മതരാഷ്ട്രസങ്കല്പങ്ങൾ എന്ന ആഗോള ഭീഷണി – കെസിബിസി

മതേതര രാഷ്ട്ര സങ്കല്പങ്ങൾ കൈവിട്ട് മത നിയമങ്ങൾ ഭരിക്കുന്ന പുതിയ ലോകം സ്വപ്നം കാണുന്നവരുടെ എണ്ണം നമുക്കിടയിൽ വർദ്ധിച്ചുവരികയാണ്. മൗലികവാദങ്ങൾ സമാധാനം കെടുത്തുന്ന ഈ കാലത്ത് അതിനെ ചോദ്യം ചെയ്യുന്നവർ നേരിടേണ്ടിവരുന്ന പ്രധാന ചോദ്യങ്ങൾ ക്രൈസ്തവർ യുദ്ധങ്ങൾ നടത്തിയിട്ടില്ലേ, സഭാനിയമങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങൾ ഉണ്ടായിരുന്നില്ലേ, എന്നിവയാണ്. മതരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ)

മനുഷ്യ സംസ്കൃതി വളർച്ചയുടെ പാതയിലാണ്. പരിണാമത്തിലൂടെയും പരിഷ്കരണങ്ങളിലൂടെയുമാണ് മനുഷ്യസമൂഹങ്ങളും സംസ്കാരങ്ങളും ഗുണപരമായ മാറ്റങ്ങളും മേന്മകളും ആർജ്ജിക്കാറുള്ളത്. അതാണ് പ്രകൃതിയുടെ നിയമവും. തെറ്റുകളും കുറ്റങ്ങളും പോരായ്മകളും പരിഹരിച്ച് സ്വയം പരിണമിച്ചുകൊണ്ടേയിരിക്കുന്ന ദൃശ്യപ്രപഞ്ചത്തിന്റെ ചെറുരൂപങ്ങളാണ് മാനവ സംസ്കാരങ്ങളും. ചരിത്രങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് തെറ്റുകൾ പരിഹരിച്ച് കൂടുതൽ മികവിലേക്കും പുരോഗമന കാഴ്ചപ്പാടുകളിലേയ്ക്കും വളരാനുള്ള ആന്തരിക ചോദന എല്ലാ സമൂഹങ്ങൾക്കും വ്യക്തിഗതമായി എല്ലാ മനുഷ്യർക്കുമുണ്ട്. പൂർണ്ണതയിലേയ്ക്കും നന്മയിലേയ്ക്കും സഞ്ചരിക്കാനുള്ള മനുഷ്യന്റെ ആത്യന്തികമായ ആഭിമുഖ്യമാണ് അവിടെ പ്രകടമാകുന്നത്.

ചരിത്രങ്ങൾ പലപ്പോഴും സന്തോഷം പകരുന്ന ഓർമ്മകളല്ല. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രങ്ങളിൽ ഏറിയപങ്കും കയ്പ്പേറിയ കനലുകളും ഉണങ്ങാൻ മടിക്കുന്ന മുറിവുകളുമാണ്. പതിനായിരങ്ങളുടെ കൂട്ടക്കുരുതിക്ക് മുതൽ വംശങ്ങളുടെ ഉന്മൂല നാശത്തിനുവരെ കാരണമായിട്ടുള്ള ആസൂത്രിത കലാപങ്ങളും ചെറുതും വലുതുമായ യുദ്ധങ്ങളുമുണ്ട്. ഇത്തരം ചരിത്രങ്ങൾ എഴുതപ്പെടുകയും പല വീക്ഷണകോണുകളിലൂടെ വിശകലനം ചെയ്യപ്പെടുകയും പഠന വിഷയമാക്കപ്പെടുകയും ചെയ്യാറുണ്ട്. തങ്ങൾ ഗവേഷണ വിഷയമാക്കുന്ന ചരിത്ര സംഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് കൂടുതൽ മികച്ച ഒരു ലോകക്രമം വിഭാവനം ചെയ്യാനാണ് പല ചരിത്രകാരന്മാരും അധ്വാനിച്ചിട്ടുള്ളത്. കളങ്കമില്ലാത്തതും കുറ്റമറ്റതുമായ ഒരു ചരിത്രം സ്വന്തമായുണ്ടെന്ന് അവകാശപ്പെടാൻ കഴിയുന്ന ജനതകളൊന്നും നമുക്കിടയിലുണ്ടാവില്ല എന്നുള്ളതാണ് വാസ്തവം.

