ബംഗളൂരു: സിനഡാത്മക ചർച്ചകൾ സഭയ്ക്കു കരുത്തുo ആധ്യാത്മിക ഐക്യവും നൽകുന്നുവെന്ന് ബിഷപ്സ് സിനഡ് സെക്രട്ടറി ജനറൽ കർദിനാൾ മരിയോ ഗ്രെച്ച്.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) 35-ാം പ്ലീനറി സമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ നടന്ന ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിനഡാത്മക സഭയാണു വേണ്ടതെന്ന് കർദിനാൾ പറഞ്ഞു. സിനഡിന്റെ ലക്ഷ്യമെന്താണെന്നും സിനഡിന് മുൻകൈയെടുത്ത ഫ്രാൻസിസ് മാർപാപ്പ ഇതുകൊണ്ട് എന്താണു ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഈശോയുടെ ദൗത്യം തുടരുകയും ചെയ്യുന്ന സഭാത്മക പ്രവർത്തനമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹമെന്ന് കർദിനാൾ പറഞ്ഞു. സിനഡാത്മകതയെക്കുറിച്ച് രൂപതാ തലത്തിലും പ്രാദേശികതലത്തിലും ദേശീയതലത്തിലുമൊക്കെ ചർച്ചകൾക്കു വേദിയൊരുക്കാൻ മുൻകൈയെടുത്ത ബിഷപ്പുമാരെ കർദിനാൾ അഭിനന്ദിച്ചു. ചർച്ചയിൽ സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മോഡറേറ്ററായിരുന്നു.
ഇന്നലെ രാവിലെ നടന്ന ആദ്യസെഷനിൽ സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് ഫാ.സെബാസ്റ്റ്യൻ ചാലയ്ക്കലും ലത്തീൻ സഭയെ പ്രതിനിധീകരിച്ച് ഫാ. യേശു കരുണാനിധിയും സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ.ജോൺ കുറ്റിയിലും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മധുര ആർച്ച്ബിഷപ് ഡോ.ആന്റണി പപ്പുസാമി മോഡറേറ്ററായിരുന്നു. തങ്ങളുടെ അഭിപ്രായം പറയാൻ സിനഡൽ പ്രക്രിയ വേദിയൊരുക്കിയതിൽ അല്മായർക്ക് അതിയായ സന്തോഷമുണ്ടെന്ന് ബിഷപ് ഡോ. ആന്റണി പപ്പുസാമി പറഞ്ഞു.
അല്മായ സംഘടനയായ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഫാ. രാജു അലക്സും കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ(സിആർഐ) യുടെ പ്രവർത്തന റിപ്പോർട്ട് ദേശീയ സെക്രട്ടറി സിസ്റ്റർ എൽസ മറ്റവും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പുതുതായി നിർമ്മിച്ച 700 ബെഡുകളോടുകൂടിയ രണ്ട് എമർജൻസി ആൻഡ് ആക്സിഡന്റൽ കെയർ ബ്ലോക്ക് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.
സിനഡാത്മക സഭയെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കു മുൻഗണന നൽകുന്ന സിബിസിഐ പ്ലീനറി സമ്മേളനം 11ന് സമാപിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group