വിജന വഴിയിലെ നിസ്സഹായാവസ്ഥയിൽ ഞാൻ കണ്ടുമുട്ടിയ മാലാഖമാർ: (ഇറ്റലിയിൽ നിന്നുള്ള ജിവിതാനുഭവം)

മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേയ്ക്ക് തിരികെ വരുവാനുള്ള ഒരു ദിവസമായാണ് സെപ്റ്റംബർ 7 ദൈവം എനിക്ക് നീക്കിവച്ചിരിക്കുന്നത്. (2002 ലും 2021 ലും) ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കോഴ്സിൻ്റെ ഭാഗമായി ഒരു പരീക്ഷയ്ക്കായി രണ്ടുമണിക്കൂർ ദൂരയുള്ള ഒരു സ്ഥലത്തേക്ക് ഞാൻ നാല് സുഹൃത്തുക്കൾക്ക് ഒപ്പം യാത്ര തിരിച്ചു. രാവിലെ 7 മണിക്ക് പുറപ്പെട്ട ഞങ്ങൾ ഏകദേശം 9 മണിയോടെ യൂണിവേഴ്സിറ്റിയുടെ പരീക്ഷ സെൻ്ററിൽ എത്തി. 10 മണിക്ക് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പരീക്ഷ കഴിഞ്ഞ് ഏകദേശം 12. 30 ഓടെ തിരികെ യാത്ര ആരംഭിച്ചു. ബുദ്ധിമുട്ടേറിയ ഒരു വിഷയം വലിയ പ്രയാസങ്ങൾ കൂടാതെ എഴുതാൻ കഴിഞ്ഞതിനാൽ കൂട്ടുകാരൊക്കെ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ചെറിയ തമാശകളും പാട്ടുകളുമായി അവർ അടിച്ച് പൊളിക്കുമ്പോഴും എനിക്ക് എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എൻ്റെ ഉള്ളിൽ എന്തോ ഒരു ദുരന്തം വരാൻ പോകുന്നത് പോലെയുള്ള ഒരു ചിന്തയായിരുന്നു. ഒരു വല്ലായ്മ ഉള്ളിൻ്റെ ഉള്ളിൽ… സാധാരണ തമാശ പറയാനും മറ്റും കൂടുന്ന എന്നിലെ മാറ്റം കൂട്ടുകാരെ അത്ഭുതപ്പെടുത്തി. ‘സിസ്റ്ററിന് ഇന്ന് എന്തുപ്പറ്റി’ എന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ഒരു ചെറുചിരി പാസാക്കി.. “എത്രയും ദയയുള്ള മാതാവേ” എന്ന പ്രാർത്ഥന ചൊല്ലി ഞങ്ങളുടെ യാത്രയെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു. പിന്നെ ഒപ്പം പരിശുദ്ധ ത്രിത്വത്തിൽ മനസ്സൂന്നി വരുന്നത് എന്തും നേരിടാനുള്ള ശക്തി നല്കണേ എന്ന് പ്രാർത്ഥിച്ച് യാത്ര തുടർന്നു.
ഇടയ്ക്ക് കുന്നുകളും മലകളും ഒക്കെയുള്ളതിനാൽ നല്ല വളവുകളും ഇറക്കവും കയറ്റവും ഒക്കെയുള്ള റോഡായിരുന്നു. മുൻ സീറ്റിൽ ഇരുന്ന ഞാൻ, ഡ്രൈവ് ചെയ്യുന്ന കൂട്ടുകാരിയോട് ഇടയ്ക്കിടെ സ്പീഡ് കുറയ്ക്കാൻ ഓർമിപ്പിച്ചു കൊണ്ടിരുന്നു. (ഒരു പക്ഷെ എൻ്റെ കൂട്ടുകാരി ഈ കന്യാസ്ത്രീയെ കൂടെ കൂട്ടണ്ടായിരുന്നു എന്ന് മനസ്സിൽ ചിന്തിച്ചോ എന്ന് അറിയില്ല…). ഏകദേശം യാത്രയുടെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വെറും 15 കിലോമീറ്റർ ദൂരെയാണ് ഞങ്ങളുടെ സിറ്റി. വലിയ ഒരു മലയുടെ ചരിവിൽ കൂടി നിരവധി വളവുകൾ ഉള്ള ഒരു ഇറക്കം ഇറങ്ങുകയാണ് ഞങ്ങളുടെ സുസുക്കി ഗ്രാന്റ് വിറ്റാര… പെട്ടെന്ന് ബ്രേക്കിന് എന്തോ കുഴപ്പം… ബ്രേക്ക് നഷ്ടപ്പെട്ട് വണ്ടി വലത് സൈഡിലുളള ഭിത്തിയിൽ ഇടിക്കാൻ പോകുന്നത് കണ്ട് ഒരു നിലവിളിയോടെ ഞാൻ കൂട്ടുകാരിയോട് എതിർവശത്തേക്ക് തിരിക്കാൻ പറഞ്ഞു, റോഡ് അല്പം വീതിയുള്ളത് ആയതിനാൽ എതിർവശത്തേക്ക് വീശിയെടുത്തപ്പോൾ ഭയാനകമായ കൊക്ക… വീണ്ടും വലതുവശത്തേക്ക്, വീണ്ടും ഇടത്ത് വശത്തേക്ക്… ഇടയ്ക്ക് സ്റ്റിയറിങ്ങും ബ്ലോക്ക് ആയി… ഭയാനകമായ ഒരു അവസ്ഥ. ഭാഗ്യത്തിന് ചുട്ടുപൊള്ളുന്ന നട്ടുച്ചനേരം അയതിനാൽ റോഡിൽ അധികം തിരക്കില്ല. ഈശോയെയും മാതാവിനെയും പരിശുദ്ധാത്മാവിനെയും എല്ലാം വിളിക്കുന്നുണ്ട്. ഏതാനും ദൂരം മരണത്തെ മുന്നിൽ കണ്ട് സിഗ്-സാഗ് ശൈലിയിൽ വണ്ടി മുന്നോട്ട് പോയി… ദൈവം പ്രാർത്ഥന കേട്ടു. പതിയെ എല്ലാം ശാന്തമായതു പോലെ… കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ നടുക്കം മാറാതെ എല്ലാവരും നിശബ്ദമായി ദൈവത്തിന് നന്ദി പറഞ്ഞു…
ഏകദേശം മൂന്ന് കിലോമീറ്റർ പിന്നിട്ട് താഴ് വാരത്തിൽ എത്തി ഇനി നിരപ്പായ റോഡാണ്. ആദ്യം തന്നെ 8 റോഡുകൾ കൂടി ചേരുന്ന ഒരു റൗണ്ട് എബൗട്ടിലേക്ക് കയറാൻവേണ്ടി വണ്ടി ഒന്ന് സ്ലോ ആക്കിയതാണ്. ഇനി ഞാൻ ഒരടി മുന്നോട്ടില്ല എന്ന് പറയും പോലെ വണ്ടി ഓഫ് ആയി. പിന്നിൽ ധാരാളം വണ്ടികൾ നിരനിരയായി… പെട്ടെന്ന് എമർജൻസി ലൈറ്റ് ഇട്ടു… ഡ്രൈവിങ്ങ് സീറ്റിലുള്ള അലസാന്ദ്രാ വണ്ടി ഓണാക്കാൻ കഠിന പരിശ്രമം നടത്തുന്നുണ്ട്… പക്ഷെ ഒരു രക്ഷയും ഇല്ല. ട്രാഫിക്ക് ബ്ലോക്ക് ആകാതിരിക്കാൻ വണ്ടി ഉന്തി നീക്കണം. ഒരു ഹോൺ പോലും അടിക്കാതെ പിന്നിലും മുന്നിലും ഉണ്ടായിരുന്നവർ ക്ഷമയോടെ കാത്തു നിന്നു. ഉടൻ പിന്നിൽ ഉണ്ടായിരുന്ന രണ്ട് വാഹനങ്ങളിലെ ആൾക്കാർ സഹായത്തിന് എത്തി… വലിയ വണ്ടി ആയതിനാൽ ഞങ്ങൾ 6 പേർ കൂടി റൗണ്ട് എബൗട്ടിൻ്റെ ഉള്ളിൽ തന്നെ ഒരു സൈഡിൽ വണ്ടി ഒതുക്കിയിട്ടു…
വിജന വഴിയിലെ നിസ്സഹായാവസ്ഥയിൽ ആദ്യം ഓടിയെത്തിയത് ഒരു അമ്മയും മകളും ആയിരുന്നു. വല്ലാതെ ഭയന്നു പോയ അലസാന്ദ്രായെ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഇറക്കി വണ്ടി മുന്നോട്ട് മൂവ് ചെയ്തത് ഏകദേശം 50 വയസ് പ്രായം വരുന്ന ആ അമ്മയാണ്. 20 വയസ് പ്രായം വരുന്ന മകൾ വണ്ടി പിന്നിൽ നിന്ന് ഉന്താനും… സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു യുവാവ് അദ്ദേഹത്തിൻ്റെ വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ടിട്ട് വണ്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ചു. വേറെ ഒരു ചേട്ടൻ ബാറ്ററിയുടെ പ്രശ്നം ആണെങ്കിൽ എൻ്റെ വണ്ടിയിലെ ബാറ്ററിയുമായി ഒന്ന് കണക്റ്റ് ചെയ്ത് നോക്കാം എന്ന് പറഞ്ഞ് വേണ്ട ഉപകരണങ്ങളുമായി ഓടിയെത്തി എല്ലാം പരിശോധിക്കുന്നു… നിങ്ങൾ സ്ത്രീകളെ തന്നെ ഇവിടെ തനിച്ചാക്കിയിട്ട് പോകാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും വരുന്നതുവരെ ഞാൻ ഇവിടെ കാവൽ നിൽക്കാം എന്ന് പറയുന്ന മറ്റൊരു ചേട്ടൻ..!!
