കണ്ണുകൾ നഷ്ടപ്പെട്ട നാഗസാക്കിയിലെ മാതാവിന്റെ രൂപം

ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549-ൽ വി. ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിതപ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രിസ്തുമതത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാസമൂഹം നീണ്ട 250 വർഷങ്ങളോളം അവരുടെ വിശ്വാസം രഹസ്യമായി കാത്തുസൂക്ഷിച്ചു.

1859-ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്ക് നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി – അതാണ് ഔറ കത്തീഡ്രൽ. ഫ്രാൻസിൽ നിന്നുള്ള വൈദികരായിരുന്നു അജപാലനശുശ്രൂഷ നടത്തിയിരുന്നത്. 1865-ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാല് ദൈവാലയങ്ങൾ നിർമ്മിച്ചു. 1868-ൽ ക്രൈസ്തവർക്കെതിരെയുള്ള മതമർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873- ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെയെത്തി. 1880-കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തുതന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു.

1889-ൽ ജപ്പാനിലെ ഭരണഘടന

മതസാതന്ത്ര്യത്തിന് അനുവാദം നൽകി.

1914-ൽ ഉറാകാമി കത്തീഡ്രൽ (Immaculate
Conception Cathedral or the St. Mary’s Cathedral) നാഗസാക്കി നഗരത്തിൽ പണി കഴിപ്പിച്ചു. ഫ്രാൻസിൽ നിന്നുള്ള മിഷനറി വൈദികരാണ് അതിന് നേതൃത്വം നൽകിയത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദൈവാലയമായിരുന്നു ഇത്. മൂന്നുവർഷങ്ങൾക്കു ശേഷം പള്ളിയ്ക്കകത്ത് തടികൊണ്ട് അൾത്താരയുടെ ഭാഗം നവീകരിച്ചു. തടികൊണ്ടുള്ള പരിശുദ്ധ
കന്യകാമറിയത്തിന്റെ ഒരു
തിരുസ്വരൂപമായിരുന്നു അതിന്റെ ഏറ്റവും വലിയ സവിശേഷത.

1945 ആഗസ്റ്റ് 9-ന്, രാവിലെ 11:02-ന് അമേരിക്കൻ സൈന്യം രണ്ടാമത്തെ ആറ്റം ബോംബ് നാഗാസാക്കി നഗരത്തിൽ വർഷിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങൾ തൽക്ഷണം മരണമടഞ്ഞു. ഉറാകാമി താഴ്വരയുടെ അഞ്ഞൂറു മീറ്റർ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിൻ്റെ സ്വർഗാരോപണ തിരുനാളിനൊരുക്കമായി വിശ്വാസികൾ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു അത്. ബോംബ് സ്ഫോടനം നടക്കുമ്പോൾ ദൈവാലയത്തിലുണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദികരും തൽക്ഷണം മരിച്ചു. ദൈവാലയം പൂർണ്ണമായും കത്തിനശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളിൽ 8,500 പേർ ആ ദിനം തന്നെ മരണത്തിനു കീഴടങ്ങി. ജപ്പാൻ കീഴടങ്ങി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1945 ഒക്ടോബർ മാസത്തിൽ ജാപ്പനീസ് സൈന്യത്തിൽ നിന്നും വിടുതൽകിട്ടിയ സൈനികനും കത്തോലിക്കാ വൈദികനുമായ കാമോൻ നോഗുച്ചി തകർന്നടിഞ്ഞ ഉറാകാമി കത്തീഡ്രലിന്റെയുള്ളിൽ പ്രാർഥിക്കാൻ കയറി. ഹോക്കായിഡോയിലെ തങ്ങളുടെ ട്രാപ്പിസ്റ്റ് ആശ്രമത്തിലേക്ക് ഓർമ്മയ്ക്കായി എന്തെങ്കിലുമെടുക്കുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നു. അവശിഷ്ടകൂമ്പാരങ്ങൾക്കിടയിൽ ഒരു മണിക്കൂർ പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. അവശനായി, തകർന്നടിഞ്ഞ ദൈവാലയത്തിന്റെ ഒരു കോണിലിരിക്കുമ്പോൾ അവശിഷ്ടകൂമ്പാരങ്ങൾക്കിടയിൽ മാതാവിന്റെ ഒരു രൂപം കിടക്കുന്നതുകണ്ടു. നോഗുച്ചി വേഗം തന്നെ രൂപമെടുത്ത് പൊടി തട്ടിക്കളഞപ്പോൾ ആ മാതൃരൂപത്തിന് കണ്ണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.

