കാക്കനാട് : വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോര മേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും സീറോ മലബാർ സഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവന പ്രസ്‌ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയാവർക്ക് സമാശ്വാസം പകരാനുള്ള സർക്കാർ നടപടികളോട് സീറോമലബാർസഭ പൂർണ്ണമായും സഹകരിക്കുമെന്ന് അറിയിക്കുന്നു. വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികൾ ഇല്ലാതാകുകയും ചെയ്‌തവർക്കായി സീറോമലബാർസഭയുടെ സാമൂഹ്യസേവന പ്രസ്‌ഥാനമായ സ്‌പന്ദൻ്റെ നേതൃത്വത്തിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതാണ്. ദുരിത ബാധിതർക്ക് ആവശ്യമായ ഭൗതിക സഹായങ്ങൾ എത്തിക്കുന്നതിനും ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂർവ്വം ഒന്നിച്ചു നിൽക്കാമെന്നും മേജർ ആർച്ച് ബിഷപ്പ് പ്രസ്‌താവനയിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m