ഡല്‍ഹി: അഞ്ച് ഭാഷകള്‍ക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി നല്‍കാൻ അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകള്‍ക്കാണ് പുതുതായി ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുക.
ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ല്‍ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകള്‍ക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്.
2004-ല്‍ തമിഴിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിരുന്നു. 2014-ല്‍ ഒഡിയക്കാണ് അവസാനമായി ഈ പദവി ലഭിച്ചത്. മറാത്തി ഉള്‍പ്പെടെ ഇവയില്‍ ചില ഭാഷകള്‍ക്ക് ശ്രേഷ്ഠ ഭാഷ പദവി നല്‍കണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. 2014-ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ മറാത്തിയെ ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കുന്നതിനായി ഭാഷാ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി അറിയിച്ചിരുന്നു.
മറാത്തിയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി നല്‍കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം വലിയ വിമർശനമാണ് ഉന്നയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മറാത്തി ഭാഷയോട് അവഗണനയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അടുത്തിടെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം ഈ ആവശ്യം അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m