സ്നേഹത്തിന്‍റെ കല്പന

അന്നാ പെസഹാ തിരുനാളില്‍ ഈശോ നല്‍കിയ കല്പന …. പരസ്പരം സ്നേഹിക്കുക …. അതു കുഴപ്പമില്ലായിരുന്നു …. സ്നേഹിക്കാമല്ലോ? എന്താ കുഴപ്പം? ……… പക്ഷേ, ഈശോ ഒന്നു കൂടി പറഞ്ഞു, ‘ഞാന്‍ സ്നേഹിച്ചതുപോലെ സ്നേഹിക്കുക’. അവിടെയാ കുഴപ്പം…. അതുപോലെയൊക്കെ പറ്റുമോ? എന്‍റെ സുഹ്രുത്തിനോട് ഞാന്‍ നിന്നെ സ്നേഹിക്കുന്നതുപോലെ നീ എന്നെ സ്നേഹിക്കണം എന്നു പറഞ്ഞാല്‍ അതവന് എളുപ്പമാ … എന്‍റെ സ്നേഹം എന്തുമാത്രമുണ്ടെന്ന് അവനറിയാം …. എന്നാല്‍ ഇതതുപോലെയണോ? ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കണം …. എല്ലാം മറന്ന് സ്നേഹിക്കണം …. എല്ലാം വെടിഞ്ഞ് സ്നേഹിക്കണം …. അപരന്‍റെ മുമ്പില്‍ മുട്ടുകുത്തി അവന്‍റെ പാദങ്ങള്‍ കഴുകി ചുംബിച്ച് സ്നേഹിക്കണം ….. ഭാരമേറിയ കുരിശെടുത്ത് എന്‍റെ തോളില്‍ വെച്ചു തരുന്നവനെ ആ കുരിശു ചുമക്കുമ്പോഴും സ്നേഹിക്കണം ….. ആ കുരിശില്‍ തറയ്ക്കപ്പെടുമ്പോള്‍ കൈകാലുകളില്‍ ആണിയടിച്ചു കയറ്റുന്നവനെയും സ്നേഹിക്കണം …..എന്‍റെ വേദന കണ്ടാനന്ദിക്കുന്നവനെയും സ്നേഹിക്കണം … ഒരു കരണത്തടിക്കുന്നവനെ മറ്റേ കരണത്തേക്ക് ചേര്‍ത്ത് വെച്ച് സ്നേഹിക്കണം.. ചുംബിച്ചുകൊണ്ട് ഒറ്റുകൊടുക്കുന്നവനെ ചേര്‍ത്താശ്ലേഷിച്ച് സ്നേഹിക്കണം …. കൂടെനടന്ന് തള്ളിപ്പറയുന്നവനെ ദയാവാല്‍സല്യത്തോടെ കൂടെനിര്‍ത്തി സ്നേഹിക്കണം … അന്യരെയും സ്വന്തസഹോദരങ്ങളായി കണ്ട് സ്നേഹിക്കണം.
ഓരോ പെസഹാ തിരുനാളും ഒരോര്‍മ്മപ്പെടുത്തലാണ് ….. സ്നേഹം പങ്കുവെച്ചതിന്‍റെയും പങ്കുവെക്കേണ്ടതിന്‍റെയും ഓര്‍മ്മപ്പെടുത്തല്‍… പങ്കുവെച്ചത് ഈശോ .. പങ്കുവെക്കേണ്ടത് ഞാന്‍ ….
ആദ്യപെസഹാ .. അതൊരു കടന്നുപോകലായിരുന്നു ….. അടിമത്തത്തിന്‍റെ നാട്ടില്‍ നിന്നും വാഗ്ദാനനാട്ടിലേക്കുള്ള കടന്നുപോകല്‍ …. പക്ഷെ, ഇസ്രായേല്‍ ജനതയ്ക്ക് അടിമത്തം കഴിഞ്ഞെങ്കിലും വാഗ്ദാനനാട് വിദൂരതയിലായിരുന്നു … അവിടെയെത്താന്‍ അനേകം കാലങ്ങളും കാതങ്ങളും വേണ്ടിവന്നു … നമ്മുടെ കടന്നുപോകലുകളും ദീര്‍ഘമായി തോന്നിയേക്കാം … പാപാവസ്ഥയില്‍ നിന്നും വിശുദ്ധിയിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമല്ല … പക്ഷെ വിശുദ്ധിയുടെ കാനാന്‍ ദേശം നമുക്ക് മുമ്പിലുണ്ട്. അവിടേക്കുള്ള യാത്രയുടെ ദൂരം സ്നേഹത്തിന്‍റെ ദൂരം മാത്രം …. ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കാം. ആ സ്നേഹത്തിന്‍റെ ഒപ്പം ചേരാന്‍ ആളുകളുണ്ടാവും … നാം ഒറ്റയ്ക്കാവില്ല ….
“ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ” …. ഈശോ എങ്ങനെയാണ് ശിഷ്യന്മാരെ സ്നേഹിച്ചത്? യോഹന്നാന്‍ തന്നെ മറുപടി നല്‍കുന്നുണ്ട്. “ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു”. അങ്ങനെയാണ് ഈശോ സ്നേഹിച്ചത് .. ‘അവസാനം വരെ’… ഈ അവസാനം ഒരു സമയപരിധിയല്ല … അത് ആ സ്നേഹത്തിന്‍റെ ആഴമാണ് വ്യക്തമാക്കുന്നത്. സ്നേഹം ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലാവുന്നതിന്‍റെ അങ്ങേയറ്റം എന്നാണതിന്‍റെ അര്‍ത്ഥം. ഒട്ടും മിച്ചം വക്കാത്ത സ്നേഹം … ഒരു വ്യക്തിയെ മുഴുവനും ഏറ്റെടുക്കുന്ന സ്നേഹം … അവനെ അവന്‍റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളുന്ന സ്നേഹം. അതുപോലെ സ്നേഹിക്കാന്‍ ഈശോയുടെ സ്നേഹം നമ്മെ നിര്‍ബ്ബന്ധിക്കട്ടെ.
എല്ലാവര്‍ക്കും പെസഹാ തിരുനാളിന്‍റെ മംഗളങ്ങള്‍!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group