വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം: കെസിബിസി

കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണ്. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങൾക്കിടയിൽ മാത്രം മധ്യപ്രദേശ്, ഉത്തരപ്രദേശ്‌, ഹരിയാന, ഗുജറാത്ത്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ക്രൈസ്തവർക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ മാസം കഴിയുംതോറും ഇത്തരം സംഭവങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ വർദ്ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിർമ്മാണങ്ങളും ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളൽ വീഴ്ത്തുന്നതുമാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളതും അത്തരം നിയമങ്ങൾ പരിഗണനയിലുള്ളതുമായ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങൾക്കും കത്തോലിക്കാ വൈദികർക്കും സന്യസ്തർക്കും എതിരെയുള്ള അതിക്രമങ്ങൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട് . മിക്കവാറും ആക്രമണങ്ങൾക്ക് മുമ്പ് മതപരിവർത്തണമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ആസൂത്രിതമായി നടത്തപ്പെടുന്ന അക്രമങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും പിന്നിൽ ചില ഗൂഢാലോചനകൾ സംശയിക്കാവുന്നതാണ്.

ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും ഈ രാജ്യത്ത് അരക്ഷിതാവസ്ഥ അധികരിച്ചുവരുന്നതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങളുടെ മുൻനിരയിൽ സ്ഥാനം പിടിക്കുന്നത് അപമാനകരമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തർക്കും ഒട്ടേറെ വൈദികർക്കും അവരുടെ സ്ഥാപനങ്ങൾക്കും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും നടപടികൾ സ്വീകരിക്കണം. വർഗ്ഗീയ അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്ന വ്യാജവാർത്തകൾ, സോഷ്യൽമീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾ, നിയമങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിയന്ത്രിക്കാനും, ഇത്തരം സാഹചര്യങ്ങളിൽ അതിക്രമങ്ങൾക്ക് ഇരകളാകുന്നവർക്ക് പ്രത്യേക സംരക്ഷണം നൽകാനും ഭരണാധികാരികൾ തയ്യാറാകണം. കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന് സന്യസ്തരും വൈദികരും എണ്ണമറ്റ ക്രൈസ്തവ കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് ഇത്തരം ഭീഷണികളെ നേരിടുന്ന പശ്ചാത്തലത്തിൽ കേരളസർക്കാർ ഈ വിഷയത്തിൽ പ്രത്യേകമായി ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു.

ഫാ. ജേക്കബ് പാലക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗിക വക്താവ്, കെസിബിസി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group