വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു ഭരണങ്ങാനം അസ്സീസി കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ജോർജ് ഉപ്പുപുറം.
നിത്യതയെ പറ്റി എപ്പോഴും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ആ കപ്പൂച്ചിൻ സന്യാസി 14 ഒക്ടോബർ രാവിലെ നിത്യതയിലേക്ക് പറന്നകന്നു. ജീവിതവിശുദ്ധി
കൊണ്ടും, സഹജീവി സ്നേഹം കൊണ്ടും ശ്രദ്ധേയനായ ആ മഹാ പുരോഹിതനെ
സാഹിത്യകാരൻ ടി.പത്മനാഭൻ “ഇതാണ് ക്രിസ്തു”എന്ന് വിശേഷിപ്പിച്ചിരുന്നു.
വായനയുടെയും അറിവിന്റെയും കാര്യത്തിൽ ടി.പത്മനാഭനെ വിസ്മയിപ്പിച്ച സന്യാസി.ഫാ.ജോർജിനെക്കുറിച്ച് ഒരു ചെറുകഥ പോലും രചിച്ചിട്ടുണ്ട് ടി.പത്മനാഭൻ.വി.ഫ്രാൻസിസ് അസ്സീസിയെപ്പോലെ തീർത്ഥാടകനായി ലോകത്തിൽ ജീവിച്ച സന്യാസ സഹോദരൻ.മരിച്ചു കഴിഞ്ഞാൽ ഏതെങ്കിലും വൃക്ഷത്തിനടിയിൽ സംസ്കരിക്കപ്പെടാൻ ആഗ്രഹിച്ചവൻ.നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവുണ്ടാകരുതെന്ന ബദ്ധശ്രദ്ധയില്‍ നടന്ന താപസനായിരുന്നു ഫാ.ജോർജ്.സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശമായിരുന്നു ഈ സന്യാസി.
വി.അൽഫോൻസാമ്മയെപ്പോലെ സഹനദാസനായി ജീവിച്ച് ഭരണങ്ങാനത്തെ വീണ്ടും പുണ്യവഴിയിലേക്കു നയിക്കുന്നു ഫാ.ജോർജ്.
ടി.പത്മനാഭന്റെ ഒരു കഥയാണു “അതു ക്രിസ്തുവായിരുന്നു”. കഥാസാരമിങ്ങനെ: യാത്രക്കിടയിൽ പത്മനാഭനെ ഒരു കപ്പൂച്ചിനച്ചൻ തിരിച്ചറിയുന്നു.പിന്നെ അവർ തമ്മിൽ കൂട്ടുകാരായി സംസാരമായി.ലോകസാഹിത്യവും സാഹിത്യകാരന്മാരും ഒക്കെ ചർച്ചാവിഷയമായി.കഥയിലൂടെ നല്ല മൂല്യങ്ങൾ പകർന്നു നൽകുന്നത്തിനെ ആ സന്യാസി ഇങ്ങനെ അഭിനന്ദിച്ചു: “വിശുദ്ധമായ പ്രാർത്ഥനകളാണു താങ്കളുടെ കഥകൾ”. ട്രെയിൻ വരാറായപ്പോൾ പത്മനാഭന്റെ പെട്ടിയുമെടുത്ത് അച്ചൻ സ്റ്റേഷനിലേക്കു അദ്ദേഹത്തോടൊപ്പം നടന്നു.അറിവിലും തപസ്സിലും ആദ്ധ്യാത്മികതയിലും പത്മനാഭനെ വിസ്‍മയിപ്പിച്ചു കളഞ്ഞു ആ സന്യാസി.
പത്മനാഭനെ കഥയുടെ അവസാനവരികൾ ഇങ്ങനെ:” സ്റ്റേഷനെത്താറായപ്പോൾ എനിക്കു തോന്നി “ഞങ്ങളുടെ കൂടെ മറ്റൊരാൾ കൂടിയുണ്ട് ഞങ്ങൾക്കു തൊട്ടുപിറകിലായി,ഞങ്ങളുടെ എല്ലാ ചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട്; ഒരു സ്നേഹിതനെപ്പോലെ,രക്ഷിതാവിനെപ്പോലെ, ഗുരുനാഥനെപ്പോലെ, വഴികാട്ടിയെപ്പോലെ.അത് ,ക്രിസ്തുവായിരുന്നു.ആ വൈദികനായിരുന്നു ക്രിസ്തു.
സ്നേഹനിധിയായ പുരോഹിതൻ സംസ്കാരം ഇന്ന് നടക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group