കത്തോലിക്കാസഭയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിശുദ്ധ കാലങ്ങളെ കുറിച്ച് കാനോൻ നിയമം പറയുന്നുണ്ട്

1. തിരുനാൾ ദിനങ്ങൾ (CIC 1246 – 1248)
2. പ്രായശ്ചിത്ത ദിനങ്ങൾ (CIC 1249 – 1253).
പൗരസ്ത്യ കാനോൻ നിയമത്തിൽ തിരുനാൾ ദിനങ്ങളും പ്രായശ്ചിത്ത ദിനങ്ങളും ഒരുമിച്ച് 4 കാനോനുകളിലായിട്ടാണ് പറയുന്നത് (CCEO 880-883). പ്രാർത്ഥനയുടെയും പ്രായശ്ചിത്തിന്റെയും നോമ്പ് കാലത്തിലേക്ക് കടക്കുമ്പോൾ പ്രായശ്ചിത്ത കാലങ്ങളെക്കുറിച്ച് കാനോൻ നിയമം പറയുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

1966-ൽ പുറത്തിറങ്ങിയ പോൾ ആറാമൻ പാപ്പായുടെ അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ poenitemini ആണ് കാനോൻ നിയമത്തിൽ പ്രായശ്ചിത്ത ദിനങ്ങളെ കുറിച്ചുള്ള കാനോനുകളുടെ ദൈവ ശാസ്ത്രപരവും , ചരിത്രപരവുമായ അടിസ്ഥാനമായി നിലകൊള്ളുന്നത്. പൗരസ്ത്യ കാനോൻ നിയമം പ്രായശ്ചിത്തത്തെ കുറിച്ച് പറയുന്ന കാനോനുകളിൽ (CCEO 882-883) ഓരോ സ്വയം ഭരണാധികാര സഭയുടെയും (Sui Iuris Church) പ്രത്യേക നിയമങ്ങൾക്കനുസരിച്ച് പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കണം എന്ന് കൽപ്പിക്കുന്നു. ലത്തീൻ കാനോൻ നിയമത്തിലെ പ്രായശ്ചിത്ത ദിനങ്ങളെയും കാലങ്ങളെയും കുറിച്ചുള്ള 5 കാനോനുകൾ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്
1. പൊതുവും വ്യക്തിപരവുമായ പ്രായശ്ചിത്തം (1249)
2. പ്രായശ്ചിത്ത ദിനങ്ങളും കാലങ്ങളും (1250)
3. ഭക്ഷണപാനീയ വർജനവും ഉപവാസവും (1251)
4. ആരെല്ലാമാണ് ഉപവാസവും പ്രായശ്ചിത്തവും ചെയ്യുവാനായി കടപ്പെട്ടിരിക്കുന്നത് (1252)
5. ഉപവാസവും പ്രായശ്ചിത്തവുമായി ബന്ധപ്പെട്ടുള്ള മെത്രാൻ കോൺഫറൻസിന്റെ അധികാരം (1253)

1. പൊതുവും വ്യക്തിപരവുമായ പ്രായശ്ചിത്തം(CIC 1249 CCEO 882)

