വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വേണ്ടി തയ്യാറെടുത്ത് ഭാരത സഭ..

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് വേണ്ടി തയ്യാറെടുത്ത് ഭാരത കത്തോലിക്കാ സഭ.മേയ് 15ന് വത്തിക്കാനിൽവെച്ചാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. ഇതോടനുബന്ധിച്ച് ദേശീയതലത്തിലുള്ള കൃതജ്ഞതാ ബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങളാണ് ഭാരത സഭ ക്രമീകരിക്കുന്നത്. കൂടാതെ, തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 24ന് രാജ്യത്തെ എല്ലാ കുടുംബങ്ങളെയും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ) തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും.

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച ആരുവായ്‌മൊഴിയിൽവെച്ച്, പെന്തക്കോസ്താ തിരുനാൾ ദിനമായ ജൂൺ അഞ്ചിനാണ് ദേശീയതലത്തിലുള്ള കൃതജ്ഞതാബലി അർപ്പണം. ജൂൺ 24ന് കുടുംബങ്ങളെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന തിരുക്കർമങ്ങളിൽ പങ്കുചേർന്ന്, നമ്മുടെ രാജ്യത്തിനുവേണ്ടി ദേവസഹായo പിള്ളയുടെ മാധ്യസ്ഥം തേടാൻ എല്ലാ ഭാരതീയ ക്രൈസ്തവ വിശ്വാസികളോടും സഭ ആഹ്വാനം നൽകിയിട്ടുണ്ട്. കൂടാതെ, ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിവുപകരുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ ക്വിസ്, ഉപന്യാസ മത്സരങ്ങളും ഒരുക്കുന്നുണ്ട്.

ദേവസഹായം പിള്ള ജീവിതകാലം ചെലവഴിച്ച കോട്ടാർ രൂപതയുമായി സഹകരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ‘രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ വീരഗാഥ സകലരോടും വിശിഷ്യാ, നമ്മുടെ യുവജനങ്ങളുമായി പങ്കുവെക്കാൻ നമുക്ക് ഒരു മികച്ച അവസരം ലഭിച്ചിരിക്കുന്നു. ക്രിസ്ത്യൻ ജീവിതത്തിന്റെ അനിവാര്യതകളെ ധീരമായി നേരിടാനും സാക്ഷ്യം വഹിക്കാനും അത് സഹായകമാകും,’ സി.സി.ബി.ഐ പ്രസ്താവനയിൽ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group