“അനന്തരം പിശാച് അവനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ദേവാലയത്തിന്റെ അഗ്രത്തിൽ കയറ്റിനിർത്തിയിട്ടു പറഞ്ഞു; നീ ദൈവപുത്രനെങ്കിൽ താഴേക്കു ചാടുക. നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാർക്കു കല്പന നൽകും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും’ എന്ന് എഴുതപ്പെട്ടിരിക്കുന്നു (മത്താ: 4,57). ജനശ്രദ്ധ പിടിച്ചുപറ്റാൻ ഉതകുന്ന ഒരു മഹാദ്ഭുതമാണ് ഇവിടെ പ്രലോഭകൻ ആവശ്യപ്പെടുന്നത്.
യഹൂദരുടെ വിശ്വാസമനുസരിച്ച് ഈ പ്രലോഭനത്തിന് ഒരു പശ്ചാത്തലമുണ്ട്. അഗ്നിത്തേരിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകൻ യുഗാന്തം വിളംബരം ചെയ്യാനായി വീണ്ടും വരും. അപ്പോൾ അവൻ ദേവാലയഗോപുരത്തിനു മുകളിലാകും പ്രത്യക്ഷനാവുക. ജനങ്ങൾക്കെല്ലാം അത് ഒരു അടയാളമായിരിക്കും.
ഇപ്രകാരം ഒരു ദൃശ്യമാണ് ഇവിടെ പ്രഘോഷകൻ നിർദേശിക്കുന്നത്. ദേവാലയമുറ്റത്തു തിങ്ങിക്കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ നടുവിലേക്ക് ദേവാലയഗോപുരത്തിന്റെ മുകളിൽനിന്നു ചാടി, ഒരുകേടുംകൂടാതെ നിൽക്കുന്നതു കാണുന്പോൾ ജനങ്ങളെല്ലാം അവനെ മിശിഹായും രക്ഷകനുമായി അംഗീകരിക്കും.
ഇതുതന്നെ രക്ഷയുടെ മാർഗം. പരസ്യജീവിതം തുടങ്ങാൻപോകുന്ന യേശുവിന്റെ മുന്പിൽ തെളിയുന്ന ഒരു വഴിയാണിത്. മഹത്വത്തിലൂടെ ജനശ്രദ്ധപിടിച്ചുപറ്റുക, ജനങ്ങളുടെ വിശ്വാസം ആർജിക്കുക. പ്രതീകാത്മകഭാഷയിൽ ഇവിടെ അവതരിപ്പിക്കുന്ന അദ്ഭുതത്തിന്റെ പ്രമേയം യേശുവിന്റെ ജീവിതകാലത്ത് അനേകം തവണ ആവർത്തിക്കുകയുണ്ടായി. യഹൂദനേതാക്കന്മാർ യേശുവിനോടു പറഞ്ഞു: “ഗുരോ നിന്നിൽനിന്ന് ഒരടയാളം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ (മത്താ:2,38). ഏഴപ്പംകൊണ്ട് നാലായിരം പേരെ തീറ്റി തൃപ്തിയാക്കിയതിനു തൊട്ടുപിന്നാലെ “ഫരിസേയർ വന്ന് അവനുമായി തർക്കിക്കാൻ തുടങ്ങി. അവർ അവനെ പരീക്ഷിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഒരടയാളം ആവശ്യപ്പെട്ടു (മർക്കോ:8,11).
അപ്പത്തിന്റെ അദ്ഭുതം കാണുകയും തിന്നു തൃപ്തരാവുകയും ചെയ്തിട്ടും, മതിയാവാതെ നേതാക്കന്മാർ ചോദിച്ചു: “ഞങ്ങൾ കണ്ടുവിശ്വസിക്കുന്നതിന് എന്തടയാളമാണു നീ നൽകുക?’’(യോഹ:6,30). അവസാനം കുരിശിൽനിന്ന് ഇറങ്ങിവരാൻ വെല്ലുവിളിച്ചവരും (മത്താ:27,40) ആവശ്യപ്പെട്ടത് ഒരത്ഭുതമാണ്. ഇതെല്ലാം പ്രലോഭനങ്ങളായി യേശു തിരിച്ചറിഞ്ഞു; തള്ളിക്കളഞ്ഞു. യേശു പ്രവർത്തിച്ച അദ്ഭുതങ്ങൾ ജനശ്രദ്ധപിടിച്ചുപറ്റുന്ന മായാജാലങ്ങളായിരുന്നില്ല.
ദൈവത്തിന്റെ കരുണയും ശക്തിയും പ്രകടമാക്കുന്ന അടയാളങ്ങളായിരുന്നു. അതിൽ ഏറ്റവും വലിയ അടയാളമാണ് യേശുവിന്റെ കുരിശുമരണവും പുനരുത്ഥാനവും. അതിന്റെ ഓർമയാചരിക്കുന്നതിനുള്ള ഒരുക്കമാണ് നോന്പുകാലം. അദ്ഭുതങ്ങൾക്കുവേണ്ടിയുള്ള അമിതദാഹത്തെ പ്രലോഭനങ്ങളായി തിരിച്ചറിയാൻ നോന്പുകാലം സഹായിക്കണം.
ദേവാലയഗോപുരത്തിൽനിന്നു താഴേക്കു ചാടിയല്ല, കുരിശിൽ മുകളിലേക്കുയർത്താനാണ് യേശു ദൈവപുത്രത്വം വെളിപ്പെടുത്തിയത്…
കടപ്പാട് : ഫാ.മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group