വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. കോവിഡ് മഹാമാരികാലഘട്ടത്തിലെ ദൈവീകപരിപാലനത്തിനു നന്ദിയർപ്പിച്ച് നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ സീറോ മലബാർ സമൂഹം ദിവ്യബലി അർപ്പിച്ചു. കോവിഡിനു ശേഷം വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. റോയ് വട്ടക്കാട്ട്, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. റോബിൻ തൊമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവൻകാലായിൽ, ഫാ. ഷോജി വർഗ്ഗീസ്, ഫാ. ജോർജ്ജ് പുന്നത്താനത്ത് ഒ.എസ്.ബി., ഫാ. ജോമോൻ കാക്കനാട്ട്, ഫാ. പോൾ മോറേലി, ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. ജോഷി പാറോക്കാരൻ, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ സഹകാർമ്മികരായിരുന്നു.
ഇൻഡ്യൻ സമൂഹം അയർലണ്ടിലെ ആതുരശുശ്രൂഷാരംഗത്തും ഇൻഫോർമേഷൻ ടെക്നോളജി രംഗത്തും, വിദ്യഭ്യാസരംഗത്തും നൽകുന്ന സേവനങ്ങൾക്ക് നന്ദിപറഞ്ഞ് നോക്ക് തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് നോക്ക് ബസലിക്കയിലേയ്ക്ക് വിശ്വാസികളെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്തു. മരിയൻ തീർത്ഥാടനം ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട് കുർബാനമധ്യേ വചന സന്ദേശം നൽകി. ഒരിക്കൽ വിശുദ്ധരാലും വിജ്ഞാനികളാലും തീവ്രകത്തോലിക്കരാലും നിറഞ്ഞുനിന്ന നാടായിരുന്നു അയർലണ്ട് എന്ന് ഓർമിപ്പിച്ച അച്ചൻ, പരിശുദ്ധ അമ്മയുടെ കൂടെ വസിച്ചവരെല്ലാം വിശുദ്ധരായിരുന്നുവെന്നും, ഈ തീർത്ഥാടനത്തിനുശേഷം പരിശുദ്ധ അമ്മയെ ഓരോരുത്തരും വീടുകളിലേയ്ക്ക് കൂട്ടികൊണ്ടുപോകണമെന്നും അങ്ങനെ ആധുനീക അയർലണ്ടിനു വഴികാട്ടുന്ന വിശുദ്ധരായി തീരണമെന്നും ഉദ്ദ്ബോദിപ്പിച്ചു.
തീർത്ഥാടനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗാൽവേ രൂപതാ ബിഷപ്പ് എമിരിറ്റസ് ബ്രണ്ടൻ കെല്ലി സീറോ മലബാർ സമൂഹത്തിൻ്റെ വിശ്വാസ സാക്ഷ്യം ഇന്ന് അയർലണ്ടിനു ആവശ്യമാണെന്നും, സീറോ മലബാർ സഭാ മക്കളുടെ വിശ്വാസത്തിനും, പ്രാർത്ഥനകൾക്കും, അയർലണ്ടിലെ സാന്നിധ്യത്തിനും നന്ദി പറയുന്നതായും പറഞ്ഞു. ഏതുപ്രതിസന്ധിഘട്ടത്തിലും കൂടെ നിൽക്കുന്നവളാണ് പരിശുദ്ധ അമ്മ, ദാരിദ്രത്താലും ജീവിതവിഷമതകളാലും ക്ലേശിക്കുന്ന ഒരുഘട്ടത്തിലാണ് ഈ നോക്കിൽ പരിശുദ്ധ അമ്മ എത്തിയത്, അതും ഒറ്റക്കല്ല, ഈശോയേയും, യൗസേപ്പിനേയും, ഈശോ സ്നേഹിച്ച പ്രിയ ശിഷ്യനേയും കൂട്ടി. യോഹന്നാൻ മാമോദീസ സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടേയും പ്രതിനിധിയാണ്, ഈശോ നമ്മെ അത്യധികം സ്നേഹിക്കുന്നുവെന്നും, നാം ദൈവത്തെ സ്നേഹിക്കണമെന്നും അമ്മ ഓർമ്മിപ്പിക്കുന്നതായും ബിഷപ്പ് പറഞ്ഞു. പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് ബ്രണ്ടൻ കെല്ലിക്ക് സീറോ മലബാർ സമൂഹത്തിൻ്റെ സ്നേഹോപഹാരം ഫാ. ക്ലമൻ്റ് കൈമാറി.
കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ – ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ബിഷപ്പ് ബ്രണ്ടൻ കെല്ലി വിതരണം ചെയ്തു. അവാർഡിന് അർഹരായവർ
ജൂനിയർ സേർട്ട് : ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ) – 2019, റോസ് റൈയൻ (ഇഞ്ചിക്കോർ), റോസ്‌മരിയ റോയ് (ലൂക്കൻ) – 2020, മെർലിൻ ബിനു (സോർഡ്സ്) – 2021 ജി. സി.എസ്. സി : ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) – 2019, സാന്ദ്ര ജോൺ (പോർടൗൺ), ഡെന്ന ഡെൽറ്റി (ബെൽ ഫാസ്റ്റ്) – 2020, എഡ് വിൻ ജെ. വട്ടക്കാട്ട് (ബാൻഗർ) – 2021 ലീവിങ്ങ് സേർട്ട് : ഹണി ജോസ് (സോർഡ്സ്) – 2019, ആർബൈറ്റ് ലിസ് ജെയ്സൺ (വാട്ടർഫോർഡ്) – 2020, ജോസഫ് ലിങ്ങ് വിൻസ്റ്റർ (ബ്യൂമൗണ്ട്), തെരേസ സണ്ണി (ബ്രേ) അനിലിയ അനിൽ (ഫിബ്സ്ബോറോ),ജോൺ വർഗീസ് (ബ്ലാഞ്ചാർഡ്സ്ടൗൺ), പ്രിറ്റി സാബു (ഡൺഡാൽക്ക്) – 2021 എ-ലെവൽ : ഡിയോൺ ജോസ് കരിക്കുന്നേൽ (ബെൽഫാസ്റ്റ്) – 2019, അഭിഷേക് എം. ബിജു (ആൻട്രിം) – 2020, ജോൺ അഗസ്റ്റ്യൻ ജോസഫ് (ഡെറി) – 2021.
അഞ്ച് മക്കളുള്ള ലിമെറിക്കിലെ ദേവസ്യാച്ചൻ പടിഞ്ഞാറേവളയിൽ ജോസഫിൻ്റെ കുടുംബത്തെ തദ്ദവസരത്തിൽ ആദരിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ഡ്യൂ ഡ്രോപ്സിൻ്റെ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി. SMYM ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും, ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നിർദ്ദേശാനുസരണം അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതിനു നന്ദിയായി നോക്ക് മാതാവിൻ്റെ തിരുസ്വരൂപത്തിൽ നാഷണൽ കോർഡിനേറ്റർ ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ പുഷ്പകിരീടം അണിയിച്ച് പ്രാർത്ഥിച്ചു.
സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് ജൂലൈ 6 നു സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് യൂത്ത് മീറ്റ് ‘എവൈക്ക്’, അയർലണ്ടിൽ ജൂലൈ 6-10 വരെ നടക്കുന്ന യൂറോപ്യൻ യൂത്ത് മീറ്റ് ‘ഗ്രാൻ്റ് എവൈക്ക്’ എന്നിവ വിളംബരം ചെയ്ത് എസ്.എം.വൈ.എം കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയിയും, മാതൃസ്‌നേഹം വിളിച്ചോതിയ സന്ദേശങ്ങളും, ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർത്ഥാടകർക്ക് നവ്യാനുഭവമായി.
അയർലൻഡിലെ സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലും സോണൽ കമ്മിറ്റികളും കുർബാന സെന്‍ററുകളിലെ കമ്മിറ്റികളും തീർത്ഥാടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അടുത്തവർഷത്തെ തീർത്ഥാടനം 2023 മേയ് 13 ന് (ശനി) നടക്കും
Biju L.Nadackal
PRO, Syro Malabar Catholic Church, Ireland
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group