പാപപ്പൊറുതിയുടെ കുരിശ്

സ്പെയിനിലെ കൊർഡോബയിൽ സെന്റ് ആൻ & സെന്റ് ജോസഫ് ആശ്രമത്തിലെ ഒരു പള്ളിയിലാണ് പാപപ്പൊറുതിയുടെ കുരിശുള്ളത്.

ഇതിന്റെ പ്രത്യേകത, കുരിശിൽ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ വലതുകരം കുരിശിൽ നിന്ന് എടുത്ത് താഴേക്ക് നീട്ടിപ്പിടിച്ചിരിക്കുന്നു എന്നതാണ്. ഈ കുരിശ് ഇങ്ങനെയായതിന്റെ പിന്നിൽ ഒരു സംഭവമുണ്ടെന്നാണ് അവിടെയുള്ള നാട്ടുകാർ പറയുന്നത്, അതിങ്ങനെയാണ്.

ഈ കുരിശിന്റെ അടിയിൽ ഇരുന്നായിരുന്നു അവിടത്തെ പ്രധാനപുരോഹിതൻ ആളുകളെ കുമ്പസാരിപ്പിക്കാറുള്ളത്. ഗൗരവമേറിയ കുറെ പാപങ്ങൾ ചെയ്തിട്ടുള്ള ഒരു മനുഷ്യൻ കുമ്പസാരിച്ചുകഴിഞ്ഞപ്പോൾ ആ പുരോഹിതൻ വളരെ കാർക്കശ്യത്തോടെ പെരുമാറി.ഇനി പാപം ചെയ്യുകയില്ലെന്ന് തീരുമാനിച്ച് ആ മനുഷ്യൻ അവിടെ നിന്ന് പോയി.

പക്ഷേ കുറച്ചുകാലത്തിനുള്ളിൽ അയാൾ പിന്നെയും പാപങ്ങളിൽ വീണുപോയി. ഇപ്രാവശ്യം വൈദികൻ കുറേക്കൂടി ദേഷ്യത്തിലായിരുന്നു. ഇത് ഒടുവിലത്തേതാണെന്നും ഇനിയും ഇതുപോലെ തുടർന്നാൽ പാപക്ഷമ തരില്ലെന്നും പറഞ്ഞു വിട്ടു. വേദനയോടെ ഇനി പാപം ചെയ്യില്ലെന്ന് തീരുമാനിച്ച് പോയെങ്കിലും ആ മനുഷ്യന് അതിൽ ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല. കുറച്ചു മാസങ്ങൾക്കു ശേഷം, പാപം വീണ്ടും ചെയ്തുപോയതിലുള്ള ഹൃദയഭാരത്തോടെ കുരിശിന്റെ താഴെ കുമ്പസാരിക്കാനായി മുട്ടുകുത്തിയ അയാളോട് ആ വൈദികൻ പാപമോചന ആശിർവ്വാദം നൽകാൻ വിസമ്മതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ദൈവത്തോട് കളിക്കരുത്. ഇങ്ങനെ വീണ്ടും വീണ്ടും പാപം ചെയ്യുന്നത് സമ്മതിച്ചു തരാൻ എനിക്കാവില്ല”.

പക്ഷേ ആ പാപിയെ നിരസിച്ചുകൊണ്ട് പുരോഹിതൻ ഇത് പറഞ്ഞ നിമിഷത്തിൽ, കുരിശിലെ ആണിപ്പഴുതിൽ നിന്ന് പറിച്ചെടുത്ത് ഈശോയുടെ വലത്തേ കരം താഴേക്ക് നീണ്ടു വന്നു, പാപപ്പൊറുതി കൊടുക്കുന്ന പോലെ.അവിടെ അലയടിച്ച ഒരു സ്വരവും ആ പുരോഹിതൻ കേട്ടു, “ഇവനുവേണ്ടി രക്തം ചൊരിഞ്ഞത് ഞാനാണ്, നീയല്ല “!!. അതിനുശേഷം ആ രൂപത്തിലെ വലതുകൈ അങ്ങനെതന്നെ ഇരുന്നു, പാപക്ഷമക്കായി കുമ്പസാരത്തിന് അണയാനോ ദൈവത്തെ സമീപിക്കാനോ ആരും ശങ്കിക്കേണ്ട എന്ന് ഓർമ്മിപ്പിക്കും പോലെ..

പാപം ചെയ്യാനുള്ള ലൈസൻസ് എല്ലാവർക്കും ഉണ്ടെന്നല്ല, ദൈവത്തിന്റെ പരിധിയില്ലാത്ത ക്ഷമയും കരുണയും വെളിവാക്കാനും അനുരഞ്ജനകൂദാശയെ നാം ഭയക്കേണ്ടതില്ലെന്ന് മനസ്സിലാക്കിത്തരാനുമാണ് ഈശോ ശ്രമിച്ചത്. അതോടൊപ്പം പാപികളോട് അലിവോടെ പെരുമാറാൻ വൈദികർക്ക് ഒരു ഓർമ്മപ്പെടുത്തലായും. അശുദ്ധിയെല്ലാം അകറ്റി നമ്മോട് ഒന്നാവാൻ കാത്തിരിക്കുന്ന ഈശോയുടെ അടുത്തേക്ക് പോകാൻ, കുമ്പസാരിക്കാൻ, നമുക്ക് മടി കാണിക്കാതിരിക്കാം..

“വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും, അവ മഞ്ഞുപോലെ വെണ്മയുള്ളതായി തീരും. അവ രക്തവർണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും” ( എശയ്യ 1: 18)

അനുതാപത്തോടെ ദൈവ സന്നിധിയിലേയ്ക്ക് കടന്നുചെല്ലുന്ന മനുഷ്യമക്കളുടെ പാപങ്ങൾ പൊറുക്കാൻ ദൈവം ഒരിയ്ക്കലും മടുപ്പ് കാണിക്കാറില്ല…

✍️ കടപ്പാട്: ജിൽസ ജോയ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group