തങ്ങളുടെ സ്വന്തമായതും മറ്റുള്ളവരുടെയുമായ ചരിത്രങ്ങളിൽ അടിവരയിട്ട് സൂക്ഷിച്ചിട്ടുള്ള പിഴവുകൾ, അവ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളായി വേണം നാം പരിഗണിക്കാൻ. കൂട്ടക്കൊലകളിലേയ്ക്കും വംശഹത്യകളിലേയ്ക്കും നയിച്ചിട്ടുള്ള ചരിത്രസംഭവങ്ങളും രാഷ്ട്ര – വർഗ്ഗ വിഭാഗീയതകൾ മൂലം രൂപപ്പെട്ടിട്ടുള്ള യുദ്ധങ്ങളും കലാപങ്ങളും എണ്ണിയാലൊടുങ്ങാത്തതായുണ്ട്. മൗലികവാദങ്ങളുടെ വ്യാപനവും തീവ്രവാദ ചിന്തകളുടെ സ്വാധീനങ്ങളും സമാധാനവും സ്ഥിരതയും നഷ്ടപ്പെടുത്തുകയും, ഇല്ലാതാക്കുകതന്നെയും ചെയ്ത നിരവധി രാഷ്ട്രങ്ങളും ജനതകളുമുണ്ട്.

വർഗ്ഗ – മത – രാഷ്ട്ര ചിന്തകൾക്കപ്പുറം മാനവികത വിലമതിക്കപ്പെടാത്ത പക്ഷം ലോകസമാധാനം പ്രാപ്യമാവില്ല എന്നുള്ളതിന് എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അത്തരം ചരിത്രപാഠങ്ങൾ നമ്മെ നയിക്കേണ്ടത് ആഗോള മാനവികതയുടെ പുതിയ സംസ്കാരത്തിലേയ്ക്കും സാമൂഹിക സഹവർത്തിത്വത്തിന്റെ പുതിയ ലോകക്രമത്തിലേയ്ക്കുമാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പോപ്പ് ഫ്രാൻസിസ് ആഗോള ഭരണ നേതൃത്വങ്ങളെ ക്ഷണിക്കുന്നത് ഈ ലക്ഷ്യത്തിനായുള്ള കൂട്ടായ പരിശ്രമത്തിലേക്കാണ്.

ക്രൈസ്തവ രാഷ്ട്രങ്ങൾ

കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്കിടയിലെ ചരിത്രത്തിൽ തലയുയർത്തിനിൽക്കുന്നത് വിവിധ ക്രൈസ്തവ സാമ്രാജ്യങ്ങളാണ്. മധ്യപൂർവ്വ ദേശത്തെ ഇസ്ലാമിക തേരോട്ടത്തിന് മുമ്പുള്ള കാലഘട്ടം ക്രൈസ്തവ മതരാഷ്ട്രങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു. പിന്നീടിങ്ങോട്ടും, പത്തൊമ്പതാം നൂറ്റാണ്ട് വരെയും കത്തോലിക്കാ സഭയുടെ രാഷ്ട്രീയ ഇടപെടൽ അതിശക്തമായി തുടർന്നിരുന്നു. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടങ്ങളിലും മുഖ്യമായും യഹൂദ ഭരണാധിപന്മാർ മത നിയമങ്ങൾക്ക് പ്രാമുഖ്യം നൽകി ഭരണം നടത്തിപ്പോന്നിരുന്നു. ആ കാലങ്ങളിൽ മത നിയമങ്ങളായിരുന്നു രാഷ്ട്ര നിയമങ്ങൾ എന്നുകാണാം. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ, ക്രൈസ്തവ നേതൃത്വങ്ങൾ ഭരണം കയ്യാളിയിരുന്ന ചരിത്രങ്ങളിൽ മത നിയമങ്ങളുടെ സ്വാധീനം കുറഞ്ഞുവന്നിരുന്നു. പിൽക്കാലത്ത് മതരാഷ്ട്രം എന്ന സങ്കൽപ്പത്തെ ക്രൈസ്തവ നേതൃത്വങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുകയാണുണ്ടായത്. ഇന്നത്തെ ലോകരാജ്യങ്ങളിൽ ക്രൈസ്തവ സംസ്കാരത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും മത നിയമങ്ങൾ രാഷ്ട്രനിയമങ്ങളായുള്ള രാജ്യങ്ങളേയില്ല. അതേസമയം ക്രൈസ്തവ ഭൂരിപക്ഷമുള്ള ഒട്ടേറെ പ്രബല രാജ്യങ്ങൾ ഇന്നുണ്ട്.