വർധിച്ച ഉത്സാഹത്തോടെ അദ്ദേഹം ആ രൂപം തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോയി. കണ്ണുകൾ നഷ്ടപ്പെട്ട മാതാവിന്റെ തടികൊണ്ടുള്ള ആ രൂപം, നോഗുച്ചി അച്ചൻ പിന്നീടുള്ള മുപ്പതുവർഷം തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിച്ചു. 1975 ആഗസ്റ്റ് മാസത്തിൽ നോഗുച്ചി മാതൃ തിരുസ്വരൂപം തിരികെ നൽകാനായി നാഗസാക്കിയിലേക്കു പോയി. അവിടെ യാക്കിച്ചി കറ്റോക എന്ന പ്രൊഫസർക്ക് മാതാവിന്റെ രൂപം കൈമാറി. തുടർന്നുള്ള പതിനഞ്ചു വർഷങ്ങൾ നാഗസാക്കിയിലെ യൂൺഷിൻ വനിതാ കോളേജിലായിരുന്നു ഈ വിശിഷ്ടരൂപത്തിന്റെ സ്ഥാനം.

1990-ൽ ഉറാകാമി ദൈവാലയത്തിലെ മുഖ്യപുരോഹിതൻ ദൈവാലയത്തിന്റെ ചരിത്രത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി, അതിൽ തകർന്നടിഞ്ഞ ദൈവാലയത്തിൽ നിന്ന് ഒരു സൈനികന് മാതാവിന്റെ തിരുസ്വരൂപം കിട്ടിയതിനപ്പറ്റി പരാമർശമുണ്ടായിരുന്നു. ആ സൈനികന്റെ പേര് അറിഞ്ഞാൽ നന്നായിരിക്കുമെന്നും അദ്ദേഹം എഴുതിയിരുന്നു. ഇതു വായിച്ചറിഞ്ഞ ഫാ. നോഗുച്ചി, നടന്ന സംഭവങ്ങളെല്ലാം വിവരിച്ച് മുഖ്യപുരോഹിതനു കത്തെഴുതി.

പ്രൊഫ. യാക്കിച്ചി കറ്റോക മാതൃരൂപം ഉറാകാമി ദൈവാലയത്തിനു കൈമാറി. പിന്നീട് ഈ രൂപം ആറ്റം ബോംബ് മ്യൂസിയത്തിലേക്കു മാറ്റി.

1998 ആഗസ്റ്റ് മാസത്തിൽ യാസുഷികോ സാത (Yasuhiko Sata) നാഗസാക്കിയിലെ മാതാവിന്റെ കഥ വായിച്ചറിഞ്ഞ് നാഗസാക്കിയിലെത്തി. ആറ്റം ബോംബ് മ്യൂസിയത്തിൽ കണ്ടെത്തിയ തിരുസ്വരൂപം കേവലമൊരു കാഴ്ചവസ്തു മാത്രമല്ല, അതൊരു തിരുശേഷിപ്പായതിനാൽ അൾത്താരയിൽ പ്രതിഷ്ഠിക്കേണ്ടതാണെന്ന് സാതയ്ക്കു ബോധ്യമായി. അതിനായി അദേഹം പല ശ്രമങ്ങളും നടത്തി. അവസാനം 2000 ആണ്ടിലെ ഈസ്റ്റർ ദിനത്തിൽ മരിയൻ മാസമായ മെയ് മാസത്തിൽ മാതാവിനെ ഉറാകാമി കത്തീഡ്രലിൽ പ്രതിഷ്ഠിക്കാമെന്ന് സാത്തായ്ക്കു ഉറപ്പുകിട്ടി.

2005 ആഗസ്റ്റ് മാസം ഒൻപതാം തീയതി ചൊവ്വാഴ്ച രാവിലെ 10.30-ന് ഉറാകാമി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാഗാസാക്കിയിലെ ആറ്റംബോംബ് ആക്രമണത്തിൽ തകർന്ന മാതാവിന്റെ, കണ്ണില്ലാത്ത, തടികൊണ്ടുള്ള രൂപം കത്തീഡ്രലിനുള്ളിൽ പ്രത്യേകം തയാറാക്കിയ ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു.

കണ്ണു നഷ്ടപ്പെട്ട നാഗാസാക്കി മാതാവ് ലോകസമാധാനത്തിന്റെ പ്രതീകവും സന്ദേശവുമാണ്. രാഷ്ടങ്ങൾ തമ്മിലുള്ള കുടിപ്പക അനേകരുടെ മുഖം വികൃതമാക്കുമ്പോൾ ഒരു നിമിഷം കണ്ണു നഷ്ടപ്പെട്ട മാതാവിന്റെ മുമ്പിൽ ഉത്തരവാദിത്വപ്പെട്ടവരുടെ അകക്കണ്ണു തുറക്കാനായി ഒരു നിമിഷം നമ്മുടെ മിഴിയടയ്ക്കാം.

കടപ്പാട് : ഫാ. ജയ്സൺ കുന്നേൽ MCBS


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group