എല്ലാ ക്രിസ്തീയ വിശ്വാസികളും ദൈവിക നിയമത്താൽ തന്നെ പ്രായശ്ചിത്തം ചെയ്യാനായി വിളിക്കപ്പെട്ടിരിക്കുന്നു എന്ന് കാനോൻ നിയമം വ്യക്തമാക്കുന്നു. ഓരോ വിശ്വാസിക്കും അവരവരുടേതായ രീതിയിൽ പ്രായശ്ചിത്തം ചെയ്യാൻ സഭ അനുവാദം നൽകുന്നുണ്ട്. എന്നിരുന്നാലും സഭ മുഴുവനായും എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരുമിച്ച് പ്രത്യേകമായ വിധത്തിൽ പ്രാർത്ഥനയിലും പ്രായശ്ചിത്ത ത്തിലും ചിലവഴിക്കുന്നതിനു വേണ്ടിയിട്ടാണ് സഭ പൊതുവായ പ്രായശ്ചിത്ത ദിനങ്ങൾ നൽകിയിരിക്കുന്നത്. എപ്രകാരമാണ് ഈ പ്രായശ്ചിത്ത ദിനങ്ങൾ ചെലവഴിക്കേണ്ടതെന്നും കാനോൻ 1249 വ്യക്തമാക്കുന്നുണ്ട്.
*പ്രാർത്ഥനയിൽ ചെലവഴിക്കുക
*ഭക്തിയുടെയും ഉപവിയുടെതുമായ പ്രവർത്തികൾ ചെയ്യുക
*കൂടുതൽ വിശ്വസ്തതയോടെ ഓരോരുത്തരും അവരുടെ കടമകൾ നിറവേറ്റുക
* ഉപവാസവും ഭക്ഷണപാനീയങ്ങളുടെ വർജ്ജനവും നടത്തുക

2. ഏതെല്ലാമാണ് സഭയിലെ പ്രായശ്ചിത്ത ദിനങ്ങൾ (CIC 1250)

സാർവത്രിക സഭയിലെ പ്രായശ്ചിത്ത ദിനങ്ങളും കാലങ്ങളും വർഷത്തിലെ എല്ലാ വെള്ളിയാഴ്ചയും തപസ്സ് കാലവുമാണെന്ന് കാനോൻ 1250 വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹന ത്തിന്റെയും മരണത്തിന്റെയും ഓർമ്മയിൽ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതിന് വേണ്ടിയാണ് എല്ലാ വെള്ളിയാഴ്ചയും സഭ പ്രായശ്ചിത്ത ദിനമായി ആചരിക്കുന്നത്. ഒപ്പം ക്രിസ്തുവിന്റെ രക്ഷാകര രഹസ്യത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് തപസ്സു കാലത്തിൽ സഭ പ്രായശ്ചിത്ത കാലമായി കൊണ്ടാടുന്നത്.

3. ഭക്ഷണ പാനീയ വർജ്ജനവും ഉപവാസവും (CIC 1251).

