വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച 13 വയസുകാരന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക്

ക്രൈസ്തവ വിശ്വാസത്തെ പ്രതി മെക്സിക്കോയിൽ ധീര രക്തസാക്ഷിത്വം വരിച്ച 13 വയസുകാരൻ വിശുദ്ധ ഹൊസെ സാഞ്ചസ് ഡെൽ റിയോയുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമ തീയറ്ററുകളിലേക്ക്. ‘മിറാൻഡോ അൽ സിയോലോ’ (ലുക്കിംഗ് അറ്റ് ഹെവൻ) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏപ്രിൽ 18നാണ് യു.എസിലെ തിയേറ്ററുകളിൽ റിലീസിന് എത്തുക. അന്റോണിയോ പെലേസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

1917ൽ മസോണിക് ഗവൺമെന്റ് ആവിഷ്‌ക്കരിച്ച മെക്‌സിക്കൻ ഭരണഘടനയിലെ ക്രൂരമായ കത്തോലിക്കാ വിരുദ്ധ നടപടികൾ നടപ്പാക്കുന്നതിന് എതിരെ പൊട്ടിപ്പുറപ്പെട്ട ക്രിസ്റ്ററോ കലാപത്തിലാണ് ഹൊസെ സാഞ്ചസ് രക്തസാക്ഷിയായത്. ക്രിസ്റ്ററോ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ധീരരക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട്, ഹൊസെ സാഞ്ചസിനെയും മറ്റ് 11 പേരെയും 2005ൽ ബെനഡിക്റ്റ് 16-ാമൻ പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 2016ൽ ഫ്രാൻസിസ് പാപ്പ അവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.

എന്റർടൈൻമെന്റ് രംഗത്ത് ശ്രദ്ധേയരായ ‘ഫാത്തം ഇവന്റ്‌സ്’ വിശുദ്ധരെക്കുറിച്ച് തയാറാക്കുന്ന പരമ്പരയുടെ ഭാഗമായാണ് ഇംഗ്ലീഷ് സബ്ടൈറ്റിലുകളുള്ള ഈ സ്പാനിഷ് സിനിമ ഇറങ്ങുന്നത്. മാത്രമല്ല ഇത് എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന മികച്ച സിനിമാ അനുഭവമായിരിക്കുമെന്നും വാർത്താക്കുറിപ്പിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചു. നമ്മുടെ സ്വന്തം വിശ്വാസത്തിൽ നാം എങ്ങനെ ജീവിക്കുന്നു എന്ന് വിചിന്തനം ചെയ്യാൻ സിനിമ സഹായിക്കുമെന്ന് സഹനിർമാതാവ് ലോറ പെലേസും വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group