ചരിത്ര സത്യങ്ങള്‍ തമസ്‌കരിക്കുന്നവരുടെ അജണ്ട..

ചരിത്രത്തെ തമസ്‌കരിക്കുന്നത് കേരളത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. മറിച്ച്, കാലങ്ങളായുള്ള ആവര്‍ത്തനമാണ്. അനന്തരഫലമായി ചരിത്രസത്യങ്ങള്‍ പലതും തിരുത്തപ്പെടുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ നവോത്ഥാനശില്പി വിശുദ്ധ ചാവറയച്ചനെ പാഠപുസ്തകങ്ങളില്‍ നിന്നുപോലും പുറംതള്ളിയ ക്രൂരത. ഇത് ഇപ്പോള്‍ ഭരണം നടത്തുന്ന സര്‍ക്കാരിന്റെമേല്‍ മാത്രം പഴിചാരാനുള്ള ശ്രമമായി കാണേണ്ടതില്ല.

മാറിമാറി സംസ്ഥാനം ഭരിച്ചവരെ നിയന്ത്രിച്ചവരുടെ അണിയറനീക്കവും അജണ്ടകളുമാണ് പിന്നിലെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു. ചാവറയച്ചന്‍ ഉള്‍പ്പെടെ ക്രൈസ്തവരായ നവോത്ഥാനശില്പികളെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിലും പാഠപുസ്തകങ്ങളിലൂടെ അദ്ദേഹത്തിന്റെ മഹത്തര സേവനങ്ങളെ പുതുതലമുറയ്ക്ക് പങ്കുവെയ്ക്കുന്നതിനും ക്രൈസ്തവ സമുദായം ഇക്കാലമത്രയും ഉണര്‍ന്നുപ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തുകയും വേണം.

വിപ്ലവകരമായ സംഭാവനകള്‍
1846 ല്‍ ദളിതര്‍ക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ സംസ്‌കൃത പള്ളിക്കൂടവും 1847 ല്‍ ക്രിസ്ത്യാനിക്കും ഹിന്ദുവിനും മുസ്ലീമിനും ദളിതര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാനുള്ള പൊതുപള്ളിക്കൂടവും കേരളത്തില്‍ സ്ഥാപിച്ചത് ചാവറയച്ചനായിരുന്നു. കേരളത്തില്‍ ആദ്യത്തേതും മലയാളത്തിലെ ആദ്യത്തേതുമായ വര്‍ത്തമാനപത്രിക പ്രസിദ്ധീകരിക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സഹായം ചെയ്തു. സ്വന്തമായി കേരളത്തിലെ മൂന്നാമത്തെ പ്രസ് തുടങ്ങി (വാഴപ്പിണ്ടി വിപ്ലവം). മലയാളികള്‍ തുടങ്ങിയ ആദ്യത്തെ പ്രസാണിത്. കേരളത്തില്‍ ആദ്യമായി സഹകരണപ്രസ്ഥാനത്തിനും സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റലിനും ആരംഭം കുറിച്ചു.

കേരളത്തില്‍ ആദ്യമായി അശരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി സ്ഥാപനം തുടങ്ങി (ഓള്‍ഡ് ഏജ് ഹോം). ചിക്കാഗോ വിപ്ലവത്തിന് രണ്ടുവര്‍ഷം മുമ്പ്തന്നെ തൊഴിലാളികള്‍ക്ക് ജോലിസമയം നിജപ്പെടുത്താനും ജോലിക്ക് പണമായി കൂലി കിട്ടാനും വേണ്ടി പോരാടി. കേരളത്തിലെ എല്ലാ പള്ളികള്‍ക്ക് സമീപവും പള്ളിക്കൂടം സ്ഥാപിക്കാന്‍ മുന്നോട്ടിറങ്ങി പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കേരളത്തില്‍ ആദ്യമായി പള്ളിക്കൂടത്തില്‍ സൗജന്യമായി ഉച്ചക്കഞ്ഞി വിതരണം കൊണ്ടുവന്നു. ഈ ചരിത്രസംഭവങ്ങളെയെല്ലാം തമസ്‌കരിച്ചുകൊണ്ടുള്ള കേരളത്തിന്റെ നവോത്ഥാന ചരിത്രം വികലവും അപൂര്‍ണവുമാണ്.

