പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോട് പറഞ്ഞു, നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്കു ഞാൻ നൽകും. യേശു കല്പിച്ചു: സാത്താനേ ദൂരെ പോവുക. എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു’ (മത്താ: 4, 8-10).
പ്രലോഭകൻ ഇവിടെ മുഖംമൂടി മാറ്റി തന്റെ തനിനിറം പ്രകടമാക്കുന്നു. ലോകം മുഴുവന്റെയും അധികാരിയാണു താൻ. തനിക്കിഷ്ടമുള്ളവർക്കു താൻ അധികാരം നൽകും. ഒന്നേ ചെയ്യേണ്ടതുള്ളൂ, തനിക്ക് സ്വയം അടിയറവയ്ക്കണം, കുന്പിട്ട് ആരാധിക്കണം. അധികാരത്തെ സംബന്ധിച്ച യേശുവിന്റെ കാഴ്ചപ്പാടിനു ഘടകവിരുദ്ധമാണ് ഈ നിലപാട്. മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കുന്ന അധികാരശൈലി ക്രിസ്തുവിന്റേതല്ല. ‘നിങ്ങൾ അങ്ങനെ ആയിരിക്കരുത്. നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം’ (മത്താ: 20,26-27).
പ്രലോഭകൻ മുന്നോട്ടുവയ്ക്കുന്നത് പൈശാചിക അധികാരത്തിലുള്ള പങ്കുചേരലാണ്. അതു പരസ്യമായും വ്യക്തമായും ദൈവത്തെ തള്ളിപ്പറയലാണ്. ഭൗമികാധികാരത്തിനും അതിൽനിന്നു ലഭിക്കുന്ന സൗകര്യങ്ങൾക്കും ആനുകൂല്യങ്ങൾക്കുംവേണ്ടി ദൈവത്തെയും അവിടത്തെ നിയമങ്ങളെയും തിരസ്കരിച്ച്, പൈശാചികശക്തിക്ക് സ്വയം അടിയറവയ്ക്കലാണ്.
അധികാരത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് എന്നും പ്രസ്കതമാണ്. ദൈവം ആരെയും അടിമയാക്കുകയല്ല. ഓരോ മനുഷ്യവ്യക്തിയും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അവൻ ആരുടെയും അടിമയാകരുത്, ആരും ആരെയും അടിമയാക്കുകയുമരുത്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ദൈവാരാധന അടിമത്തത്തിന്റെയല്ല, ദൈവമക്കളുടെ മഹത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളമാണ്.
ഇന്നു സകല മേഖലകളിലും നിറഞ്ഞുനിൽക്കുന്ന, അധികാരത്തിനുവേണ്ടിയുള്ള ത്വര പൈശാചിക പ്രലോഭനമായി തിരിച്ചറിയണം. രാഷ്ട്രീയ-സാമൂഹിക-മതാത്മക മേഖലകളിലെല്ലാം പ്രസക്തമാണ് ഈ പ്രലോഭനം. എന്തു വിലകൊടുത്തും വഞ്ചനയും വ്യാജവും വഴിയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമം പൈശാചികമെന്ന് തിരിച്ചറിഞ്ഞ്, തിരസ്കരിക്കണം. അധികാരം ആധിപത്യത്തിനുള്ള അവകാശമല്ല, സേവനത്തിനുള്ള കടമയാണെന്നു മനസിലാക്കണം. ‘നിങ്ങൾ അങ്ങനെയാകരുത്’എന്ന താക്കീത് പ്രത്യേകം ശ്രദ്ധിക്കണം.
പൊതുസമൂഹത്തിലും മതമേഖലയിലും നിലനിൽക്കുന്ന ശ്രേണീബദ്ധമായ അധികാരസംവിധാനവും ഇവിടെ പ്രതിക്കൂട്ടിലാകുന്നു. അധികാരശ്രേണിയിൽ ഉയരും തോറും ആധിപത്യവും അഹംഭാവവും ധാർഷ്ട്യവും വർധിക്കുന്ന മനോഭാവം പൈശാചികമാണ്. ഏറ്റം വലിയവൻ ഏറ്റം ചെറിയവനാകണം. ജീവിതശൈലിയിലും പെരുമാറ്റത്തിലും ബന്ധങ്ങളിലുമെല്ലാം ഈ മനോഭാവം പ്രകടമാകണം. ഇല്ലെങ്കിൽ പൈശാചികാധികാരമായിരിക്കും കൈയാളുന്നത് എന്നു മറക്കാതിരിക്കാം. നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവനെ മാത്രമേ പൂജിക്കാവൂ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group