സിറിയയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് 50 ശതമാനത്തിലേറെ കുട്ടികൾ

സിറിയയിലെ വിദ്യാഭ്യാസ സമ്പ്രദായം ദശലക്ഷത്തോളം വരുന്ന കുട്ടികൾക്ക് തുല്യവും സുസ്ഥിരവും സുരക്ഷിതവുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ സാധിക്കാത്തവിധം വിഘടിച്ചതാണെന്ന് ഞായറാഴ്ച UNICEF പ്രസ്താവിച്ചു. സംഘർഷ ബാധിത മേഖലയായ സിറിയയിൽ വിദ്യാഭ്യാസത്തിനു മേൽ ഏറ്റ ആഘാതം മൂലം പകുതിയിലധികം കുട്ടികളും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കഴിയുകയാണ്. ഈ പ്രതിസന്ധികൾ അനുഭവപ്പെട്ട് തുടങ്ങിയിട്ട് 2021 മാർച്ചിൽ 10 വർഷം തികയും.
സിറിയയിൽ 2.4 ദശലക്ഷത്തിലധികം കുട്ടികൾ സ്കൂളിൽ പോകാൻ കഴിയാതെ തുടരുന്നു എന്നും ഇതിൽ നാൽപത് ശതമാനത്തോളം പെൺകുട്ടികളാണെന്നും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് 19 മഹാമാരിയോടനുബന്ധിച്ച് 2020 ഓടുകൂടി ഈ സംഖ്യയിൽ വൻവർധനവുണ്ടായിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം ലഭ്യമായ കുട്ടികൾപോലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതെ തിരക്കുള്ള ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
യു എൻ കണക്കുകൾ പ്രകാരം എഴുന്നൂറോളം ആക്രമണങ്ങളാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിൽ 52 ആക്രമണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കേടുപാടുകൾ മൂലം സിറിയയിലെ 3-ൽ ഒരെണ്ണം എന്ന തോതിൽ സ്കൂളുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഒപ്പം മറ്റ് സൈനിക ആവശ്യങ്ങൾക്കായി സ്കൂളുകൾ ഉപയോഗിക്കേണ്ടി വരുന്നതും സ്കൂൾ കെട്ടിടങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിരിക്കുന്നുവെന്നും UNICEF പറയുന്നു. 2020 ൽ ആവശ്യമായ ധനസഹായത്തിന്റെ മൂന്നിലൊന്ന് മാത്രമേ ലഭിച്ചിട്ടുള്ളു എന്നതും വിദ്യാഭ്യാസ മേഖലയെ പിന്നോട്ട് വലിക്കുന്നു. ദീർഘകാലത്തേക്കുള്ള സുസ്ഥിരമായ ഒരു ധനശേഖരം വിദ്യാഭ്യാസത്തിനായി ലഭ്യമായെങ്കിൽ മാത്രമേ സിറിയയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ പരിശീലനവും വിദ്യാഭ്യാസവും എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്താനാവൂ എന്നും പ്രസ്താവനയിൽ UNICEF ചൂണ്ടിക്കാണിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group