ്.
*കുടുംബം സ്നേഹത്തിന്റെ പര്യായമാണ്.
സ്നേഹം, വളരുന്ന ഒരു യാഥാർത്ഥ്യമാണ്. കുടുംബം സ്നേഹത്തിന്റെ പര്യായമാണ്. കാരണം അത് നിർമ്മിച്ചിരിക്കുന്നത് വന്നുപോകുന്ന വികാരങ്ങളുടെ മണലിലല്ല; പിന്നെയോ ദൈവത്തിൽ നിന്നുള്ള സ്നേഹത്തിന്റെ പാറയിലാണ്. അതുകൊണ്ടു തന്നെ അത് എന്നേക്കും നിലനിൽക്കുന്ന, നിലനിൽക്കേണ്ട ഒന്നാണ്.
* വാശിയോടെ ഒരു ദിവസം അവസാനിപ്പിക്കരുത്.
നിങ്ങൾ വഴക്കിടുന്ന നിമിഷത്തേക്കാൾ സ്നേഹം എത്രയോ ശക്തമാണ്. അതുകൊണ്ട് ഒരു ദിവസം പോലും കലഹത്തിൽ അവസാനിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്നേഹത്തിലല്ലാതെ ഒരു ദിവസവും അവസാനിക്കരുതെന്ന ബോധ്യം ദമ്പതികൾക്ക് ഉണ്ടാകണം.
*അനുമതി, നന്ദി, ക്ഷമ…
ഒരു കുടുംബത്തെ നയിക്കാൻ ഈ മൂന്ന് വാക്കുകൾ ഉപയോഗിക്കേണ്ടത് ആവശ്യമാണ് – അനുമതി, നന്ദി, ക്ഷമ. ദമ്പതികൾ പരസ്പരം അനുവാദം വാങ്ങുന്നത് ഒരിക്കലും അവരുടെ അന്തസ്സിനെ മുറിപ്പെടുത്തുന്ന ഒന്നല്ല. പരസ്പരമുള്ള അവരുടെ സഹകരണത്തിന്റെ മുന്നോടിയാണ് അനുമതി തേടുന്നത് എന്ന് അവർ തിരിച്ചറിയണം. അവർ പരസ്പരവും ദൈവത്തോടും നന്ദിയുള്ളവരായിരിക്കണം. പക്വതയാർന്ന ഒരു കുടുംബജീവിതത്തിന് ഇത് ആവശ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group