സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രം സീറോമലബാർ വിഷൻ പുറത്തിറങ്ങി

കാക്കനാട് – സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രമായ സീറോമലബാർ വിഷൻ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങില്‍വെച്ച് റിലീസ് ചെയ്തു. സഭാതലവനായ മേജർ ആർച്ച്‌ബിഷപ് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് നല്കികൊണ്ടാണ് പുതിയ വാര്‍ത്താപത്രത്തിന്റെ റിലീസിംഗ് നിര്‍വഹിച്ചത്. സഭയുടെ മെത്രാന്‍സിനഡിന്റെ തീരുമാനപ്രകാരമാണ് പുതിയ വാര്‍ത്താപത്രം ഇറക്കുന്നത്. സഭാംഗങ്ങളെ കൂടുതല്‍ ഐക്യത്തിലേയ്ക്കു നയിക്കുന്നതിനും സഭയുടെ അജപാലനപരവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കു കാലോചിതമായ ദിശാമുഖം നല്‍കുന്നതിനും പുതിയ വാര്‍ത്താപത്രം സഹായകരമാണെന്ന് സീറോമലബാര്‍ വിഷന്‍ പ്രകാശിപ്പിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ് അഭിപ്രായപ്പെട്ടു.

സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും രൂപതകള്‍, സമര്‍പ്പിതസമൂഹങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും അതോടൊപ്പം ആഗോളസഭയുടെയും സീറോമലബാര്‍ സഭയുടെയും വാര്‍ത്തകളും അവതരിപ്പിക്കുന്ന സീറോമലബാർ വിഷൻ തയ്യാറാക്കുന്നത് സഭയുടെ മീഡിയാ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ്. എല്ലാ മാസവും ഈ വാര്‍ത്താപത്രം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് മീഡിയാ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group