യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവന് വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക.’’ അവൻ പ്രതിവചിച്ചു, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്.’’ (മത്താ 4,2-4)
സാത്താനെന്നും പിശാചെന്നും വിളിക്കുന്ന തിന്മയുടെ ശക്തിയെ യേശു പരാജയപ്പെടുത്തുന്നതിന്റെ ചിത്രമാണ് മരുഭൂമിയിലെ പ്രലോഭനത്തിലൂടെ സുവിശേഷകൻ അവതരിപ്പിക്കുന്നത്. പരിശുദ്ധാത്മാവാണ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചതും പ്രലോഭകന്റെ മേൽ വിജയം വരിക്കാൻ സഹായിച്ചതും. ആത്മാവിന്റെ ശക്തിയും പ്രവർത്തനവും പ്രകടമാക്കുന്നതാണ് യേശുവിന്റെ പ്രതികരണവും മറുപടിയും.
തികച്ചും സ്വാഭാവികമായി തോന്നാവുന്ന ആശയം. കല്ലുകളെ അപ്പമാക്കി വിശപ്പടക്കുക, അങ്ങനെ താൻ ദൈവപുത്രനാണെന്നു തെളിയിക്കുക ഇതാണ് പ്രലോഭനത്തിന്റെ ഏറ്റവും പ്രകടമായ വശം. ജോർദാനിൽവച്ചു മുഴങ്ങിയ ദൈവത്തിന്റെ പ്രഖ്യാപനത്തെ സത്യമെന്നു തെളിയിക്കാനുള്ള അവസരമായി ഇതിനെ അവതരിപ്പിക്കുന്നു.
എന്നാൽ ഈ പ്രേരണയിൽ ഒളിഞ്ഞിരിക്കുന്ന പ്രലോഭനങ്ങൾ യേശുവിന്റെ മറുപടി വെളിപ്പെടുത്തുന്നു. മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്. അപ്പം വേണ്ടാ എന്നല്ല, അതിനേക്കാൾ പ്രധാനമാണു ദൈവത്തിന്റെ വചനം. പഴയനിയമത്തിൽനിന്നു കടമെടുത്തതാണ് ഈ മറുപടി (നിയ 8,2-3). അപ്പം ദൈവത്തിന്റെ ദാനമാണ്. എന്നാൽ മനുഷ്യൻ അപ്പത്തിനടിമയാകരുത്.
അപ്പം ഇവിടെ ഒരു പ്രതീകമായി മാറുന്നു. മനുഷ്യന്റെ ഭൗതികമായ എല്ലാ ആവശ്യങ്ങളുടെയും പ്രതീകം. അതേസമയം ഭൗതികതയ്ക്കുപരി ഒരു ആധ്യാത്മികതയുണ്ടെന്ന് യേശുവിന്റെ മറുപടി അനുസ്മരിപ്പിക്കുന്നു. മരുഭൂമിയിൽവച്ച് മന്നാ നല്കി ജനത്തെ പരിപാലിച്ച ദൈവത്തിനു മനുഷ്യനെ സംബന്ധിച്ച വലിയ പദ്ധതികളുണ്ട്. അത് ശാരീരികാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ ഒതുങ്ങുന്നതല്ല. ദൈവത്തിന്റെ വചനം മനുഷ്യന്റെ യഥാർഥ സ്വത്വത്തിലേക്കു ശ്രദ്ധക്ഷണിക്കുന്നു.
അധ്വാനിക്കാതെ അപ്പം ഉണ്ടാക്കാനും അപ്പത്തെ മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണമായി ഉപയോഗിക്കാനും ഈ പ്രലോഭനം പ്രേരിപ്പിക്കുന്നു. എന്നും സാർത്ഥകമായ ഒരു പ്രമേയമാണിത്. വിശക്കുന്നവനെ അപ്പം കൊടുത്ത് അടിമയാക്കുന്ന പ്രക്രിയ ഇന്നും നിലനിൽക്കുന്പോൾ യേശു നേരിട്ട ആദ്യത്തെ പ്രലോഭനം ഇന്നും എത്ര പ്രസക്തമാണെന്നു വ്യക്തമാകുന്നു.
അപ്പം എല്ലാവർക്കും ആവശ്യമാണ്. നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം സന്പാദിക്കാനുള്ള കല്പന (ഉത്പ 3,19) എല്ലാവർക്കും ബാധകമാണ്. മറ്റുള്ളവന്റെ വിയർപ്പിന്റെ ഫലംകൊണ്ട് സന്പന്നരാകുന്ന മനോഭാവത്തെയും പ്രത്യയശാസ്ത്രങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നതാണ് യേശുവിന്റെ മറുപടി. മനുഷ്യനെ ദൈവമക്കളാക്കി പരിവർത്തിപ്പിക്കുന്ന, പരിപാലിക്കുന്ന ദൈവവചനം എന്നും ഒരു ഓർമപ്പെടുത്തലായിരിക്കണം. എന്നാൽ ഇതു മാത്രമല്ല അപ്പത്തിന്റെ പ്രലോഭനം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group