നിഷേധിക്കാനാവാത്ത വസ്തുതകള്‍
1805 ഫെബ്രുവരി 10-ന് ജനിച്ച് 1871 ജനുവരി 3ന് ഈ ലോകം വെടിഞ്ഞ വിശുദ്ധ ചാവറയച്ചന്റെ നവോത്ഥാന മുന്നേറ്റങ്ങളെ പൊതുസമൂഹത്തിന് പകര്‍ന്നേകാന്‍ അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സേവനങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവര്‍ക്കോ നവോത്ഥാന മുന്നേറ്റങ്ങളെ വാനോളം പുകഴ്ത്തുന്ന ഭരണനേതൃത്വങ്ങള്‍ക്കോ ഇക്കാലമത്രയും സാധിച്ചിട്ടുണ്ടോ എന്നു ചിന്തിക്കണം. ചാവറയച്ചനോട് നീതിപുലര്‍ത്താന്‍ കേരളസമൂഹത്തിന് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ലെന്നത് വന്‍വീഴ്ചയാണ്.

2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.കെ അബ്ദുറബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രപുസ്തകം പരിഷ്‌ക്കരിച്ച് ഇറക്കിയ പതിപ്പിലെ നവകേരളസൃഷ്ടിക്കായ് എന്ന എട്ടാം അധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ പട്ടികയില്‍ ശ്രീനാരായണഗുരു മുതല്‍ അബ്ദുള്‍ ഖാദര്‍ മൗലവി വരെയുള്ളവരെ പ്രതിപാദിക്കുമ്പോഴും അവര്‍ക്ക് മുമ്പേ വഴികാട്ടിയായി വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ ചാവറയച്ചന്റെ പേര് ഉള്‍പ്പെടുത്തിയില്ലെന്നുള്ളത് വസ്തുതയും നീതികേടുമാണ്.

ക്രൈസ്തവ സംഭാവനകള്‍ അതുല്യം
ചരിത്രം മനഃപൂര്‍വ്വം മറക്കുന്നവര്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക. അപ്പോള്‍ കാണാം മാറുമറയ്ക്കാന്‍പോലും നിവൃത്തിയില്ലാതെ ആചാരങ്ങള്‍ക്കുമുമ്പില്‍ പേടിച്ചുവിറച്ചുനിന്ന ഒരു ജനതയുടെ ചിത്രം. വീണ്ടും സൂക്ഷിച്ചുനോക്കിയാല്‍ പിന്നെയും കാണാം മേല്‍പറഞ്ഞ മനുഷ്യരെയൊക്കെ സ്‌നേഹത്തോടെ ഉന്നമനത്തിലെത്തിച്ച ക്രൈസ്തവ മിഷനറിമാരെ. ആഹാരം മാത്രമല്ല, നാവിന്‍ തുമ്പത്ത് അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ചുകൊടുത്ത് അഭിമാനത്തിന്റെയും അന്തസിന്റെയും ലോകത്തിലേക്ക് ജാതിയും മതവും നോക്കാതെ മനുഷ്യരെ കൈപിടിച്ചുയര്‍ത്തിയത് മിഷനറിമാരായിരുന്നു.

പൊന്നിന്‍കുരിശു വിറ്റും പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് നാടിന്റെ നവോത്ഥാനത്തിനും സാമൂഹ്യപുരോഗതിക്കും നേതൃത്വം കൊടുത്ത ഒരു സമുദായത്തിന്റെ ചരിത്രസാക്ഷ്യങ്ങള്‍ കല്ലിലെഴുതിവെച്ച കവിതപോലെ ഇന്നും നിലനില്‍ക്കുമ്പോള്‍ ചിലര്‍ ചരിത്രത്തെ വികൃതമാക്കാന്‍ ശ്രമിക്കുകയാണ്. ഭൂമിക്കടിയില്‍ അറകള്‍ നിര്‍മ്മിച്ച് ദൈവാലയത്തിലെ പൊന്നിന്‍ കുരിശുകള്‍ ക്രൈസ്തവര്‍ സൂക്ഷിച്ചുവെച്ചിരുന്നുവെങ്കില്‍ ഈ സമൂഹം ഇന്ന് കോടികളുടെ അധിപതികളാകുമായിരുന്നു. തങ്ങള്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുര ശുശ്രൂഷാ സേവനങ്ങള്‍ ഇവയിലൂടെയെല്ലാം പങ്കുവെച്ചത് സ്‌നേഹമായിരുന്നു.