പ്രായശ്ചിത്ത ദിനത്തിലും കാലത്തിലും ക്രൈസ്തവർ ചെയ്യേണ്ട രണ്ട് പ്രധാന പ്രായശ്ചിത്ത പ്രവർത്തികളെ കുറിച്ചാണ് ഈ കാനോൻ പറയുന്നത്. പ്രധാനമായും രണ്ടു വാക്കുകൾ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്..
1. ഭക്ഷണപാനീയ വർജ്ജനം
2. ഉപവാസം.
ഭക്ഷണപാനീയങ്ങളുടെ വർജ്ജനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വെള്ളിയാഴ്ചകളിലും പ്രായശ്ചിത്ത കാലത്തിലും ഉപേക്ഷിക്കേണ്ട/ ഭക്ഷിക്കുവാൻ പാടില്ലാത്ത ഭക്ഷണ പാനീയങ്ങളുടെ വർജ്ജനം അഥവാ ഉപേക്ഷയാണ്. ഉപവാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് സമ്പൂർണ്ണമായ ഭക്ഷണപാനീയങ്ങളുടെ ഉപേക്ഷയല്ല അഥവാ ഭക്ഷണം കഴിക്കാതിരിക്കുന്നതല്ല മറിച്ച് ഒരു നേരം നന്നായി ഭക്ഷണം കഴിക്കുകയും മറ്റ് രണ്ട് നേരങ്ങളിൽ ലഘുവായ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ ഭക്ഷണപാനീയങ്ങളുടെ വർജ്ജനത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ഓരോ രാജ്യത്തെയും മെത്രാൻ സമിതിക്ക് കാനോൻ നിയമം അനുവാദം നൽകിയിട്ടുണ്ട്. കാനോൻ നിയമം വെള്ളിയാഴ്ചകളിൽ ഇറച്ചി ഭക്ഷിക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ. അതോടൊപ്പം തന്നെ ഓരോ രാജ്യത്തെയും ഭക്ഷണ സംസ്കാരം അനുസരിച്ച് ഏതെല്ലാം ഭക്ഷണമാണ് ഉപേക്ഷിക്കേണ്ടതെന്ന് മെത്രാൻ സമിതികൾക്ക് തീരുമാനിക്കാൻ അധികാരം നൽകിയതിന്റെ വെളിച്ചത്തിൽ ഭാരതത്തിലെ മെത്രാൻ സമിതി വെള്ളിയാഴ്ചകളിൽ ഇറച്ചിയോടൊപ്പം മീനും മുട്ടയും മറ്റു മാംസാഹാരങ്ങളും ഭക്ഷിക്കരുത് എന്ന് കൽപ്പന പുറപ്പെടുവിച്ചു. വെള്ളിയാഴ്ചകളിൽ സസ്യാഹാരം മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ എന്ന് മെത്രാൻസമിതി നിഷ്കർഷിക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങൾ ഉപവാസ ദിനകൾ ആണെന്ന് കാനോൻ നിയമം പറയുന്നില്ല എങ്കിലും വെള്ളിയാഴ്ച ഒരു നേരം ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം അനുഷ്ഠിക്കണം എന്നും മെത്രാൻസമിതി നിർദ്ദേശിച്ചു. കാനോൻ നിയമം രണ്ട് ദിനങ്ങളാണ് ഉപവാസവും ഭക്ഷണപാനീയങ്ങളുടെ വർജനവും അനുഷ്ഠിക്കണം എന്ന് പറയുന്നത് ഒന്നാമത്തേത് വിഭൂതി ബുധനാഴ്ച്ച ( പൗരസ്ത്യ സഭയിൽ അത് തപസ്സുകാലം ആരംഭിക്കുന്ന ദിനം. സീറോ മലബാർ സഭയിൽ അത് വലിയ നോമ്പ് തുടങ്ങുന്ന തിങ്കളാഴ്ച ). രണ്ടാമത്തേത് ദുഃഖവെള്ളിയാഴ്ച. ബാക്കി ദിനങ്ങളിൽ ഭക്ഷണപാനീയങ്ങളുടെ വർജ്ജനം മാത്രമേ കാനോൻ നിയമം നിർദേശിക്കുന്നുള്ളൂ എങ്കിലും ഓരോ രാജ്യത്തേയും മെത്രാൻ സമിതിയുടെ തീരുമാനങ്ങൾ ( പൗരസ്ത്യ സഭകൾക്കു ഓരോ സഭയുടെയും പ്രത്യേക നിയമങ്ങൾ) ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉള്ള ഉപവാസം ഭാരത മെത്രാൻ സമിതിയുടെ തീരുമാനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. നമുക്കുണ്ടാവുന്ന ഒരു സംശയമാണ് എല്ലാ വെള്ളിയാഴ്ചയും ഉപവസിക്കുകയും ഭക്ഷണപാനീയങ്ങളുടെ വർജ്ജനം അനുഷ്ഠിക്കുകയും വേണോ ? വെള്ളിയാഴ്ച ഉപവാസത്തിനും ഭക്ഷണപാനീയങ്ങളുടെ വർജന ത്തിനും ഇളവ് ഉള്ളത് എപ്പോഴാണ്? വെള്ളിയാഴ്ച മഹോത്സവ ദിനങ്ങൾ (Solemnity) ആണെങ്കിൽ അന്നേ ദിവസം ഉപവസിക്കേണ്ടതില്ല എന്ന് കാനോൻ 1251 വ്യക്തമാക്കുന്നു. ഉദാഹരണമായി ക്രിസ്മസ്, മാതാവിന്റെ ജനനതിരുനാൾ, അമലോൽഭവ മാതാവിന്റെ തിരുനാൾ ദിനം (ഡിസംബർ 8), സ്വർഗ്ഗാരോപണ തിരുനാൾ (ഓഗസ്റ്റ് 15 ), യൗസേപ്പിതാവിന്റെ തിരുനാൾ (മാർച്ച് 19), സകല വിശുദ്ധരുടെയും തിരുനാൾ (നവംബർ 1), പത്രോസ് പൗലോസ് അപ്പോസ്തലന്മാരുടെ തിരുനാൾ (ജൂൺ 29) ദിനങ്ങൾ. സീറോ മലബാർ സഭയുടെ കാനോൻ നിയമത്തിലെ196 മത്തെ കാനോൻ രണ്ട് വെള്ളിയാഴ്ചകളിൽ ഇളവ് നൽകിയിട്ടുണ്ട് ക്രിസ്മസിനും പ്രത്യക്ഷീകരണ തിരുനാളിനും ഇടയിൽ വരുന്ന വെള്ളിയാഴ്ച, ഈസ്റ്റർ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച. സാധാരണ വെള്ളിയാഴ്ച കൾ ഉപവാസ പ്രാർത്ഥന ദിനമായി വിശ്വാസികൾ കൊണ്ടാടണമെന്നാണ് സഭ നിഷ്കർഷിക്കുന്നത്. വെള്ളിയാഴ്ചകളിലും തപസ്സു കാലത്തും മാംസാഹാരം കഴിക്കരുത് എന്ന് നിയമം വ്യക്തമാക്കുന്നു.

