സഹനങ്ങളെ അതിജീവിച്ച് യുവവൈദീകൻ ബലിയർപ്പണ വേദിയിലേക്ക്

രോഗങ്ങളോ ദുരിതങ്ങളോ ഒന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൊളംബിയിൽ നിന്നുള്ള ഫാ. കാർലോസ് എയ്ഞ്ചൽ മാർട്ടിനെസ്.ശരീരത്തെ തളർത്താനെത്തിയ അണുബാധയേയും അതിൽ നിന്ന് സുഖം പ്രാപിക്കവേ ഉണ്ടായ കോവിഡ് രോഗത്തിന്റെ ഗുരുതരാവസ്ഥയേയും ദൈവവിശ്വാസം കൊണ്ട് അതിജീവിച്ച് ബലിയർപ്പണ വേദിയിലേക്ക് എത്തിയിരിക്കുകയാണ് ഈ യുവ വൈദികൻ.

ഗുരുതരമായ രോഗത്തിൽ നിന്ന് മുക്തി നൽകിയ, അസാധ്യമെന്നുവരെ കരുതിയ തിരുപ്പട്ട സ്വീകരണം സാധ്യമാക്കിയ ദൈവത്തിനുള്ള നന്ദി അർപ്പണം കൂടിയായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രസ്തുത തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. സഹനത്തിന്റെ നാളുകളിൽ പ്രാർത്ഥന തന്നെ എത്രമാത്രം ബലപ്പെടുത്തിയെന്ന് സാക്ഷിച്ചു കൊണ്ട്, പൗരോഹിത്യ സ്വീകരണത്തോട് അനുബന്ധിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതും ശ്രദ്ധേയമായി. 31 വയസുകാരനായ ഫാ. കാർലോസ്, ‘ലീജിയൻ ഓഫ് ക്രൈസ്റ്റ്’ സന്യാസസഭയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്.

2004 നവംബറിലായിരുന്നു കാർലോസിന്റെ സെമിനാരി പ്രവേശനം. കൊളംബിയയിലെ ‘ലീജിയൻ ഓഫ് ക്രൈസ്റ്റ്’ സെമിനാരിയിൽ മൂന്നു വർഷം ചെലവഴിച്ച അദ്ദേഹം നോവിഷ്യറ്റിന്റെ ഭാഗമായി വടക്കൻ ഇറ്റലിയിൽ വൊക്കേഷൻ പ്രൊമോട്ടറായി സേവനം ചെയ്തു. തുടർന്ന് സ്‌പെയിനിലും അമേരിക്കയിലു മായിട്ടായിരുന്നു സെമിനാരി പരിശീലനം. തുടർന്ന്, മെക്‌സിക്കോയിലെ മിഷൻ പ്രവർത്തനങ്ങൾക്കുശേഷം റോമിലും സേവനം ചെയ്തു. അതിന് ഏതാനും നാൾ മുമ്പ് അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നിരുന്നു. അതേ തുടർന്ന്, നട്ടെല്ലിന്റെ പ്രധാന ഡിസ്‌ക്കുകളെ ബാധിച്ച അണുബാധയാണ് അദ്ദേഹത്തെ നിത്യരോഗിയാക്കിയത്. അണുബാധയിൽ നിന്നുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും നാല് ശസ്ത്രക്രിയകൾകൂടി വേണ്ടി വന്നു. പക്ഷേ, രോഗസൗഖ്യം അപ്പോഴും സാധ്യമായില്ല. പക്ഷാഘാതം വരാനുള്ള സാധ്യത ഉള്ളതിനാൽ, ചികിത്‌സ തുടരുകയാണ് ഇപ്പോൾ മെക്‌സിക്കോയിലായിരിക്കുന്ന ഇദ്ദേഹം.

ആരോഗ്യാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ, 2021 മേയിലായിരുന്നു അദ്ദേഹത്തിന്റെ ഡീക്കൻ പട്ട സ്വീകരണം. മൊണ്ടേറെ ആർച്ച്ബിഷപ്പ് റൊജെലിയോ കാബ്രേരയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ. ഡീക്കൻ പട്ടം സ്വീകരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ ഫാ. കാർലോസ് കോവിഡ് ബാധിതനായി. മറ്റ് രോഗങ്ങൾ ഉള്ളതിനാൽ രോഗാവസ്ഥ ഗുരുതരമായി. ഏതാണ്ട് ഒരു മാസത്തോളം ആശുപത്രിയിൽ, അതിൽ ഏറിയ പങ്കും തീവ്രവപരിചരണ വിഭാഗത്തിൽ ചെലവഴിക്കേണ്ടി വന്നു.

‘പരീക്ഷണത്തിന്റെ കാലഘട്ടമായിരുന്നു അത്. അതോടൊപ്പം ശക്തമായ പ്രാർത്ഥനയുടെ കാലഘട്ടവും. ഈ പ്രതിസന്ധികളിൽ, പ്രാർത്ഥനയുടെ മണിക്കൂറുകളിൽ ഡയക്കണൈറ്റ് (ഡീക്കൻ) ശുശ്രൂഷാ മനോഭാവത്തിൽ ആഴപ്പെട്ട് ജീവിക്കാനുള്ള കൃപ എനിക്ക് കണ്ടെത്താനായി,’ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഫാ. കാർലോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group