മാറ്റങ്ങള്‍ക്ക് തയാറാകുക
വിശക്കുന്ന കുട്ടികള്‍ക്ക് പഠിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ചാവറയച്ചന്‍ വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും നല്‍കിയ മാതൃക പിന്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ നല്‍കാന്‍ അന്നത്തെ ഭരണകൂടം മുതിര്‍ന്നത്. തീണ്ടലും തൊട്ടുകൂടായ്മയും അയിത്തവും നടമാടിയ കാലത്ത് ജാതിയോ മതമോ വര്‍ഗമോ കണക്കിലെടുക്കാതെ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദികുറിച്ച ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുപിടിക്കുന്നത് അദ്ദേഹം തുടങ്ങിവച്ച സാമൂഹ്യമാറ്റത്തിന്റെ നന്മകളെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്.

കേരളത്തിന്റെ സാമൂഹിക തലങ്ങളില്‍ നിലനിന്നിരുന്ന അസമത്വം അവസാനിപ്പിക്കാന്‍സാര്‍വ്വത്രികമായ വിദ്യാഭ്യാസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ക്രിസ്ത്യന്‍ മിഷനറി സമൂഹത്തിന്റെ നെടുനായകത്വം ചാവറയച്ചനിലാണെന്നത് ചരിത്രവസ്തുതയാണ്. ചരിത്രസത്യങ്ങളെ സത്യസന്ധമായി പങ്കുവെയ്ക്കുവാന്‍ ഭരണസംവിധാനങ്ങള്‍ക്കാകണം. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നെഞ്ചുനിവര്‍ത്തിനിന്ന് പടവെട്ടിയ നവോത്ഥാന നായകനാണ് ചാവറയച്ചന്‍. അറിവിന്റെ വെളിച്ചം പകര്‍ന്നവരെ വന്ദിക്കുന്നതാണ് മാന്യതയുടെ ലക്ഷണം.

കണ്ണുതുറക്കാത്ത നേതൃത്വങ്ങള്‍
കേരളത്തിലെ വിവിധ സിലബസുകളില്‍ ക്രൈസ്തവരുടെ സംഭാവനകളെയും ചരിത്രസത്യങ്ങളെയും വികലമായി ചിത്രീകരിക്കുകയോ തമസ്‌കരിക്കുകയോ ചെയ്തിട്ടുണ്ടോ എന്നുള്ള അന്വേഷണവും അനിവാര്യമാണ്. വിദ്യാഭ്യാസ വിദഗ്ധരെക്കൊണ്ട് സമ്പന്നമായതും വിദ്യാഭ്യാസ സംഭാവനകളില്‍ ഊറ്റംകൊള്ളുന്നതുമായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ഇക്കാലമത്രയും കാര്യമായ ഇടപെടലുകള്‍ പാഠപുസ്തക നിര്‍മ്മിതിയില്‍ നടത്താനാകാത്തതിന്റെ കാരണങ്ങളും വിലയിരുത്തണം.

കാര്യങ്ങള്‍ കൈവിട്ടുപോകുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ബോധപൂര്‍വ്വമായ അജ്ഞതയുടെ ലോകത്തുകൂടെയാണ് സഞ്ചരിക്കുന്നതെന്ന് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഇനിയും ബോധ്യപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ സമൂഹം വരുംനാളുകളില്‍ നടുക്കടലിലേക്ക് വലിച്ചെറിയപ്പെടുമെന്നുറപ്പാണ്. കൂടുതല്‍ ഐക്യവും ഒരുമയും സ്വരുമയും ഊട്ടിയുറപ്പിക്കുന്നില്ലെങ്കില്‍ വിരുദ്ധശക്തികളുടെ അക്രമങ്ങളിനിയും തുടരുമെന്നു മാത്രമല്ല ക്രൈസ്തവ സഭകളെ ശിഥിലമാക്കുന്ന രീതിയില്‍ ഇക്കൂട്ടര്‍ ആഞ്ഞടിക്കുമെന്ന് വൈകിയ വേളയിലെങ്കിലും ക്രൈസ്തവസമൂഹം തിരിച്ചറിയണം

കടപ്പാട് :അഡ്വ. വി.സി സെബാസ്റ്റ്യന്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group