ഇരട്ടകളുടെ സംഗമം തോമാ എന്നാല്‍ ‘ഇരട്ട’ എന്നാണ്. അരമായ ഭാഷയിലെ ‘തോമാ’ എന്ന വാക്ക് ഗ്രീക്ക് ഭാഷയിലേക്ക് തോമസ് എന്ന് പകര്‍ത്തി എഴുതി ദിദീമോസ് എന്ന് വിവര്‍ത്തനം ചെയ്തു. ഈ മൂന്നു വാക്കുകളുടെയും അര്‍ത്ഥം ഇരട്ട എന്നു തന്നെ.
ഈശോ തന്നെയാണ് തോമായെ ഇരട്ടയെന്ന് വിളിച്ചത്. “ഇനി മുതല്‍ ഞാന്‍ നിന്‍റെ ഗുരുവല്ല”. (തോമായുടെ സുവിശേഷം 13). ഈ വാക്കുകളുടെ വ്യാഖ്യാനം ഇപ്രകാരം നല്‍കിയിരിക്കുന്നു. “ഇനി മുതല്‍ നിന്നെ ഞാന്‍ തോമാ, ദിദീമോ എന്നു വിളിക്കും. കാരണം നീ ഞാനും ഞാന്‍ നീയുമാണ്.” (മരിയോ പിഞ്ചേര്‍ലോ, ഇല്‍ ക്വിന്‍റൊ വഞ്ചെലോ (ദ ഫിഫ്ത് ഗോസ്പല്‍), പേജ്,100). തോമായുടെ നടപടികളില്‍ തോമസിനെ കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. “അവന്‍ മിശിഹായുടെ ഇരട്ടയും അത്യുന്നത ദൈവത്തിന്‍റെ അപ്പസ്തോലനുമാണ്.” സഭാ പിതാവായ എഫ്രേം എഴുതുന്നു, ”ഇരട്ടയായവനേ തോമസേ, നിന്‍റെ പ്രവ്രുത്തികളില്‍ നീ വാഴ്ത്തപ്പെട്ടവന്‍, ആത്മീയ ശക്തിയില്‍ നീ ഇരട്ടയാകുന്നു.”
തോമാശ്ലീഹാ ഈശോയുടെ ഇരട്ടയായിരുന്നു, ആത്മീയ ഇരട്ട. ആ പദവിയിലേക്ക് തോമാശ്ലീഹാ നമ്മെയും ക്ഷണിക്കുന്നു. എങ്ങിനെ? നാം എന്താകണമെന്ന് ഈശോ ആഗ്രഹിക്കുന്നുവോ അത് ആയി തീര്‍ന്നുകൊണ്ട്. അതിനായി തോമാശ്ലീഹാ നടന്നു നീങ്ങിയ അതേ അത്മീയയാത്ര നമുക്കും നടത്താം. സ്വയം അറിയുക എന്നാല്‍ സ്വന്തം ദൈവിക ദ്വന്ദഭാവത്തെ, ഇരട്ടയെ, തിരിച്ചറിയുക എന്നാണ്. ബെനെഡിക്റ്റ് മാര്‍പാപ്പാ പറയുന്നു, “ക്രിസ്തീയ ജീവിതം എന്നാല്‍ ഈശോയോടൊത്തുള്ള ജീവിതമാണ്, അവിടുത്തോടൊപ്പം ജീവിക്കേണ്ട ജിവിതമാണത്.” “ഒന്നിച്ചു ജീവിക്കുവാനും ഒന്നിച്ചു മരിക്കുവാനും” എന്ന് പൌലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നതുപോലെ (2 കൊറീ 7:3).
തോമാശ്ലീഹായോടൊപ്പം ഈശോയെ ഏറ്റുപറഞ്ഞുക്കൊണ്ട് നമുക്കും ഇരട്ടകളാകാം. ഇരട്ടകളുടെ സംഗമമാകട്ടെ നമ്മുടെ ജീവിതം. “എനിക്ക് ജീവിക്കുകയെന്നാല്‍ ക്രിസ്തുവാണ്” (mihi vivere christus est”).
ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group