4. ആരെല്ലാമാണ് പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്യാൻ കടപ്പെട്ടിരിക്കുന്നത് (CIC 1252).

ഭക്ഷണപാനീയങ്ങളുടെ വർജനവും ഉപവാസവും അനുഷ്ഠിക്കുന്നതിനു വ്യത്യസ്തങ്ങളായ പ്രായപരിധി ആണ് കാനോൻ നിയമം നിശ്ചയിച്ചിരിക്കുന്നത്. 14 വയസ് പൂർത്തിയായ എല്ലാവരും ഭക്ഷണപാനീയങ്ങളുടെ വർജ്ജനവ് പാലിക്കാനും പ്രായ പൂർത്തിയായവർ (18 വയസ്സ്) മുതൽ 60 വയസ്സ് ആകുന്നത് വരെ ഉപവാസം അനുഷ്ഠിക്കുവാനും എല്ലാ കത്തോലിക്കാ വിശ്വസികളും കടപ്പെട്ടിരിക്കുന്നുവെന്ന് കാനോൻ നിയമം നിഷ്കർഷിക്കുന്നു . 60 വയസ്സ് ആകുമ്പോൾ പലതരത്തിലുള്ള മരുന്നുകൾ കഴിച്ചു തുടങ്ങുന്നത് കൊണ്ടാണ് 60 വയസ്സിന് മുകളിലുള്ളവരെ ഉപവാസം അനുഷ്ടിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഭക്ഷണപാനീയങ്ങളുടെ വർജ്ജനത്തിൽ നിന്ന് 14 വയസ്സിനു മുകളിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല. അതോടൊപ്പം തന്നെ പ്രായപൂർത്തിയാകാത്തതിനാൽ ഭക്ഷണപാനീയങ്ങളുടെ വർജനത്തിന്റെയും ഉപവാസത്തിന്റെയും നിയമത്തിന് ബാധ്യതയില്ലാത്ത വരെ ( 7 – 17 വയസ്സ് ) മാതാപിതാക്കളും ആത്മീയ പാലകരും പ്രായശ്ചിത്തത്തിന്റെ ശരിയായ അർത്ഥം പഠിപ്പിക്കേണ്ടതാണെന്നും കാനോൻ നിയമം ഓർമ്മപ്പെടുത്തുന്നുണ്ട്.

