ഓൺലൈൻ വചന ധ്യാനം ചങ്ങനാശ്ശേരിയിൽ….

ചങ്ങനാശ്ശേരി:
നാൽപ്പതാം വെള്ളിയാഴ്‌ച ദിവസമായ മാർച്ച്‌ 26 ന് ചങ്ങനാശ്ശേരി പ്രവാസി അപ്പസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് ഓൺലൈൻ വചന ധ്യാനം നടത്തുന്നു. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ആരാധനാവത്സര കലണ്ടറനുസരിച്ചു് വലിയനോമ്പിന്റെ നാല്പതാം ദിവസമായ “നാല്പതാംവെള്ളി” ഈശോ ലാസറിനെ ഉയിർപ്പിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ്. വലിയനോമ്പുകാലം ആത്യന്തികമായി എന്നേക്കും ജീവിക്കുന്നവനായ ഈശോയുടെ ഉയിർപ്പിനൊരുക്കമായ തപസ്സുകാലമാണ്; ഉത്ഥിതനെ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്ന കാത്തിരിപ്പുകാലമാണന്ന ചിന്തയാണ് നാല്പതാംവെള്ളി വിശ്വാസികൾക്ക് നൽകുന്നത്.നാല്പതാം വെള്ളി ആചരണം കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ്.
പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണ്. അതിനാല്‍ വിഭൂതി തിങ്കളാഴ്ച്ച മുതല്‍ 40 നാള്‍ എന്ന് കണക്കു കൂട്ടിയെടുക്കുന്ന ദിനമാണ് നാല്പതാം വെള്ളി എന്നറിയപ്പെടുന്നത് . സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും. ഒരു നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു.പിന്നീട് അമ്പത് ദിവസം നോയമ്പ് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു ഏകീകരിക്കപ്പെട്ടപ്പോഴും നാല്പതാം വെള്ളിയും അതിന്റെ പ്രസക്തിയും നഷ്ടമായിരുന്നില്ല. നസ്രാണി പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ്.കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിച്ച ദിനം ) ഓശാന ഞായറും…..പ്രവാസി അപ്പോസ്റ്റലേറ്റ് വചന ധ്യാന ദിനമായി ആചരിക്കുന്ന നാല്പതാം വെള്ളിയാഴ്ച ഈശോയുടെ പീഡാനുഭവ സ്‌മരണകൾ ഉണർത്തുന്ന കുരിശിന്റെ വഴിയും ആരാധനയും നടത്തപ്പെടുന്നുണ്ട്. ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഈ വചനധ്യാനം ഇന്ത്യൻ സമയം 6 :30 നു ആരംഭിക്കും. പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം , അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങൾ. ഗൾഫ് കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും..



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group