ക്രൈസ്തവ രാഷ്ട്രീയം എന്നൊന്ന് ഇന്ന് ഇല്ലാത്തതിന്റെ കാരണം, കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം നൽകുന്ന പാഠം ക്രൈസ്തവ സഭകൾ ഉൾക്കൊണ്ടതിനാലാണ് എന്നത് വ്യക്തമാണ്. കത്തോലിക്ക സഭയുടെ ആധുനിക പ്രബോധനങ്ങൾ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ചിന്തകൾ മതരാഷ്ട്ര ആശയങ്ങളല്ല, മാനവിക മൂല്യങ്ങൾക്കായി നിലകൊള്ളുന്ന വിശാലമായ കാഴ്ചപ്പാടുകളാണ്. വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളുന്നതും, വിഭാഗീയ ചിന്തകൾക്ക് ഇടമില്ലാത്തതുമായ സമഗ്രവും ഉദാത്തവുമായ സാമൂഹിക ചട്ടക്കൂടുകളാണ് കത്തോലിക്കാ സഭ വിഭാവനം ചെയ്യുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ദേശീയതയുടെ മുദ്രാവാക്യത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒന്നാണ് കത്തോലിക്കാ സഭയുടെ നിലപാടുകൾ.

ആധുനിക ലോകത്തിലെ മതരാഷ്ട്ര സങ്കൽപ്പങ്ങൾ

ഒരുകാലഘട്ടം വരെയും മതവിശ്വാസങ്ങളും മത നേതൃത്വങ്ങളുമായിരുന്നു ലോകമെമ്പാടും ആധിപത്യം പുലർത്തിയിരുന്നത് എന്നുള്ളതിന് ചരിത്രം സാക്ഷ്യം നൽകുന്നു. ആ കാലങ്ങളിൽ ഓരോ സമൂഹങ്ങളിലും പ്രാമുഖ്യം പുലർത്തിയിരുന്ന മതങ്ങളും വംശങ്ങളും രാഷ്ട്രീയ അധികാരങ്ങൾ ഏറ്റെടുക്കുകയും മതവിശ്വാസ സംബന്ധമായ നിയമങ്ങളുടെയും വംശീയ കാഴ്ചപ്പാടുകളുടെയും വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് ഭരണം നടത്തുകയും ചെയ്തിരുന്നു. വർഗ്ഗീയവും വംശീയമായ ചേരിതിരിവുകൾക്കും കലാപങ്ങൾക്കും യുദ്ധങ്ങൾക്കുമെല്ലാം പിന്നിൽ അധികാരം കയ്യാളിയിരുന്ന അത്തരം നേതൃത്വങ്ങളായിരുന്നു. സങ്കുചിതമായ ചിന്തകൾക്കും വിഭാഗീയതകൾക്കും അടിച്ചമർത്തലുകൾക്കും കാരണമായി മാറിയിരുന്ന അത്തരം ഭരണ സംവിധാനങ്ങൾക്ക് സാമൂഹികമായ പരിഷ്‌ക്കരണങ്ങൾക്കും ആധുനിക കാഴ്ചപ്പാടുകൾക്കും ആനുപാതികമായി കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായി വരികയും ക്രമേണ നിരവധി രാജ്യങ്ങൾ അത്തരം സ്വാധീനങ്ങളിൽനിന്ന് വിമുക്തമാക്കപ്പെടുകയും ചെയ്തു.