5. മെത്രാൻ സമിതിയുടെ അധികാരം (CIC 1253)

ഉപവാസത്തിന്റെയും ഭക്ഷണപാനീയങ്ങളുടെയും വർജ്ജനത്തിന്റെ അനുഷ്ഠാനം കൂടുതൽ കൃത്യതയോടെ നിശ്ചയിക്കുന്നതിനും അതോടൊപ്പം ഉപവാസത്തിന്റെ സ്ഥാനത്ത് മുഴുവനായോ ഭാഗികമായോ മറ്റുതരത്തിലുള്ള പ്രായശ്ചിത്തങ്ങൾ പ്രത്യേകിച്ച് ഉപവി പ്രവർത്തികളും ഭക്തകൃത്യങ്ങളും നിർദ്ദേശിക്കുവാനുള്ള അധികാരം കാനോൻ നിയമം ഒരു രാജ്യത്തെയും മെത്രാൻ സമിതിക്ക് നൽകിയിട്ടുണ്ട് (CIC 1253). ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും എട്ട് കാര്യങ്ങളാണ് ഭാരതത്തിലെ മെത്രാൻ സമിതി നിർദ്ദേശിച്ചിരിക്കുന്നത്
# എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുയോ 15 മിനിറ്റ് ബൈബിൾ വായിക്കുകയോ കുരിശിന്റെ വഴി ചൊല്ലുകയോ ചെയ്യുക
# സസ്യാഹാരങ്ങൾ മാത്രം നോമ്പുകാലത്ത് ഭക്ഷിക്കുക. ഇറച്ചി മീൻ മുട്ട മുതലായ മാംസാഹാരങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക
# ആഴ്ചയിൽ (വെള്ളിയാഴ്ച ) ഒരു നേരം ഉപവാസം അനുഷ്ഠിക്കുക
#അമിതമായ മദ്യപാനം പുകവലി, അമിതമായി ചായ കുടിക്കുന്നത് മുതലായ ദുശീലങ്ങൾ ഉപേക്ഷിക്കുക
# വരുമാനത്തിന്റെ 10% കാരുണ്യ പ്രവർത്തികൾക്കായിട്ട് മാറ്റി വയ്ക്കുക.
ചുരുക്കത്തിൽ എല്ലാ വെള്ളിയാഴ്ചയും നോമ്പുകാലവും ആണ് സഭയിലെ പ്രധാനപ്പെട്ട പ്രായശ്ചിത്ത കാലഘട്ടം. 15 വയസ്സിന്റെ ആരംഭം മുതൽ ഭക്ഷണ പാനിയങ്ങളുടെ വർജ്ജനവും 18 വയസ്സ് മുതൽ 60 വയസ്സ് വരെ ഉപവാസവും അനുഷ്ടിക്കാൻഎല്ലാ കാത്തോലിക്കാ വിശ്വസികൾക്കും കടമയുണ്ട്. എന്നാൽ ഈ പ്രായത്തിലുള്ളവർ ഏതെങ്കിലും രോഗബാധിതരാണെങ്കിൽ ഉപവാസത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഓരോ വ്യക്തികൾക്കും അവരവരുടെ ആത്മീയ ജീവിതത്തിന്റെ ഉണർവിനും ആന്തരിക വിശുദ്ധിക്കും വേണ്ടി പ്രായശ്ചിത്വം ചെയ്തുകൊണ്ട് വിശുദ്ധിയിൽ അനുദിനം വളരുന്നതിനാണ് സഭ വിശുദ്ധി പൂക്കുന്ന നോമ്പുകാലം നൽകിയിരിക്കുന്നത്. പ്രായ പൂർത്തിയായ ഏതൊരു വ്യക്തിയും ഈ പ്രായശ്ചിത്ത ദിനങ്ങൾ വിശ്വസ്ഥതയോടെ പാലിക്കാൻ കടപ്പെട്ടിരിക്കുന്നു.

(സഭാ സംരക്ഷകൻ എന്ന മാഗസിന് വേണ്ടി എഴുതിയത് )

Fr Ashly OSJ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group