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരിക്ക് സിറ്റിയിൽ നിന്ന് 3. 30 നുള്ള ബസിൽ കയറി വീണ്ടും രണ്ട് മണിക്കൂർ യാത്ര ചെയ്യണം. കേടായ ഞങ്ങളുടെ വണ്ടി നീക്കം ചെയ്യാൻ പ്രത്യേക ലോറി വരാൻ ഇനിയും ഒരു മണിക്കൂർ സമയം എടുക്കും. ആരോടെങ്കിലും ഒരു ലിഫ്റ്റ് ചോദിച്ചാലോ എന്ന് പറഞ്ഞപ്പോൾ എനിക്ക് പരിചയം ഇല്ലാത്ത ആരുടെയും കൂടെ ഞാൻ പോകില്ല എന്ന് അവൾ വാശി പിടിച്ചു. ഇങ്ങനെയുള്ള അവസരങ്ങളിൽ ഇത്തരം വാശി പാടില്ല എന്ന് സ്നേഹപൂർവ്വം ശാസിച്ചിട്ട് എന്ത് ചെയ്യും എന്ന് ഓർത്ത് നിൽക്കുമ്പോൾ, ‘നല്ല ചൂടല്ലേ, ഞാൻ നിങ്ങൾക്ക് എന്ത് സഹായം ആണ് ചെയ്യേണ്ടത്’ എന്ന് ചോദിച്ച് മറ്റൊരു യുവാവ്..!! ‘അല്പം വെള്ളം ഉണ്ടോ ഞങ്ങൾക്ക് തരാൻ, ഞങ്ങളുടെ കൈവശം ഉള്ളത് തീർന്നു, ഏകദേശം ഒരു മണിക്കൂർ ആയി ഞങ്ങൾ ഈ വെയിലത്ത്’ എന്ന് പറഞ്ഞപ്പോൾ, ‘നിങ്ങൾ വിഷമിക്കണ്ട. ഞാൻ അല്പം ദൂരെ ഒരു കടയിൽ പോയി വാങ്ങി കൊണ്ട് വരാം’ എന്ന് പറഞ്ഞ് ആ യുവാവ് തൻ്റെ കാറുമായി പോയി. 10 മിനിറ്റ് കഴിഞ്ഞ് ആ യുവാവ് ഞങ്ങൾക്ക് 4 ബോട്ടിൽ വെള്ളവും രണ്ട് കൊക്കോ കോളയും രണ്ട് ഫാൻ്റായും രണ്ടു പായ്ക്കറ്റ് പൊട്ടറ്റോ ചിപ്പ്സും വാങ്ങി കൊണ്ട് വന്നു. ചിലവാക്കിയ യൂറോ ഇന്നാ കയ്യോടെ പിടിച്ചോ എന്ന് പറഞ്ഞപ്പോൾ “വേണ്ട എനിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി” എന്ന്… ‘എങ്കിൽ പേര് ഒന്ന് പറയാമോ’ എന്ന് ചോദിച്ചപ്പോൾ ‘ഞാൻ ആൻ്റണി. ഇപ്പോൾ സാസ്സറിയിൽ ആണ് ജീവിക്കുന്നത്. എങ്കിലും ഫോണി എന്ന നാട്ടിൽ നിന്നാണ് ഞാൻ’ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നാലുപേരുടെയും കണ്ണ് തള്ളിപ്പോയി. കാരണം പരിചയം ഇല്ലാത്ത ആരുടെയും കൂടെ ഞാൻ പോകില്ല എന്ന് വാശി പിടിച്ച കൂട്ടുകാരിയുടെ നാട്ടുകാരനെ ഇതാ കൺമുമ്പിൽ കൊണ്ട് നിർത്തിയിരിക്കുന്നു എല്ലാം അറിയുന്ന സർവ്വശക്തനായ ദൈവം… ആൻ്റണി തൻ്റെ കൂളിങ്ങ് ഗ്ലാസ് മാറ്റിയപ്പോൾ അവർ പരസ്പരം അറിയാവുന്നവർ. പിന്നെ സമയം പാഴാക്കാതെ അവർ രണ്ടും ടൗൺ ലക്ഷ്യമാക്കി യാത്ര തിരിച്ചു…
ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ വണ്ടി എടുത്തുകൊണ്ട് പോകാൻ പ്രത്യേക ലോറി എത്തി. ഒപ്പം ഞങ്ങളെ ടൗണിലേയ്ക്ക് കൊണ്ടുപോകാൻ ഞങ്ങളുടെ സഹപാഠികളും എത്തി. മരണത്തിൻ്റെ നിഴലിൽ നിന്ന് മാത്രമല്ല, കരുണയും കരുതലും കാവലുമായി ഏഴ് മാലാഖമാരെ അയച്ച് ഞങ്ങളെ സംരക്ഷിച്ച ദൈവത്തെ സ്തുതിച്ച് ഞങ്ങളും ഞങ്ങളുടെ ടൗണിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചപ്പോൾ എൻ്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
സി. സോണിയ തെരേസ് ഡി. എസ്. ജെക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group