എന്നാൽ, മാനവികതയ്ക്കും സാമൂഹിക സൗഹാർദ്ദത്തിനും മുകളിൽ വർഗ്ഗീയ ചിന്തകൾക്കും വംശീയതയ്ക്കും മത വിശ്വാസങ്ങൾക്കും സ്ഥാനംകൊടുത്ത ചിലർ മതരാഷ്ട്ര സങ്കൽപ്പങ്ങളിൽ തുടരുകയും കൂടുതൽ ഇടങ്ങളിൽ പ്രാമുഖ്യം നേടിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുപോരുകയും ഉണ്ടായി. ചരിത്രത്തിലെ പിഴവുകൾ തിരുത്താനുള്ള ശ്രമമല്ല, കൂടുതൽ ആവേശത്തോടെ ദേശങ്ങൾ പിടിച്ചടക്കാനാണ് അത്തരക്കാർ ശ്രമിച്ചത്. അത്തരം പ്രവണതകൾ ഇന്നും തുടരുന്നു.

ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഹിന്ദു രാഷ്ട്രം എന്ന ആശയവും, ആഗോള തലത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിവിധ കടന്നുകയറ്റങ്ങളും പ്രാകൃതമായ ഒരു ഭരണക്രമത്തിലേക്കുള്ള തിരിച്ചുപോക്ക് എന്ന ഭീതിയാണ് ജനാധിപത്യവാദികളിൽ നിറയ്ക്കുന്നത്. മത വിശ്വാസങ്ങളും വർഗ്ഗീയ ആശയങ്ങളും സമുദായത്തിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് ഉതകുന്നതായിരിക്കണം. അതിനപ്പുറം, അപരന്റെ തകർച്ച കൂടി ലക്‌ഷ്യം വച്ചുതുടങ്ങുമ്പോൾ അത് സാമൂഹിക സൗഹാർദ്ദത്തിനും ഈ ആഗോള സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും ആപൽക്കരമായി മാറുന്നു. തങ്ങളുടെ മതനിയമങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളും, തങ്ങളൊഴികെയുള്ളവർക്ക് അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണതയും, എല്ലാം തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമങ്ങളും തുറന്നുകാണിക്കേണ്ടതും ചെറുക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

പൗരന്മാർക്ക് വേർതിരിവുകളില്ലാതെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകാൻ കഴിയുന്ന റിപ്പബ്ലിക്കുകളായി എല്ലാ രാജ്യങ്ങളും മാറണം. മത – വംശ വ്യത്യാസങ്ങൾ കൂടാതെ അയൽരാജ്യങ്ങളും മറ്റു ലോകരാജ്യങ്ങളുമായി മാനവിക വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനും രാഷ്ട്രങ്ങൾ തയ്യാറാകേണ്ടതുണ്ട്. വർഗ്ഗീയതയെയും തീവ്രവാദത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിൽ ലോകജനത ഒരേമനസോടെ പങ്കുചേരുകയും വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുകയും വേണം.

ഇന്നത്തെ ലോകത്തിന് ആവശ്യം മതരാഷ്ട്രങ്ങളുടെ പുനഃസ്ഥാപനമോ അവയുടെ പ്രാമുഖ്യമോ അല്ല, ഒരു മതേതര സംസ്കാരത്തിന്റെ തിരിച്ചുവരവാണ്. മതവിശ്വാസവും ദൈവവിശ്വാസവും ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് തുറന്ന സൗഹൃദം പുലർത്തി സഹവർത്തിത്വത്തോടെ മുന്നേറുന്ന ഒരു ലോകക്രമമാണ് ഇന്നത്തെ ലോകം ആവശ്യപ്പെടുന്നത്. അതിനായി ഏറ്റവും അധികം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് കത്തോലിക്കാ സഭയും സഭയുടെ തലവനുമാണ്. പ്രാകൃത കാഴ്ചപ്പാടുകളിലേയ്ക്കും മഹായുദ്ധങ്ങളിലേയ്ക്കുമുള്ള തിരിച്ചുപോക്കല്ല, സമാധാനം നിറഞ്ഞ ഒരു പുതിയ ലോകമാണ് ഇവിടെ വിഭാവനം ചെയ്യപ്പെടേണ്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group